| Tuesday, 24th February 2026, 10:01 pm

നിവിന്റെ സിനിമയാണെങ്കിലും എല്ലാവരെയും സൈഡാക്കിയത് ലിജോമോള്‍; ചര്‍ച്ചയായി ബേബി ഗേളിലെ റിതുവെന്ന കഥാപാത്രം

ഐറിന്‍ മരിയ ആന്റണി

ബോബി സഞ്ജയുടെ തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത് ജനുവരി 23ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ബേബി ഗേള്‍. മാജിക് ഫ്രെയിമ്‌സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ഈ ചിത്രത്തില്‍ നിവിന്‍ പോളിയാണ് പ്രധാന വേഷത്തില്‍ എത്തിയത്.

സര്‍വ്വം മായയുടെ ഗംഭീര വിജയത്തിന് ശേഷം നിവിന്റേതായി തിയേറ്ററുകളിലെത്തിയ ഈ ചിത്രം എന്നാല്‍ ബോക്‌സ് ഓഫീസില്‍ അടിപതറി. ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വെറും ഏഴു കോടിയാണ് സ്വന്തമാക്കിയത്.

ബേബി ഗേള്‍/ Theatrical poster

നിവിന്‍ പോളിക്ക് പുറമേ സിനിമയില്‍ സംഗീത് പ്രതാപും ലിജോമോള്‍ ജോസുമാണ് പ്രധാനവേഷങ്ങളിലെത്തിയത്. കഴിഞ്ഞദിവസം സോണി ലിവിലൂടെ ബേബി ഗേള്‍ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. പിന്നാലെ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ സജീവമായി.

ഇപ്പോഴിതാ സിനിമയിലെ ലിജോമോളുടെ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നിവിന്‍ പോളിയുടെ സിനിമയാണെങ്കിലും എല്ലാവരേയും സൈഡ് ആക്കിയത് ലിജോമോളാണൊണ് പലരുടെയും അഭിപ്രായം.

ലിജമോളുടെ പ്രകടനത്തിന്റെ പ്രഭാവത്തിന്റെ മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഷ്ടപ്പെടുകയായിരുന്നു സംഗീത് പ്രതാപും നിവിനുമെന്നും കുറിച്ചു കൊണ്ടുള്ള പോസ്റ്റ് കാണാം.

മലയാളത്തിലെയല്ല, സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളിലൊരാണ് ലിജോമോളെന്നും അഭിപ്രായങ്ങളുണ്ട്. ചെയ്യുന്ന കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ആഴത്തിലിറങ്ങുന്ന നടിയാണ് ലിജോമോളെന്നും കമന്റുണ്ട്.

നമ്മള്‍ വേണ്ടത്ര ആഘോഷിക്കാത്ത ഒരു നല്ല പെര്‍ഫോമറാണ് ലിജോ മോളെന്നും അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല, അവരുടെ സിമ്പിള്‍ ലുക്കും ചിരിയും കാണാന്‍ ഒരു പ്രത്യേക ഭംഗിയാണെന്നും അഭിപ്രായമുണ്ട്. മേക്കപ്പിന്റെ അതിപ്രസരമില്ലാതെ, പച്ചയായ മനുഷ്യരെ സ്‌ക്രീനില്‍ കാണിക്കാന്‍ കഴിവുള്ള നടിയാണ് ലിജോ മോളെന്നും കമന്റുകള്‍ കാണാം.

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ലിജോമോള്‍ പിന്നീട് തമിഴിലും മികച്ച സിനിമകളുടെ ഭാഗമായിരുന്നു. സൂര്യ നായകനായെത്തിയ ജയ് ഭീമിലെ ലിജോമോളുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളുണ്ടായിരുന്നു. 2025ലെ മികച്ച സിനിമയെന്ന പ്രേക്ഷകര്‍ അഭിപ്രായപ്പെട്ട പൊന്‍മാനിലും ലിജോ മികച്ച പെര്‍ഫോമന്‍സാണ് കാഴ്ച്ചവെച്ചത്.

അതേസമയം ബേബി ഗേള്‍ എന്ന സിനിമയില്‍ മാര്‍ക്കറ്റിങ്ങിന് വേണ്ടിയാണ് നിവിന്‍ പോളിയെ സിനിമയില്‍ ഉപയോഗിച്ചതെന്നും യഥാര്‍ത്ഥത്തില്‍ ലിജോമോളും സംഗീതുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെന്നും തിയേറ്റര്‍ റിലീസിന് പിന്നാലെ അഭിപ്രായങ്ങള്‍ നിറഞ്ഞിരുന്നു.

Content Highlight:  Lijomol’s performance in the movie Baby Girl is being discussed

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more