മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ജയ് ഭീം, പൊന്മാൻ, ദാവീദ് തുടങ്ങി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ലിജോമോൾ. ജയ് ഭീം തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയാതിരുന്നതിലെ വിഷമവും നടൻ സൂര്യയ്ക്കൊപ്പമുള്ള അഭിനയാനുഭവവും പങ്കുവെക്കുകയാണ് താരം. ഉന്മാദം സിനിമയുടെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ജയ് ഭീം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ കഴിയുമോ എന്നറിയാൻ വേണ്ടി കാത്തിരുന്നിരുന്നു. പക്ഷെ ആ സമയത്ത് അൻപത് ശതമാനം മാത്രമേ തിയേറ്ററുകൾ ഓപ്പൺ ആയിരുന്നൊള്ളു. ജെയ് ഭീമുമായി ബന്ധപ്പെട്ട എല്ലാവർക്കും അത് തീയേറ്ററിൽ റിലീസ് ചെയ്യണം എന്നായിരുന്നു ആഗ്രഹം. തിയേറ്ററിൽ റിലീസ് ചെയ്യുന്നത് അന്ന് പ്രൊഡക്ഷൻ നഷ്ടം ഉണ്ടാക്കുന്നതായിരുന്നു. അത് കൊണ്ടാണ് അത് ഒ.ടി.ടിയിൽ റിലീസ് ചെയ്തത്.
തീർച്ചയായും ഒ.ടി.ടിയിൽ റിലീസ് ചെയ്തതിൽ വിഷമമുണ്ടായിരുന്നു. എനിക്ക് മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും അത് വിഷമം ഉണ്ടാക്കിയിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ കരിയറിൽ മാറ്റം ഉണ്ടാകുമായിരുന്നു എന്നൊന്നും ഞാൻ കരുതുന്നില്ല. ഒ.ടി.ടിയിൽ റിലീസ് ചെയ്തത് കൊണ്ട് എനിക്ക് നഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
അതിന് കുറച്ചു കൂടെ സ്വീകാര്യത ലഭിച്ചത് ഒ.ടി.ടിയിൽ റിലീസ് ചെയ്തത് കൊണ്ടാണ് എന്ന് തോന്നുന്നു. പക്ഷെ തിയേറ്ററിൽ റീ റിലീസ് ചെയ്തിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ഐ.എഫ്.എഫ്.ഐ ഗോവയിൽ വച്ച് ഞാൻ ജെയ് ഭീം തീയേറ്ററിൽ കണ്ടിരുന്നു. തിയേറ്ററിൽ എല്ലാവർക്കും അത് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നെന്നും താരം പറഞ്ഞു.
തമിഴ് സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് സൂര്യ. വളരെ എക്സ്പീരിയൻസുള്ള നടനാണ്. അവിടുത്തെ കൾച്ചർ കുറച്ചു കൂടെ വ്യത്യസ്തമാണ്. ഇവിടെ ഇപ്പോൾ ചാക്കോച്ചാ, മമ്മൂക്ക ,ലാലേട്ടാ എന്നൊക്കെ നമ്മൾ വിളിക്കും. അത് കൊണ്ട് അവരോട് കുറച്ചു കൂടെ അടുപ്പം തോന്നും. എന്നാൽ അവിടെ സാർ എന്ന് കൂട്ടിയാണ് നമ്മൾ വിളിക്കുക.
അത് കൊണ്ട് സൂര്യ സാറിനോടും ആ ഒരു ഡിസ്റ്റൻസ് ഉണ്ടായിരുന്നു. എന്നാലും ഷൂട്ടിങ് സമയത് വളരെ ഫ്രണ്ട്ലി ആയിട്ടുള്ള ആളായിരുന്നു അദ്ദേഹം. വളരെ സപ്പോർട്ടീവ് ആയിട്ടുള്ള ആൾ കൂടിയാണ്. എന്റെ ഷൂട്ട് എടുക്കുന്ന സമയത്തും ക്യാമറയ്ക്ക് പിറകെ എനിക്ക് സപ്പോർട്ട് ആയി ആൾ നിൽക്കുമായിരുന്നു. എല്ലാവരും അങ്ങനെ ചെയ്യില്ല. ഞാൻ പോലും അങ്ങനെ ചെയ്യാറില്ല. ചിലപ്പോൾ എന്നെ കംഫർട്ട് ആക്കാൻ വേണ്ടി ചെയ്തതാകും. അത്രയ്ക്കും ഹംബിളായിട്ടുള്ള വ്യക്തിയാണ് അദ്ദേഹമെന്നും താരം പറഞ്ഞു.
ഷാഹി കബീർ തിരക്കഥ ഒരുക്കി കിരൺ ദാസ് സംവിധാനം ചെയ്യുന്ന ‘ഉന്മാദം’ ജൂലൈ 31-ന് തിയേറ്ററുകളിലെത്തും. എഡിറ്ററായി ശ്രദ്ധേയനായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പൊലീസ് വേഷത്തിലെത്തുമ്പോൾ, ലിജോമോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight:Lijomol jose talks about jai Bhim movie