തമിഴില്‍ ഒരുപിടി വലിയ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ലിംഗുസാമി. സംവിധാനം ചെയ്ത സിനിമകളില്‍ ഭൂരിഭാഗവും ഹിറ്റാക്കിയ ലിംഗുസാമിക്ക് 2014ല്‍ പുറത്തിറങ്ങിയ അഞ്ചാനിലൂടെ ആദ്യ ഫ്‌ളോപ്പ് ലഭിച്ചു. പിന്നീട് തമിഴില്‍ നല്ലൊരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ച്ചയായി പരാജയങ്ങള്‍ അദ്ദേഹം നേരിട്ടു.
ലിംഗുസാമിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് 2005ല്‍ പുറത്തിറങ്ങിയ സണ്ടക്കോഴി. വിശാലിന് മാസ് ഹീറോ പരിവേഷം നല്‍കിയ ചിത്രമായിരുന്നു ഇത്. എന്നാല്‍ വിശാലിന് മുന്നേ താന്‍ ഈ കഥ വിജയ്‌യെ വെച്ച് ചെയ്യാന്‍ പ്ലാന്‍ ചെയ്തതായിരുന്നെന്ന് ലിംഗുസാമി മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിജയ് സണ്ടക്കോഴിയോട് നോ പറയാനുള്ള കാരണം വ്യക്തമാക്കുകയാണ് അദ്ദേഹം.
ലിംഗുസാമി Photo: Screen grab/ Galatta Plus
റണ്‍ എന്ന സിനിമ സൂപ്പര്‍ഹിറ്റായതിന് ശേഷം വിജയ്‌യോട് കഥ പറയാന്‍ അവസരം ലഭിച്ചെന്ന് ലിംഗുസാമി പറയുന്നു. ഒരു റൂറല്‍ ഫാമിലി ആക്ഷന്‍ ചിത്രമെന്ന നിലയിലാണ് സണ്ടക്കോഴിയുടെ കഥയെഴുതിയതെന്നും വിജയ്ക്ക് ഇത് ഇഷ്ടമാകുമെന്ന് കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു ലിംഗുസാമി.
‘ഫസ്റ്റ് ഹാഫില്‍ നായകനായ വിശാലിന്റെ കഥാപാത്രം മാത്രമാണ് നിറഞ്ഞുനില്‍ക്കുന്നത്. പാട്ട്, റൊമാന്‍സ്, ആക്ഷന്‍ അങ്ങനെ എല്ലാ എലമെന്റുകളുമുണ്ട്. മെയിന്‍ വില്ലനെ അടിച്ചിടുന്ന സ്ഥലത്തൊക്കെ അദ്ദേഹം ആവേശത്തോടെ കേട്ടിരുന്നു. പക്ഷേ, രാജ്കിരണ്‍ സാറിന്റെ കഥാപാത്രം കടന്നുവന്നതോടെ വിജയ്‌യുടെ ആവേശം കെട്ടു. കാരണം, അത്രയും നേരം നായകന്‍ കാണിച്ച മാസിനെ ഒന്നുമല്ലാതാക്കിയ ഡയലോഗായിരുന്നു അത്. സെക്കന്‍ഡ് ഹാഫിന്റെ കഥ പോലും കേള്‍ക്കാതെ അദ്ദേഹം എഴുന്നേറ്റുപോയി.
പിന്നീട് വിശാലിനെ വെച്ച് ഈ സിനിമ ചെയ്തു. 10 ദിവസമായപ്പോഴേക്ക് സൂപ്പര്‍ഹിറ്റായി പടം കൊളുത്തിക്കയറി. ചെന്നൈയിലെ ലെ മെരിഡിയന്‍ ഹോട്ടലില്‍ ഒരു സക്‌സസ് പാര്‍ട്ടിയുണ്ടായിരുന്നു. അതില്‍ വിജയ്‌യും പങ്കെടുത്തു. അദ്ദേഹം കയറിവന്നതും എന്നെ കണ്ടു. എന്റെയടുത്തേക്ക് വന്ന് കൈ തന്നിട്ട് ‘കണ്‍ഗ്രാറ്റ്‌സ്’ എന്ന് പറഞ്ഞു. സെക്കന്‍ഡ് ഹാഫിന്റെ കഥ കേട്ടുകൂടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ‘ഈ സിനിമയിലൂടെ അവന്‍ കയറിവരണമെന്നാണ് വിധി’ എന്ന് മറുപടി നല്‍കി,’ ലിംഗുസാമി പറഞ്ഞു.
സണ്ടക്കോഴിക്ക് പുറമെ വേട്ടൈ എന്ന ചിത്രവും വിജയ്‌യെ വെച്ച് പ്ലാന്‍ ചെയ്തിരുന്നെന്നും എന്നാല്‍ അദ്ദേഹത്തിന് ആ കഥയും വര്‍ക്കായില്ലെന്നും ലിംഗുസാമി പറയുന്നു. കരിയറില്‍ പലപ്പോഴായി വിജയ്, രജിനി എന്നിവരോട് കഥ പറഞ്ഞെന്നും എന്നാല്‍ ആ സിനിമകള്‍ നടക്കാതെ പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Lingusamy about Sandakozhy movie and Vijay
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ