| Sunday, 12th July 2026, 9:41 pm

കിരീടം എത്രതവണ കണ്ടിട്ടുണ്ടെന്ന് എനിക്ക് പോലുമറിയില്ല, അതിലെ ഒരു സീന്‍ ഞാന്‍ എന്റെ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്: ലിംഗുസാമി

അമര്‍നാഥ് എം.

മലയാളത്തിന് ഒരുപാട് സംവിധായകരെ സമ്മാനിച്ചയാളാണ് മമ്മൂട്ടി. അദ്ദേഹം തമിഴ് ഇന്‍ഡസ്ട്രിക്കും ഒരു വലിയ സംവിധായകനെ സമ്മാനിച്ചിട്ടുണ്ട്. ആനന്ദം എന്ന ചിത്രത്തിലൂടെ മമ്മൂട്ടി കോളിവുഡിന് പരിചയപ്പെടുത്തികൊടുത്ത സംവിധായകനാണ് ലിംഗുസാമി. പിന്നീട് തമിഴില്‍ ഒരുപിടി സൂപ്പര്‍ഹിറ്റുകള്‍ ലിംഗുസാമി സമ്മാനിച്ചു.

സണ്ടക്കോഴി, റണ്‍, പയ്യ തുടങ്ങി സൂപ്പര്‍ഹിറ്റുകള്‍ അണിയിച്ചൊരുക്കിയ ലിംഗുസാമിക്ക് അഞ്ചാന്‍ മുതല്‍ പിഴവുകള്‍ സംഭവിച്ചു. കൊടുത്ത ഹൈപ്പിന് നീതി പുലര്‍ത്താന്‍ അഞ്ചാന് സാധിച്ചില്ല. പിന്നീടൊരുക്കിയ സിനിമകളൊന്നും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. ലിംഗുസാമിയുടെ കരിയറിലെ ആദ്യ ബ്ലോക്ക്ബസ്റ്ററായിരുന്നു റണ്‍. അതുവരെ ചോക്ലേറ്റ് ഹീറോയായിരുന്ന മാധവന്‍ ആക്ഷന്‍ ഹീറോയായി മാറിയ റണ്‍ റീ റിലീസായിരിക്കുകയാണ്.

ലിംഗുസാമി Photo: Screen grab/ Galatta Plus

സംവിധായകനാകുന്നതിന് മുമ്പ് താന്‍ മലയാള സിനിമകള്‍ ധാരാളമായി കാണുമായിരുന്നെന്ന് പറയുകയാണ് ലിംഗുസാമി. കണ്ട മലയാള സിനിമകളെല്ലാം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ നായകനായ കിരീടം അത്തരത്തിലൊന്നാണെന്നും മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായിരുന്നു അതെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളത്തില്‍ ക്ലാസിക് എന്ന് കണ്ണുംപൂട്ടി പറയാവുന്ന സിനിമകളിലൊന്നാണ് കിരീടം. എത്രതവണയാണ് ആ സിനിമ കണ്ടിട്ടുള്ളതെന്ന് എനിക്ക് പോലുമറിയില്ല. മോഹന്‍ലാല്‍ സാറിന്റെ ഗംഭീര പെര്‍ഫോമന്‍സാണ് ആ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അതിലെ ഒരു സീന്‍ ഞാന്‍ റണ്ണില്‍ ഉപയോഗിച്ചിട്ടുണ്ട്. കിരീടത്തില്‍ റൗഡിയായ വില്ലന്‍ നായകന്റെ വീട്ടില്‍ കയറി അക്രമിക്കുന്നുണ്ട്.

റണ്ണിലും ഇതേ സീന്‍ കാണാന്‍ സാധിക്കും. വില്ലന്‍ കഥാപാത്രം വലിയ ആളാണെന്ന് പറയുമ്പോള്‍ ‘അവന് എന്താ രണ്ട് ഹൃദയമുണ്ടോ, ഒന്നല്ലേയുള്ളൂ. കുത്തിയാല്‍ ചോര വരുമല്ലോ’ എന്ന് പറയുന്നുണ്ട്. കിരീടത്തില്‍ ഇതുപോലൊരു ഡയലോഗ് നായകന്‍ പറയുന്നുണ്ട്. റണ്‍ റീ റിലീസ് ചെയ്യുന്ന അതേ സമയത്ത് കിരീടവും റീ റിലീസ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞു. അതൊരു കോ ഇന്‍സിഡന്‍സാണ്,’ ലിംഗുസാമി പറഞ്ഞു.

അലൈപായുതേ, മിന്നലേ തുടങ്ങിയ റൊമാന്റിക് ചിത്രങ്ങള്‍ ചെയ്തിരുന്ന മാധവന്‍ ലിംഗുസാമിയുമായി കൈകോര്‍ത്തപ്പോള്‍ ബ്ലോക്ക്ബസ്റ്ററായിരുന്നു പിറന്നത്. മീര ജാസ്മിനായിരുന്നു ചിത്രത്തിലെ നായിക. വിദ്യാസാഗര്‍ ഈണമിട്ട പാട്ടുകളെല്ലാം ചാര്‍ട്ട്ബസ്റ്ററായി മാറി. റീ റിലീസിലും മികച്ച പ്രതികരണമാണ് റണ്‍ സ്വന്തമാക്കുന്നത്.

Content Highlight: Lingusamy saying he watched Kireedam movie many times

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more