| Monday, 3rd August 2026, 10:17 pm

ഇമോഷണലല്ലാതെ ചിരിച്ച് കണ്ടിരിക്കാന്‍ പറ്റുന്ന സിനിമകളുടെ ഭാഗമാവാന്‍ ആഗ്രഹമുണ്ട്: ലിജോമോള്‍ ജോസ്

അശ്വിന്‍ രാജേന്ദ്രന്‍

ദിലീഷ് പോത്തന്‍ ക്ലാസിക്കായ മഹേഷിന്റെ പ്രതികാരത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് ലിജോ മോള്‍ ജോസ്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഹണി ബീ 2.5, സ്ട്രീറ്റ്ലൈറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചിരുന്നു. താരത്തിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ നായകനായ ഉന്മാദം.

പൊലീസ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഷാഹി കബീര്‍ തിരക്കഥയെഴുതി കിരണ്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൗമ്യ എന്ന കഥാപാത്രമായാണ് ലിജോമോള്‍ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഉന്മാദവുമായി ബന്ധപ്പെട്ട് ദി ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ജയ് ഭീം എന്ന തമിഴ് ചിത്രത്തിന് ശേഷം തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് ലിജോമോള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ലിജോമോള്‍ ജോസ്. Photo: Ott Play

ടി.ജി ജ്ഞാനവേല്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ജയ് ഭീമിന് ശേഷം തനിക്ക് ലഭിച്ചതെല്ലാം ഇമോഷണല്‍ കഥാപാത്രങ്ങളാണെന്ന് പറയുകയാണ് താരം. ഇത്തരത്തില്‍ ഇമോഷണല്‍ ബാഗേജ് ഇല്ലാതെ ചിരിച്ച് കണ്ടിരിക്കാന്‍ പറ്റുന്ന സിനിമകളുടെ ഭാഗമാകണമെന്ന് പറയുകയാണ് ലിജോ.

‘ജയ് ഭീമിന് ശേഷം എന്നെ ചിത്രങ്ങളിലേക്ക് വിളിക്കുമ്പോഴേ അവര്‍ പറയും ഇത് പെര്‍ഫോമന്‍സ് ഒറിയന്റഡ് ആയിട്ടുള്ള ക്യാരക്ടറാണ് എന്ന്. എല്ലാ കഥാപാത്രങ്ങളും നമുക്ക് പെര്‍ഫോം ചെയ്യാന്‍ സ്‌കോപ് ഉള്ള കഥാപാത്രങ്ങളാണ്. പക്ഷേ എനിക്ക് കൂടുതലും വന്നിട്ടുള്ളത് ഇമോഷന്‍സ് ഹോള്‍ഡ് ചെയ്യുന്ന ക്യാരക്ടേഴ്‌സാണ്. അതില്‍ നിന്നും ഒരു മാറ്റം തീര്‍ച്ചയായും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.

ജയ് ഭീo. Photo: Pudhari

പൊന്മാനില്‍ എനിക്ക് അത്രയും ഇമോഷനില്ലെങ്കിലും ആവശ്യത്തിന് ഉണ്ട്. അതിന് ശേഷം ഞാന്‍ ചെയ്ത ബേബി ഗേളിലും ഇനി വരാനിരിക്കുന്ന കഥാപാത്രങ്ങളിലും അത്തരമൊരു എലമെന്റ് ഉണ്ട്. അതുകൊണ്ട് തന്നെ വളരെ ലൈറ്റ് ഹാര്‍ട്ടഡ് ആയിട്ടുള്ള ചിരിച്ച് കണ്ടിരിക്കാന്‍ കഴിയുന്ന സിനിമകളുടെ ഭാഗമാവുക എന്നത് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്,’ ലിജോമോള്‍ പറഞ്ഞു.

Content Highlight: Lijomol Jose talks about her wish to act in Comedy Films

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more