കങ്കുവക്ക് മുമ്പ് സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഹൈപ്പില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അഞ്ചാന്‍. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാത്തതിനാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ശരാശരിയിലൊതുങ്ങി. 2014ല്‍ സോഷ്യല്‍ മീഡിയ അത്രകണ്ട് സജീവമല്ലാതിരുന്ന കാലത്ത് പോലും വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കായിരുന്നു അഞ്ചാന്‍ നേരിട്ടത്.
Lingusaamy Photo: Screen grab/ SS Music
11 വര്‍ഷങ്ങള്‍ക്ക് ശേഷം റീ എഡിറ്റ് ചെയ്ത വേര്‍ഷന്‍ വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യദിനം വലിയ രീതിയില്‍ കളക്ഷന്‍ ലഭിക്കാത്ത ചിത്രത്തിന് പിന്നീട് മികച്ച സ്വീകരണം ലഭിച്ചു. ആരാധകര്‍ക്കിടയില്‍ കള്‍ട്ട് സ്റ്റാറ്റസുള്ള അഞ്ചാനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലിംഗുസാമി. താന്‍ ആഗ്രഹിച്ച രീതിയില്‍ ചെയ്തുതീര്‍ക്കാനാകാത്ത ചിത്രമാണ് അഞ്ചാനെന്ന് ലിംഗുസാമി പറഞ്ഞു.
‘കഴിഞ്ഞ 11 വര്‍ഷത്തിനിടയില്‍ സൂര്യ സാറിനെ വളരെ സ്റ്റൈലിഷായി കണ്ടത് റോളക്‌സ് എന്ന കഥാപാത്രത്തിലാണ്. അതാണെങ്കിലോ, വളരെ ചെറിയ ഒരു റോളായിരുന്നു. ആ ചെറിയ സമയം കൊണ്ട് ആ കഥാപാത്രം ഉണ്ടാക്കിയ ഇംപാക്ട് വളരെ വലുതായിരുന്നു. അത്ഭുതപ്പെടുത്തിയ പെര്‍ഫോമന്‍സായിരുന്നു റോളക്‌സ് എന്ന കഥാപാത്രം. അപ്പോഴാണ് എനിക്ക് മറ്റൊരു കാര്യം ചിന്തയില്‍ വന്നത്.
Anjaan Photo: IMDB
സൂര്യ സാറിനെ ഇത്രയും ലുക്കില്‍ ഒരു മുഴുനീള സിനിമയില്‍ കാണണമെന്ന് ആരാധകര്‍ക്ക് ഇഷ്ടമുണ്ടായിരിക്കുമല്ലോ. അത് അവര്‍ക്ക് കിട്ടിയിട്ടേയില്ല. സ്‌റ്റൈലിഷ് ലുക്കില്‍ സൂര്യ സാറിനെ മുഴുനീള വേഷത്തില്‍ കാണാനുള്ള അവസരമായി അഞ്ചാനെ കണക്കാക്കാം. ആ സിനിമ വെറുതേ റി റീലിസ് ചെയ്തതല്ല, റീ എഡിറ്റ് ചെയ്താണ് വീണ്ടും തിയേറ്ററുകളിലെത്തിച്ചത്,’ ലിംഗുസാമി പറയുന്നു.
തമിഴില്‍ ആദ്യമായിട്ടാകും ഇത്തരത്തില്‍ ഒരു സിനിമ റീ എഡിറ്റ് ചെയ്ത് തിയേറ്ററുകളിലെത്തിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ട് മണിക്കൂര്‍ 36 മിനിറ്റുണ്ടായിരുന്ന സിനിമയെ രണ്ട് മണിക്കൂറിലേക്കാണ് താന്‍ ചുരുക്കിയതെന്നും ലിംഗുസാമി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു ലിംഗുസാമി.
‘അന്ന് റിലീസിന് മുമ്പ് എനിക്ക് ഈ സിനിമ ശരിക്ക് കാണാനുള്ള അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ചുകാലമായി പലരും എന്നോട് അഞ്ചാനെക്കുറിച്ച് സംസാരിക്കാറുണ്ട്. ‘നല്ല സിനിമയാണല്ലോ, എന്നിട്ടും എങ്ങനെ ഫ്‌ളോപ്പായി’ എന്നാണ് ചോദിക്കുന്നത്. അവര്‍ക്ക് വേണ്ടിയും അതുപോലെ അന്ന് എന്നെ വിശ്വസിച്ച് കൂടെ നിന്ന സൂര്യ സാറിന് വേണ്ടിയും ഈ പടം റീ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്’ ലിംഗുസാമി പറഞ്ഞു.
Content Highlight: Lingusamy about the re release of Anjaan movie