മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയെ സാൻ ഡിഗോ സമനിലയിൽ തളച്ചിരുന്നു. മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു.
മത്സരം സമനിലയായെങ്കിലും ഇതിഹാസ താരം ലയണൽ മെസിയുടെ മിന്നും പ്രകടനത്തിനാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ ഒരു ഗോൾ നേടിയാണ് മെസി തിളങ്ങിയത്.
ഒരു തകർപ്പൻ ഫ്രീ കിക്ക് ഗോൾ നേടിയാണ് മെസി അത്ഭുതപ്പെടുത്തിയത്. മത്സരത്തിന്റെ 24ാം മിനിട്ടിലായിരുന്നു താരത്തിന്റെ മഴവിൽ ഗോൾ പിറന്നത്.
മെസിക്ക് പുറമെ ലൂയി സുവാരസും മയാമിക്കായി ഗോൾ നേടി. ആൻഡേഴ്‌സ് ഡ്രെയറാണ് സാൻ ഡിഗോക്ക് വേണ്ടി ഇരട്ട ഗോൾ നേടി തിളങ്ങിയത്.
മത്സരത്തിൽ നേടിയ ഗോളിന് പിന്നാലെ ഫുട്‌ബോളിലെ തന്റെ ഗോൾ നേട്ടം 930 ആക്കി ഉയർത്താനും മെസിക്ക് സാധിച്ചു. ഫുട്‌ബോളിൽ ഇത്രയധികം ഗോൾ നേട്ടത്തിൽ എത്തുന്ന പ്രായം കുറഞ്ഞ താരമാണ് മെസി. 39 വയസും 88 ദിവസവും പ്രായമുള്ളപ്പോഴാണ് മെസിയുടെ ഈ നേട്ടം.
പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്നുകൊണ്ടാണ് മെസിയുടെ കുതിപ്പ്. ഇതുവരെ ഫുട്‌ബോളിൽ 979 ഗോളുകൾ അടിച്ചുകൂട്ടിയ റൊണാൾഡോ 40 വയസും 58 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു 930 ഗോളുകൾ നേടിയിരുന്നത്.
ഫുട്‌ബോളിൽ ഏറ്റവും വേഗത്തിൽ 930 ഗോളുകൾ പൂർത്തിയാക്കുന്ന താരവും മെസി തന്നെയാണ്. 1176 മത്സരങ്ങളിൽ നിന്നുമാണ് മെസിയുടെ ഈ നേട്ടം. മറുവശത്ത് റൊണാൾഡോ 1272 മത്സരങ്ങളിൽ നിന്നുമായിരുന്നു 930 ഗോളുകൾ അടിച്ചുകൂട്ടിയത്. റൊണാൾഡോയെക്കാൾ കുറവ് മത്സരങ്ങൾ കളിച്ചാണ് മെസി ഈ നേട്ടം കൈപ്പിടിയിലാക്കിയതെന്നത് ശ്രദ്ധേയമാണ്.
നിലവിൽ ഇരു ഇതിഹാസതാരങ്ങളും ആയിരം ഗോളുകൾ എന്ന ചരിത്ര നേട്ടത്തിലേക്കാണ് കണ്ണുവെക്കുന്നത്. 21 ഗോളുകൾ കൂടി സ്വന്തമാക്കിയാൽ റൊണാൾഡോക്ക് ഫുട്‌ബോളിലെ ഈ മാന്ത്രിക സംഖ്യയിലേക്ക് നടന്നുകയറാൻ സാധിക്കും. മറുഭാഗത്ത് മെസിക്ക് ആയിരം ഗോളുകൾ എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്താൻ ഇനി 70 ഗോളുകൾ കൂടി ആവശ്യമാണ്.
Content Highlight: Lionel Messi break Cristiano Ronaldo record in football