| Saturday, 30th August 2025, 11:09 am

കേരളത്തിന്റെ തൊഴില്‍ ശക്തിയില്‍ വന്‍ കുതിപ്പ്; പ്രൊഫഷണല്‍ ടാലെന്റില്‍ 172% വര്‍ദ്ധനവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തിന്റെ തൊഴില്‍ ശക്തിയില്‍ വലിയ വളര്‍ച്ചയുണ്ടായതായി ലിങ്ക്ഡിന്‍ ടാലെന്റ് ഇന്‍ഡക്‌സിന്റെ റിപ്പോര്‍ട്ട്.

സംസ്ഥാനത്തിന്റെ പ്രൊഫഷണല്‍ ടാലെന്റ് 172% വര്‍ദ്ധിച്ച്, ഇന്ത്യയിലെ ഏറ്റവും വലിയ ഒമ്പതാമത്തെ തൊഴില്‍ ശക്തിയായി കേരളം മാറിയെന്ന് ‘സ്‌കില്‍ കേരളാ ഗ്ലോബല്‍ സമ്മിറ്റ്’ വേദിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്.

റിപ്പോര്‍ട്ട് പ്രകാരം, കേരളത്തിലെ തൊഴില്‍ മേഖലയുടെ 40% കേന്ദ്രീകരിച്ചിരിക്കുന്നത് കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് എന്നീ നഗരങ്ങളിലാണ്.

സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍, അക്കൗണ്ടന്റുമാര്‍, അധ്യാപകര്‍ എന്നിവരാണ് പ്രധാന തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍.

കേരളത്തിലെ തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. സംസ്ഥാനത്തെ തൊഴില്‍ ശക്തിയുടെ 37% വനിതകളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദേശീയ ശരാശരി 30% മാത്രമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് യു.എ.ഇ.യില്‍ നിന്ന് വിദഗ്ദ്ധരായ പ്രൊഫഷണലുകള്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്നു എന്നതും റിപ്പോര്‍ട്ടിലെ ഒരു പ്രധാന കണ്ടെത്തലാണ്.

യു.എ.ഇ.യില്‍ നിന്ന് മാത്രം 52% പേര്‍ തിരിച്ചെത്തി. ബിസിനസ് ഓപ്പറേഷന്‍, ഫിനാന്‍സ്, സംരംഭകത്വം എന്നീ മേഖലകളില്‍ അനുഭവസമ്പത്തുള്ളവരാണ് ഇത്തരത്തില്‍ തിരികെ എത്തുന്നത്.

കൂടാതെ, കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര കുടിയേറ്റവും കേരളത്തിലെ ഇന്നൊവേഷന്‍, ടെക്‌നോളജി മേഖലകള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു.

കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍, നോളജ് ഇക്കണോമി മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളിലൂടെ നൈപുണ്യ വികസനത്തിന് ലഭിച്ച ഊന്നല്‍ ഈ വളര്‍ച്ചയ്ക്ക് സഹായകമായി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫിനാന്‍ഷ്യല്‍ പ്ലാനിംങ് , ഡാറ്റാ അനാലിസിസ് തുടങ്ങിയ ഡിജിറ്റല്‍ പരിശീലനങ്ങളില്‍ പങ്കെടുത്തവരുടെ എണ്ണം ഇരട്ടിയായി. ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Content Highlight: LinkedIn Talent Index report shows significant growth in Kerala’s workforce

Latest Stories

We use cookies to give you the best possible experience. Learn more