| Tuesday, 31st October 2023, 9:11 am

'ഹാലണ്ട്, ഇത് നിങ്ങള്‍ നേടേണ്ടതായിരുന്നു'; ബാലണ്‍ ഡി ഓര്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

2023ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി സ്വന്തമാക്കിയിരിക്കുകയാണ്. കരിയറിലെ എട്ടാമത്തെ ബാലണ്‍ ഡി ഓറാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. മെസിക്ക് ശക്തമായ പോരാട്ടം നല്‍കിയിരുന്നത് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തിയ നോര്‍വീജന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ട് ആണ്.

പുര്‌സ്‌കാരം വേദിയില്‍ മെസി ഹാലണ്ടിനെക്കുറിച്ച് പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധനേടുകയാണിപ്പോള്‍. ഹാലണ്ടാണ് ബാലണ്‍ ഡി ഓര്‍ നേടേണ്ടിയിരുന്നതെന്നും അടുത്ത വര്‍ഷം അവാര്‍ഡ് തീര്‍ച്ചയായും ഹാലണ്ടിനെ തടിയെത്തുമെന്നുമാണ് മെസി പറഞ്ഞത്.

‘ബാലണ്‍ ഡി ഓര്‍ ഹാലണ്ട് വളരെയധികം അര്‍ഹിക്കുന്നുണ്ട്. അദ്ദേഹം പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലുമെല്ലാം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇന്ന് ഈ അവാര്‍ഡ് ഹാലണ്ടിന്റേത് കൂടിയാണ്. എനിക്കുറപ്പുണ്ട്, അടുത്ത വര്‍ഷം തീര്‍ച്ചയായും ഈ അവാര്‍ഡ് നിങ്ങളുടെ കൈകളിലെത്തിച്ചേരുമെന്ന്,’ മെസി പറഞ്ഞു.

കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് മെസിക്ക് ബാലണ്‍ ഡി ഓര്‍ നേടിക്കൊടുത്തത്. അതേസമയം, ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്.

പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്. പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

Content Highlights: Lionel Messi about Erling Haaland after winning Ballon d’Or

Latest Stories

We use cookies to give you the best possible experience. Learn more