| Thursday, 19th March 2026, 9:08 am

900*, തോല്‍വിയിലും ചിരിച്ച് മെസി; റോണോയും വീണു!

ഫസീഹ പി.സി.

കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പില്‍ നിന്ന് പുറത്തായി ഇന്റര്‍ മയാമി. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ നാഷ്വില്ലിനോട് സമനില വഴങ്ങിയതോടെയാണ് ടീം പുറത്തായത്. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ച് സമനില പാലിക്കുകയായിരുന്നു.

നേരത്തെ ആദ്യ പാദത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗോള്‍ രഹിത സമനിലയായിരുന്നു ഫലം. രണ്ടാം പാദവും സമനിലയിലെത്തിയതോടെ എവേ ഗോളിന്റെ ബലത്തില്‍ നാഷ്വില്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.

മത്സരത്തില്‍ ഇന്റര്‍ മയാമിക്കായി ആശ്വാസ ഗോള്‍ നേടിയത് സൂപ്പര്‍ താരം ലയണല്‍ മെസിയാണ്. ഏഴാം മിനിട്ടിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. ഇതോടെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിടാനും താരത്തിന് സാധിച്ചു.

കരിയറില്‍ 900 ഗോളുകള്‍ എന്ന നേട്ടമാണ് മെസി തന്റെ പേരില്‍ എഴുതി ചേര്‍ത്തത്. വെറും 1142 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇതില്‍ 115 ഗോളുകള്‍ താരം നേടിയത് അര്‍ജന്റൈന്‍ ജേഴ്‌സിയണിഞ്ഞാണ്. 196 മത്സരങ്ങളില്‍ ദേശീയ ടീമിനായി കളിച്ചാണ് ഇത്രയും ഗോള്‍ അടിച്ചത്.

തന്റെ ഗോളുകളില്‍ ഏറിയ പങ്കും മെസി അടിച്ചത് ബാഴ്സലോണക്കായി ബൂട്ടുകെട്ടിയാണ്. കറ്റാലന്‍ പടക്കായി 778 മത്സരങ്ങളില്‍ കളിച്ച താരം 672 ഗോളുകളാണ് അടിച്ചത്. പിന്നീട് പി.എസ്.ജിയിലെത്തിയ താരം 75 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകളും നേടി. ഇന്റര്‍ മയാമിക്കായി 93 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 81 ഗോളുകളും വലയിലെത്തിച്ചു.

ഈ സൂപ്പര്‍ മൈല്‍സ്റ്റോണില്‍ എത്തുന്നതിനൊപ്പം തന്നെ മെസി മറ്റൊരു നേട്ടവും കുറിച്ചു. 900 ഗോളുകള്‍ വേഗത്തില്‍ നേടുന്ന താരമെന്ന പട്ടമാണ് മിശിഹാ സ്വന്തമാക്കിയത്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നാണ് ഈ നേട്ടം. 1238 മത്സരങ്ങളില്‍ പന്ത് തട്ടിയാണ് റോണോ ഈ സ്‌പെഷ്യല്‍ നാഴികക്കല്ലിലേക്ക് എത്തിയത്. മെസി ഏകദേശം 100 മത്സരങ്ങള്‍ കുറവ് കളിച്ചാണ് ഈ നേട്ടമെഴുതിയത്.

Content Highlight: Lionel Messi became fastest to score 900 career by surpassing Cristiano Ronaldo

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more