| Friday, 31st July 2026, 10:44 pm

നായകന്റെ ശ്രദ്ധ മാറാതിരിക്കാൻ പല്ലിൽ കമ്പി ഇടണമായിരുന്നോ എന്ന് ഇന്നാണെങ്കിൽ ഞാൻ ചോദിക്കുമായിരുന്നു: ലിജോമോൾ ജോസ്

നന്ദന. ടി

മലയാളം, തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ലിജോമോൾ ജോസ്. 2016-ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റം. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ്, പൊന്മാൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

തമിഴ് ചിത്രമായ ജയ് ഭീമി ലെ നടിയുടെ പ്രകടനം മികച്ച പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. കിരൺ ദാസ് സംവിധാനം ചെയ്യുന്ന, കുഞ്ചാക്കോ ബോബൻ ചിത്രമായ ഉന്മാദം ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ദി ഷോ സ്‌കേപ്പ് ജേണൽ എന്ന യൂട്യൂബ് ചാനലിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ലിജോമോൾ ജോസ്.

ലിജോമോൾ ജോസ്. Photo. Screen grab/ Youtube

ഒരു നടി എന്ന നിലയിൽ, തന്റെ അഭിനയത്തിലൂടെ ലഭിക്കുന്ന എക്സൈറ്റ്മെന്റ് എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

‘എന്റെ അഭിനയ ജീവിതത്തിന്റെ തുടക്കകാലത്ത് അങ്ങനെയൊരു എക്സൈറ്റ്മെന്റ് ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്. കാരണം എനിക്ക് എപ്പോഴും ടെൻഷനായിരുന്നു. എന്നാൽ ഇന്ന് ഷൂട്ടിങ് സെറ്റിൽ പോയാൽ ആദ്യത്തെ ഒന്നു രണ്ടു ദിവസം മാത്രമേ അത് ഉണ്ടാവാറുള്ളൂ. ഇപ്പോഴത്തെ എന്റെ എക്സൈറ്റ്മെന്റ് എന്ന് പറയുന്നത് പലതരം കഥാപാത്രങ്ങളെ ചെയ്യാൻ പറ്റുന്നു എന്നതാണ്.

തുടക്കകാലത്ത് ക്യാരക്ടറുകൾ വരുന്നു, അത് ചെയ്യുന്നു എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് നന്നാവുന്നുണ്ടോ എന്ന് പോലും നോക്കാറില്ലായിരുന്നു. അങ്ങനെയൊരു കോൺഫിഡൻസ് ഇല്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ കരിയറിന്റെ തുടക്ക സമയത്ത്. എന്നാൽ ഇപ്പോൾ നല്ല ടീമിന്റെ ഭാഗമാകാൻ പറ്റുന്നു എന്നത് എക്സൈറ്റ്മെന്റ് തരുന്ന കാര്യമാണ്,’ ലിജോമോൾ പറഞ്ഞു.

തന്റെ വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നും, ആദ്യകാല ചിത്രങ്ങളിലൊന്നായ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലെ കനി എന്ന കഥാപാത്രത്തെ വീണ്ടും ചെയ്യുകയാണെങ്കിൽ ഇപ്പോൾ ലഭിച്ച എക്സ്പീരിയൻസ് വെച്ച് എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ എന്ന അവതാരകയുടെ ചോദ്യത്തിന്, സ്വന്തം അഭിനയത്തേക്കാൾ ഉപരി ആ കഥാപാത്രത്തിൽ വരുത്തിയ ചില മാറ്റങ്ങളിലായിരിക്കും തന്റെ അഭിപ്രായം പറയുക എന്നായിരുന്നു ലിജോമോളുടെ മറുപടി.

‘ഞാൻ അങ്ങനെയൊന്നും കാര്യമായിട്ട് ചിന്തിച്ചിട്ടില്ല. കാരണം ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ നല്ല രസമുള്ള, കോമഡി എലമെന്റ് ഉള്ള ഒരു കഥാപാത്രമായിരുന്നു കനി. കട്ടപ്പനയിലെ ഋത്വിക് റോഷൻ ചെയ്യുമ്പോൾ, അന്ന് സംവിധായകനായ നാദിർഷിക്ക പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു, സിനിമയിൽ വിഷ്ണു ചെയ്ത നായക കഥാപാത്രത്തിന്റെ ശ്രദ്ധ ഒരിക്കലും ഞാൻ ചെയ്ത കനി എന്ന കഥാപാത്രത്തിലേക്ക് പോകരുത് എന്ന്.

ഈ കാരണം കൊണ്ടാണ് അന്ന് എന്റെ നിറം കുറച്ചതും പല്ലിൽ കമ്പിയിട്ടതുമൊക്കെ. എന്നാൽ ഇന്ന് ആണെങ്കിൽ ഞാൻ ഒരുപക്ഷേ, അത് വേണോ എന്ന് ചോദിച്ചേനെ. കാരണം ഒരാളുടെ ബാഹ്യസൗന്ദര്യത്തേക്കാളും അയാളുടെ ക്യാരക്ടർ ആകർഷകമാവുമ്പോഴാണല്ലോ അയാളോട് ഒരാൾക്ക് ഒരു ഇഷ്ടം തോന്നുക.

പക്ഷെ അവിടെ ലുക്കിനാണല്ലോ പ്രാധാന്യം കൊടുത്തത്. അതുകൊണ്ട് ഈ കാര്യമായിരിക്കും ഒരുപക്ഷേ ആ കഥാപാത്രം വീണ്ടും കിട്ടുകയാണെങ്കിൽ ഞാൻ ചോദിക്കുക. അതിനപ്പുറത്തേക്ക് ഞാൻ അങ്ങനെയൊന്നും കാര്യമായിട്ട് ആ കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല,’ ലിജോമോൾ ജോസ്  പറഞ്ഞു.

ലിജോമോൾ ജോസ്. കട്ടപ്പനയിലെ ഋത്വിക് റോഷൻ. Photo. Onmanorama

Content Highlight:  Lijomol Jose talks about her acting career and Recalling her role  from Kattappanayile Rithwik Roshan

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more