| Saturday, 4th July 2026, 2:17 pm

79 വയസുള്ള അപൂര്‍വ ഗോള്‍; ചരിത്രം കുറിച്ച് മെസിയും വോസിന്‍ഹയും

സുദേവ് എ

2026 ഫിഫ ലോകകപ്പില്‍ കേപ്പ് വെര്‍ദെയെ വീഴ്ത്തി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുകയാണ്. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം. ആഫ്രിക്കന്‍ കുഞ്ഞന്‍ ടീമിന്റെ പോരാട്ടവീര്യത്തില്‍ വിറച്ചെങ്കിലും അര്‍ജന്റീന ജയിച്ചു കയറുകയായിരുന്നു.

മത്സരത്തില്‍ ഒരു ചരിത്ര നിമിഷത്തിന് കൂടിയാണ് മയാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ അര്‍ജന്റീനക്കായി നായകന്‍ ലയണല്‍ മെസിയുടെ ഗോള്‍ പിറന്നതോടെയാണ് അപൂര്‍വ നിമിഷം പിറവിയെടുത്തത്.

കേപ്പ് വെര്‍ദെ ഗോള്‍ കീപ്പര്‍ വോസിന്‍ഹയെ മറികടന്ന് പന്ത് വലയില്‍ എത്തിയതോടെ ലോകകപ്പില്‍ ഗോള്‍ നേടിയ ഏറ്റവും പ്രായം കൂടിയ സ്‌കോറര്‍-ഗോള്‍കീപ്പര്‍ ജോഡിയാവാനും മെസിക്കും വോസിന്‍ഹക്കും സാധിച്ചു. 39കാരനായ മെസി 40കാരനായ വോസിന്‍ഹയുടെ പോസ്റ്റിലേക്ക് ഗോള്‍ നേടിയത്. 79 വര്‍ഷവും 61 ദിവസവും പ്രായമാണ് ഈ ഗോളിന് രേഖപ്പെടുത്തിയത്.

മുന്‍ കാമറൂണ്‍ താരം ഇമ്മാനുവല്‍ കുണ്ടെയുടെയും മുന്‍ ഇംഗ്ലീഷ് താരം പീറ്റര്‍ ഷില്‍ട്ടണിന്റെയും പേരിലുണ്ടായിരുന്ന റെക്കോഡാണ് തകര്‍ന്ന് വീണത്. 1190 ലോകകപ്പില്‍ മുന്‍ കാമറൂണ്‍ താരം ഷില്‍ട്ടണിന്റെ പോസ്റ്റിലേക്ക് ഗോളടിക്കുമ്പോള്‍ ഷില്‍ട്ടന് 40 വയസും കുണ്ടെക്ക് 33 വയസുമായിരുന്നു പ്രായം. 74 വയസുള്ള ഗോളായിരുന്നു അന്ന് പിറന്നത്.

മത്സരത്തിന്റെ 29ാം മിനിട്ടില്‍ ലൗട്ടരോ മാര്‍ട്ടിനസ് നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു മെസി അര്‍ജന്റീനക്ക് വേണ്ടി ലീഡ് സ്വന്തമാക്കിയത്. മെസിയുടെ ഗോളില്‍ ആദ്യ പകുതി സ്വന്തമാക്കിയ അര്‍ജന്റീനക്കെതിരെ രണ്ടാം പകുതിയില്‍ കേപ്പ് വെര്‍ദെ സമനില പിടിച്ചു. 59ാം മിനിട്ടില്‍ ഡെറോയ് ഡുവര്‍ട്ടെയാണ് ബ്ലൂ ഷാര്‍ക്കിനെ അര്‍ജന്റീനക്കൊപ്പം എത്തിച്ചത്.

പിന്നാലെ അര്‍ജന്റീന ശക്തമായ മുന്നേറ്റങ്ങളുമായി കേപ്പ് വെര്‍ദെയുടെ ബോക്സിലെത്തിയെങ്കിലും വൊസീഞ്ഞ മികച്ച സേവുകള്‍ നടത്തി കളം നിറഞ്ഞു. ഒടുവില്‍ നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതംനേടി തുല്യത പാലിച്ചതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി.

എക്സ്ട്രാ ടൈമില്‍ രണ്ടാം മിനിട്ടില്‍ തന്നെ അര്‍ജന്റീന വീണ്ടും മുന്നിലെത്തി. ലിസാന്‍ഡ്രോ മാര്‍ട്ടിനസാണ് അര്‍ജന്റീന മുന്നിലെത്തിച്ചത്. എന്നാല്‍ 103ാം മിനിട്ടില്‍ സിഡ്നി ലോപ്സ് കാബ്രലാണ് കേപ്പ് വെര്‍ദെക്കായി ഗോള്‍ നേടിയത്.

എന്നാല്‍ 111ാം മിനിട്ടില്‍ ഡിനെയുടെ ഓണ്‍ ഗോളിലൂടെ കേപ്പ് വെര്‍ദെക്കെതിരെ അര്‍ജന്റീന മുന്നിലെത്തി. ശേഷിക്കുന്ന സമയത്തും ഇരുടീമുകളും ആക്രമണങ്ങളുമായി ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അര്‍ജന്റീന വിജയം പിടിച്ചെടുത്തു.

Content Highlight: Lionel Messi and Vozinha create a rare record in world cup

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more