| Monday, 21st September 2026, 1:14 pm

അർജന്റീനയടക്കം അഞ്ച്‌ രാജ്യങ്ങൾ ഒപ്പമുണ്ട്; ഒമ്പതാം തവണയും മെസി തൂക്കുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

2026 ബാലൺ ഡി ഓർ അവാർഡ് ജേതാവ് ആരായിരിക്കുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ബാലൺ ഡി ഓർ നേടാൻ സാധ്യതയുള്ള 30 താരങ്ങളുടെ നോമിനേഷൻ പട്ടിക അടുത്തിടെ പുറത്തുവിട്ടിരുന്നു. അർജന്റൈൻ ഇതിഹാസം ലയണൽ മെസിയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

ഇപ്പോൾ മെസിയുടെ ബാലൺ ഡി ഓർ സാധ്യതകൾ വർധിപ്പിക്കുന്ന
ഒരു വമ്പൻ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ബാലൺ ഡി ഓർ പുരസ്കാരത്തിൽ മെസിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്താൻ പോവുന്ന രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

അർജന്റീനക്ക് പുറമെ ഇക്വഡോർ, വെനസ്വേല, കാമറൂൺ, കേപ് വെർദെ എന്നീ രാജ്യങ്ങളുടെ വോട്ടുകളാണ് മെസിക്ക് ലഭിക്കുക. ഈ വമ്പൻ റിപ്പോർട്ട് പുറത്തെത്തിയതിന് പിന്നാലെ മെസി ഒമ്പതാം ബാലൺ ഡി ഓർ നെടുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.

2026 ലോകകപ്പിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് മെസിയെ വീണ്ടും ബാലൺ ഡി ഓർ പട്ടികയിൽ ഉൾപ്പെടുത്തിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി തിളങ്ങിയത്.

വീണ്ടും ബാലൺ ഡി ഓർ പട്ടികയിൽ ഇടം പിടിച്ചതോടെ ഫുട്‌ബോൾ ചരിത്രത്തിൽ ഒരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു ചരിത്ര നേട്ടമാണ് മെസി കൈപ്പിടിയിലാക്കിയത്.

ബാലൺ ഡി ഓർ ചരിത്രത്തിൽ ആദ്യ നോമിനേഷനും അവസാന നോമിനേഷനും ഇടയിൽ 20 വർഷത്തെ വ്യത്യാസം പൂർത്തിയാക്കുന്ന ആദ്യ താരമായാണ് മെസി മാറിയത്.

2006ലാണ് മെസി ആദ്യമായി ബാലൺ ഡി ഓർ പട്ടികയിൽ ഇടം നേടിയത്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയ്ക്ക് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെയായിരുന്നു 19ാം വയസിൽ മെസി നോമിനേഷനിൽ ഇടം നേടിയത്.

ഇപ്പോൾ 2026ൽ തന്റെ 39ാം വയസിലും മെസി ബാലൺ ഡി ഓർ ലിസ്റ്റിൽ ഇടം നേടിയതോടെയാണ് ഈ ചരിത്രനേട്ടം അർജന്റൈൻ ഇതിഹാസത്തിനെ തേടിയെത്തിയത്.

ഏറ്റവും കൂടുതൽ തവണ ബാലൺ ഡി ഓർ സ്വന്തമാക്കിയ താരവും മെസി തന്നെയാണ്. എട്ട് തവണയാണ് മെസി ഈ നേട്ടം സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015, 2019, 2021, 2023 എന്നീ വർഷങ്ങളിലായിരുന്നു മെസി ബാലൺ ഡി ഓർ സ്വന്തമാക്കിയിരുന്നത്.

ഇത്തവണ ലണ്ടനിൽ വെച്ചാണ് ബാലൺ ഡി ഓർ ചടങ്ങ് നടക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ബാലൺ ഡി ഓർ ചടങ്ങ് പാരീസിന് പുറത്ത് വെച്ച് നടക്കുന്നത്. 1956ലെ ബാലൺ ഡി ഓർ ജേതാവായ സർ സ്റ്റാൻലി മാത്യുസിനോടുള്ള ആദരസൂചകമായാണ് ഇത്തവണത്തെ ബാലൺ ഡി ഓർ ചടങ്ങ് നടക്കുക.

Content Highlight: Lionel Messi 2026 Ballon d or winning chances

We use cookies to give you the best possible experience. Learn more