| Friday, 31st July 2026, 11:11 pm

സൗമ്യ അത്ര സൗമ്യമല്ല; ഉന്മാദത്തിൽ ഞെട്ടിച്ച് ലിജോമോൾ

കെ.എസ് ഷാബിന

സ്വാഭാവിക അഭിനയത്തിലൂടെയും ജീവസുറ്റ കഥാപത്രങ്ങളിലൂടെയും മലയാളത്തിലും തമിഴിലും തന്റെ അഭിനയമികവ് തെളിയിച്ച നടിയാണ് ലിജോമോൾ ജോസ്. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്, ‘ജയ് ഭീം’ എന്ന തമിഴ് ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച താരം, ‘പൊന്മാൻ’ എന്ന ചിത്രത്തിലും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

കിരൺദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ഉന്മാദത്തിൽ സൗമ്യ എന്ന കഥാപാത്രത്തിലൂടെ ലിജോമോൾ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന ഷെല്ലി എന്ന കഥാപാത്രത്തിന് എല്ലാ പ്രതിസന്ധികളിലും കരുത്തായി നിൽക്കുന്ന സൗമ്യയെ അതിതീവ്രവും മികവുറ്റതുമായ അഭിനയത്തിലൂടെയാണ് ലിജോമോൾ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും കഥാപാത്രത്തിന്റെ വികാരവിചാരങ്ങൾ തികഞ്ഞ കൃത്യതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ നടിക്കു സാധിച്ചു.

ഉന്മാദം. Photo : Screengrab / Youtube

ഭർത്താവും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് വേണ്ടി വിശ്രമമില്ലാതെ അധ്വാനിക്കുന്ന ആളാണ് സൗമ്യ. ജീവിതസാഹചര്യങ്ങൾ കാരണം പലപ്പോഴും പൊട്ടിത്തെറിക്കേണ്ടി വരുന്നുണ്ടെങ്കിലും, ഭർത്താവ് നേരിടുന്ന പ്രതിസന്ധികളിൽ അയാൾക്ക് ഏറ്റവും വലിയ കരുത്തായി മാറുന്നത് സൗമ്യ തന്നെയാണ്. കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച ഷെല്ലി എന്ന പൊലീസ് ഉദ്യോഗസ്ഥൻ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങൾ ഭാര്യയായ സൗമ്യയുടെ ജീവിതത്തെയും ആഴത്തിൽ ബാധിക്കുന്നുണ്ട്.

എന്നിരുന്നാലും, ഏത് പ്രതീകൂല സാഹചര്യത്തിലും ഭർത്താവിനൊപ്പം ഉറച്ചുനിന്ന് കുടുംബത്തെ മുന്നോട്ട് നയിക്കാൻ സൗമ്യ തീവ്രമായി ശ്രമിക്കുന്നു. ഒരു പൊലീസുകാരന്റെ ഭാര്യ അനുഭവിക്കുന്ന സ്വാഭാവികമായ മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും തികഞ്ഞ തീവ്രതയോടെയും വൈകാരികമായ കൃത്യതയോടെയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ലിജോമോൾക്ക് സാധിച്ചിട്ടുണ്ട്.

ഉന്മാദം. Photo : Screengrab / Youtube

മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ സോണിയ എന്ന കഥാപാത്രത്തിലൂടെയാണ് ലിജോമോൾ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ‘കട്ടപ്പനയിലെ ഋതിക് റോഷൻ’ എന്ന സിനിമയിൽ കനി എന്ന കഥാപാത്രത്തെയും താരം അവതരിപ്പിച്ചു. തമിഴിൽ സൂര്യ നായകനായ ‘ജയ് ഭീം’ എന്ന ചിത്രത്തിലെ സെങ്കനി എന്ന കഥാപാത്രം ലിജോമോളുടെ സിനിമാ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി മാറി. ബേസിൽ ജോസഫ് നായകനായെത്തിയ ‘പൊന്മാൻ’ എന്ന മലയാള ചിത്രത്തിലെ പ്രകടനവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ലിജോമോൾ എന്ന നടിയുടെ മികച്ച പ്രകടനം തന്നെയാണ് ഉന്മാദം എന്ന ചിത്രത്തിലും കാണാൻ സാധിക്കുന്നത്.

Content Highlight: Lijomol perfomance in unmadham movie

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more