| Saturday, 1st August 2026, 11:10 am

ആ കഥാപാത്രത്തിന് ദേശീയ അവാർഡ് പ്രതീക്ഷിച്ചാൽ നിരാശയാകും എന്ന് അണിയറപ്രവർത്തകർ പറഞ്ഞു: ലിജോമോൾ ജോസ്

നന്ദന. ടി

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ലിജോമോൾ ജോസ്. 2016-ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ്, പൊന്മാൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 2021-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ജയ് ഭീമി ലെ സെങ്കനി എന്ന കഥാപാത്രത്തിലൂടെയുള്ള നടിയുടെ പ്രകടനം മികച്ച പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു. ദ ഷോകേസ് ജേണൽ എന്ന യൂട്യൂബ് ചാനലിൽ ജയ് ഭീം സിനിമയുടെ ചിത്രീകരണ വേളയിലെ ഓർമകൾ പങ്കുവെക്കുകയാണ് ലിജോമോൾ ജോസ്.

ലിജോമോൾ ജോസ്. Photo. Screen grab/ Youtube

മലയാളത്തെ അപേക്ഷിച്ച് തമിഴിൽ ഷൂട്ടിംഗ് പ്രോസസ്സ് കുറച്ചുകൂടി സ്ലോ ആണെന്നും, ജയ് ഭീം സിനിമയിലെ വൈകാരികമായ ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിൽ താൻ ശാരീരികമായും മാനസികമായും തളർന്നുപോയ സാഹചര്യത്തെക്കുറിച്ചും താരം ഓർത്തെടുത്തു.

‘തമിഴിൽ ഷൂട്ടിംഗ് കുറച്ചു സ്ലോ ആണ്. കാരണം അവിടെ ഒരു ദിവസം ഒരു സീൻ എന്നതൊന്നും നമുക്ക് ആലോചിക്കാൻ പറ്റില്ല. മലയാളത്തിലൊക്കെ ആണെങ്കിൽ ഒരു ദിവസം മൂന്ന് സീൻ എന്ന രീതിയിലൊക്കെ ഷെഡ്യൂൾ ചെയ്തു പോകുന്നതാണ്. ജയ് ഭീം സിനിമയിൽ അത്തരത്തിൽ ഒരു സീൻ ഉണ്ടായിരുന്നു. ഇമോഷണലി നമ്മളെ ഹുക്ക് ചെയ്യുന്ന ഒരു സീനായതുകൊണ്ടാണോ എന്ന് അറിയില്ല, എന്റെ കുട്ടിയെ പോലീസുകാർ പിടിച്ചുകൊണ്ടുപോകുന്ന ഒരു സീനുണ്ട്. അതിൽ ഞാൻ ഓടുമ്പോഴേക്കും ബസ്‌ വരുന്നു, വീണിട്ട് കരയുന്നു. അന്ന് ആ ഒരു സീൻ മാത്രമായിരുന്നു ഷൂട്ട് ചെയ്തിരുന്നത്.

ആ കഥാപാത്രത്തിനായി നമുക്ക് ഒരു ട്രെയിനറെയൊക്കെ വെച്ചിട്ട് ത്രൂഔട്ട് ട്രെയിനിങ് ഉണ്ടായിരുന്നു. അവരുടെ ട്രെയിനിങ് രീതിയും വളരെ വ്യത്യസ്തമാണ്. ആ സമയത്ത് ആ ഒരു സീനിനെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കുക എന്നൊരു മെത്തേഡ് ആക്ടിങ് രീതിയാണത്. അന്ന് ആ സീൻ ഷൂട്ട് ചെയ്ത് ഒരു ഉച്ചയൊക്കെ ആയപ്പോഴേക്കും ഞാൻ വളരെ ക്ഷീണിക്കുന്ന ഒരു അവസ്ഥയുണ്ടായിട്ടുണ്ട്,’ ലിജോമോൾ പറഞ്ഞു.

സെങ്കനി  എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷകപ്രശംസയും സ്വീകാര്യതയും ലഭിച്ചപ്പോൾ ദേശീയ അവാർഡ് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ലിജോമോൾ

‘സിനിമയെക്കുറിച്ചും എന്റെ കഥാപാത്രത്തെക്കുറിച്ചും സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നുമൊക്കെ മികച്ച പ്രതികരണം ലഭിച്ചതുകൊണ്ടുതന്നെ അഭിനയം നന്നായിട്ടുണ്ട് എന്നൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു. പക്ഷെ ദേശീയ അവാർഡിന്റെ കാര്യത്തിൽ മുൻകൂട്ടി തന്നെ ടീമിൽ നിന്നും അത്തരത്തിലുള്ള പ്രതീക്ഷകൾ വേണ്ട എന്ന് പറഞ്ഞിരുന്നു.

കാരണം സിനിമ ചർച്ച ചെയ്യുന്ന വിഷയം അത്തരത്തിലുള്ളതായത് കൊണ്ടുതന്നെ നമ്മളെ പരിഗണിക്കാൻ സാധ്യത കുറവാണ്, അതുകൊണ്ട് അവാർഡ് പ്രതീക്ഷിക്കരുത് എന്നാണ് പറഞ്ഞിരുന്നത്. എന്നാലും പുരസ്കാര പ്രഖ്യാപനത്തിന്റെ അവസാന റൗണ്ടിലൊക്കെ പേരുണ്ടെന്ന് അറിഞ്ഞപ്പോൾ ഇനി എങ്ങാനും അവാർഡ് ഉണ്ടാകുമോ എന്നൊരു സംശയമൊക്കെ തോന്നിയിരുന്നു. പക്ഷെ അപ്പോഴും സിനിമയുടെ അണിയറപ്രവർത്തകരൊക്കെ മെസ്സേജ് അയച്ചിരുന്നു പ്രതീക്ഷിക്കരുത്, പ്രതീക്ഷിച്ചാൽ നിരാശയാകും എന്ന്. അതുകൊണ്ട് അവാർഡ് കിട്ടാതിരുന്നപ്പോൾ വ്യക്തിപരമായി അത്ര വലിയ വിഷമം ഒന്നും തോന്നിയില്ല,’ ലിജോമോൾ ജോസ് വ്യക്തമാക്കി.

ലിജോമോൾ ജോസ്. ജയ് ഭീം. Photo. Screen grab/ Youtube

Content Highlight: Lijomol Jose talks about her character from the movie Jai Bhim
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more