| Tuesday, 30th December 2025, 11:31 am

എയ്ജ് ഈസ് ജസ്റ്റ് എ നമ്പര്‍; 2025ലും വിരുന്നൊരുക്കിയ മെസി - റോണോ മാജിക്

ഫസീഹ പി.സി.

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് അവിസ്മരണീയമായ ഓര്‍മ്മകള്‍ സമ്മാനിച്ച് മറ്റൊരു വര്‍ഷം കൂടി കടന്നുപോവുകയാണ്. ഏതൊരു വര്‍ഷത്തെയും പോലെ 2025ലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് പേരാണ് ഇതിഹാസങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരും യൂറോപ്പിലെ ടോപ് ലീഗുകളില്‍ നിന്ന് വിട്ടുമാറിയിട്ടും ഫുട്‌ബോള്‍ ആരാധകരിപ്പോഴും ഇവര്‍ക്ക് പിന്നാലെ തന്നെയാണ്.

അതുകൊണ്ട് തന്നെ ആരാധകരുടെ പ്രിയ റോണോയും ലിയോയും കളിക്കളത്തില്‍ വിരുന്നാണ് കാല്പന്തുകളിയെ സ്‌നേഹിക്കുന്നവര്‍ക്കായി ഒരുക്കിയത്. ലാലിഗയിലോ പ്രീമിയര്‍ ലീഗിലോ കളിക്കുന്നില്ലെങ്കിലും ഇരുവരും തങ്ങളെ ഗോള്‍ വേട്ട തുടര്‍ന്നു. അതാകട്ടെ ക്ലബ്ബിനായി മാത്രമായിരുന്നില്ല, സ്വന്തം രാജ്യത്തിനായി ബൂട്ടണിഞ്ഞ് കൂടിയാണ്.

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.Photo: Football Talk/x.com

2025ല്‍ റൊണാള്‍ഡോയും മെസിയും 40ലധികം ഗോളുകളാണ് തങ്ങളുടെ അക്കൗണ്ടിലെത്തിച്ചത്. ഈ വര്‍ഷത്തെ ഗോള്‍ വേട്ടയില്‍ മുന്നിലുള്ളത് മെസിയാണ്. ഗോളിന്റെ കാര്യത്തില്‍ മാത്രമല്ല മിശിഹ ഒന്നാമതുള്ളത്, അസിസ്റ്റുകളുടെ എണ്ണത്തില്‍ കൂടിയാണ്.

ലയണല്‍ മെസി

ആരാധകരുടെ പ്രിയ മിശിഹ അര്‍ജന്റീനക്കായും ഇന്റര്‍ മയാമിക്കായും കളത്തില്‍ ഇറങ്ങി 2025ല്‍ 46 ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. അതാകട്ടെ താരം വലയിലെത്തിച്ചത് 54 മത്സരങ്ങളില്‍ കളിച്ചാണ്. ഇതിനൊപ്പം താരം 28 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

ലയണൽ മെസി എം.എൽ.എസ് കപ്പുമായി. Photo: 𝐂𝐀 𝐕𝐀?/x.com

ഈ ഗോളില്‍ ഏറിയ പങ്കും വലയിലെത്തിച്ചത് തന്റെ ക്ലബ്ബായ ഇന്റര്‍ മയാമിക്കായി കളിച്ചാണ്. ദി ഹെറോണ്‍സിനായി ഈ വര്‍ഷം 49 മത്സരത്തില്‍ കളത്തിലിറങ്ങി 43 തവണയാണ് വല കുലുക്കിയത്. ഒപ്പം 25 അസിസ്റ്റുകളും തന്റെ അക്കൗണ്ടിലെത്തിച്ചു.

മെസി 2025ല്‍ അഞ്ച് മത്സരങ്ങളിലാണ് അര്‍ജന്റീനിയന്‍ ജേഴ്‌സി അണിഞ്ഞ് പന്ത് തട്ടിയത്. അതില്‍ മൂന്ന് വീതം ഗോള്‍ നേടി. അത്രതന്നെ അസിസ്റ്റുകളും തന്റെ പേരിലാക്കുകയും ചെയ്തു.

ഗോളടിയില്‍ മാത്രമല്ല, മെസിയ്ക്ക് ഈ വര്‍ഷം മികച്ചതാവുന്നത്. അര്‍ജന്റീനക്കായി കപ്പുകള്‍ നേടാനായില്ലെങ്കിലും എം.എല്‍.എസില്‍ ഒരു മേജര്‍ കിരീടം സ്വന്തമാക്കാനായി. ആദ്യ എം.എല്‍.എസ് കിരീടവും തന്റെ കരിയറിലെ 48ാം കിരീടവും മെസിയ്ക്ക് സ്വന്തമാക്കാനായി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റോണോയെ സംബന്ധിച്ചും മികച്ചൊരു വര്‍ഷമായിരുന്നു 2025. താരം ഈ വര്‍ഷം അടിച്ച് കൂട്ടിയത് 40 ഗോളുകളാണ്. 45 മത്സരങ്ങളില്‍ കളിച്ചാണ് താരത്തിന്റെ ഈ നേട്ടം. ഇതിനൊപ്പം തന്നെ നാല് അസിസ്റ്റുകളും താരം തന്റെ പേരില്‍ എഴുതി ചേര്‍ത്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോ നേഷൻസ് ലീഗുമായി. Photo: MT2/x.com

പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ ഗോള്‍ വേട്ടയില്‍ അധിക പങ്കും സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസ്‌റിനായാണ് നേടിയത്. ടീമിനായി 36 കളികളില്‍ ഇറങ്ങി 32 തവണയാണ് താരം വല കുലുക്കിയത്. ഈ വര്‍ഷത്തെ താരത്തിന്റെ നാല് അസിസ്റ്റും അല്‍ അല്‍മിക്ക് വേണ്ടിയായിരുന്നു.

റോണോ ദേശീയ ടീമിനായി ഈ വര്‍ഷം ഒമ്പത് മത്സരങ്ങളാണ് കളിക്കാന്‍ ഇറങ്ങിയത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകളും താരം തന്റെ അക്കൗണ്ടില്‍ എത്തിച്ചു. ഇപ്പോള്‍ ഗോള്‍ നേട്ടത്തില്‍ 1000 എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്.

ഗോള്‍ വേട്ടക്കിടെ പോര്‍ച്ചുഗലിനൊപ്പം ഒരു കിരീടത്തിലും റോണോ മുത്തമിട്ടു. മറ്റേതുമല്ല, 2024 -25 സീസണിലെ യുവേഫ നേഷന്‍സ് ലീഗായിരുന്നു അത്. കലാശപ്പോരില്‍ സ്പാനിഷ് ടീമിനെ തോല്‍പ്പിച്ചായിരുന്നു ഈ നേട്ടം.

Content Highlight: Lionel Messi’s and Cristiano Ronaldo’s performance in calendar year 2025

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more