നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ കടന്നിരിക്കുകയാണ്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അരങ്ങേറ്റക്കാരായ കേപ്പ് വെര്‍ദെയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മെസിപട വിജയം സ്വന്തമാക്കിയത്. എക്‌സ്ട്രാ ടൈമിലെ ഗോളിലൂടെയാണ് ടീമിന്റെ വിജയം.
മത്സരത്തില്‍ അര്‍ജന്റീനയുടെ ആദ്യ ഗോള്‍ വലയിലെത്തിച്ചത് ക്യാപ്റ്റന്‍ ലയണല്‍ മെസിയാണ്. 29ാം മിനിട്ടിലായിരുന്നു താരം ടീമിനെ മുന്നിലെത്തിച്ചത്.
ലൗട്ടാരോ മാര്‍ട്ടിനസിന്റെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.
ലയണൽ മെസി. Photo: Sudanalytics/x.com
ഈ മത്സരത്തിലും ഗോള്‍ നേടിയതോടെ ഒരു സൂപ്പര്‍ നേട്ടവും മെസി സ്വന്തമാക്കി. ലോകകപ്പില്‍ തുടര്‍ച്ചയായി എട്ട് മത്സരങ്ങളില്‍ ഗോള്‍ അടിക്കുന്ന ആദ്യ താരം എന്ന പട്ടമാണ് മിശിഹ ചാര്‍ത്തിയത്. 2022 ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ തുടങ്ങിയ മെസിയുടെ ഗോള്‍ വേട്ടയുടെ തുടക്കം.
ആ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്സിനെതിരെയും സെമിയില്‍ ക്രൊയേഷ്യക്കെതിരെയും മെസി ഒരു തവണ വീതം വല കുലുക്കി. ഫൈനലില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്റൈന്‍ ഇതിഹാസം രണ്ട് ഗോളുകളും അടിച്ചെടുത്തു.
ഈ ലോകകപ്പില്‍ അള്‍ജീരിയക്കെതിരെ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടി വരവറിയിച്ച മെസി രണ്ടാം മത്സരത്തില്‍ ഓസ്ട്രിയക്കെതിരെ ഇരട്ട ഗോള്‍ നേടിയാണ് തിളങ്ങിയത്. പിന്നാലെ ജോര്‍ദാനെതിരെയും മിശിഹ ലക്ഷ്യം കണ്ടു. ഇപ്പോള്‍ ഈ മത്സരത്തിലും എതിരാളികളുടെ വലയില്‍ പന്തെത്തിച്ചതോടെയാണ് മെസി പുതിയ നേട്ടം കുറിച്ചത്.
അതേസമയം, മത്സരത്തില്‍ മെസിക്ക് പുറമെ അര്‍ജന്റീനന്‍ നിരയില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസും വല കുലുക്കി. 92ാം മിനിട്ടില്‍ അലക്‌സിസ് മാക് അലിസ്റ്ററുടെ അസിസ്റ്റിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഒപ്പം കേപ്പ് വെര്‍ദെയുടെ ഡൈനിയുടെ സെല്‍ഫ് ഗോളും മെസിപ്പടയ്ക്ക് തുണയായി.
കേപ്പ് വെര്‍ദെക്ക് വേണ്ടി ഡെറോയ് ഡുവര്‍ട്ടെയും സിഡ്‌നി ലോപ്‌സ് കാബ്രല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. 59, 103 മിനിട്ടുകളിലായിരുന്നു ഈ ഗോളുകള്‍ പിറന്നത്.
Content Highlight: Lionel Messi became first player to score eight consecutive matches in FIFA World Cup history