ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ലിജോമോള്‍ ജോസ്. നടന്ന സംഭവം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ലിജോമോള്‍ അവാര്‍ഡിന് അര്‍ഹയായത്. കരിയറിലെ ആദ്യ സ്‌റ്റേറ്റ് അവാര്‍ഡാണ് ലിജോമോള്‍ സ്വന്തമാക്കിയത്. അവാര്‍ഡിനെക്കുറിച്ച് സംസാരിക്കുകയാണ് താരമിപ്പോള്‍.
അവാര്‍ഡിന്റെ സാധ്യതാ പട്ടികയില്‍ തന്റെ പേര് ഉള്ള കാര്യം ആരും പറഞ്ഞില്ലായിരുന്നെന്ന് ലിജോമോള്‍ പറഞ്ഞു. എന്നിരുന്നാലും ആര്‍ക്കൊക്കെയാണ് അവാര്‍ഡെന്നറിയാന്‍ വേണ്ടി താന്‍ ലൈവായി കണ്ടെന്നും തന്റെ പേര് കേട്ടപ്പോള്‍ അന്തംവിട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമാ മേഖലയിലുള്ള പലരും തന്നെ അഭിനന്ദിച്ച് മെസേജയച്ചിരുന്നെന്നും ലിജോമോള്‍ പറയുന്നു.
ലിജോമോളിന്റെ കരിയറില്‍ ഏറ്റവും പ്രശംസ ലഭിച്ച സിനിമകളിലൊന്നായിരുന്നു ജയ് ഭീം. സെങ്കനി എന്ന കഥാപാത്രമായി അതിഗംഭീര പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ആ വര്‍ഷത്തെ ദേശീയ അവാര്‍ഡില്‍ ലിജോമോള്‍ക്ക് പുരസ്‌കാരം ലഭിക്കുമെന്ന് കരുതിയെങ്കിലും അത് നടന്നില്ല. ജയ് ഭീമിനെക്കുറിച്ചും ലിജോമോള്‍ സംസാരിച്ചു.
‘ജയ് ഭീമിന് അവാര്‍ഡ് കിട്ടില്ലെന്ന് ആദ്യമേ അറിയാമായിരുന്നു. നാഷണല്‍ അവാര്‍ഡൊന്നും പ്രതീക്ഷിക്കരുത് എന്ന് എന്നോട് പറഞ്ഞത് ഡയറക്ടര്‍ തന്നെയായിരുന്നു. കറക്ടായിട്ട് പറയുകയാണെങ്കില്‍ പടം റിലീസായി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ അദ്ദേഹം എന്നോടും മണികണ്ഠനോടും അവാര്‍ഡിനെക്കുറിച്ച് സംസാരിച്ചു.
‘ഈ പടത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. കാരണം, അത്രയും ശക്തമായിട്ടുള്ള രാഷ്ട്രീയമാണ് ഈ സിനിമ സംസാരിക്കുന്നത്’ എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. പിന്നീട് അവാര്‍ഡ് പ്രഖ്യാപിക്കാറായപ്പോള്‍ പലരും അവാര്‍ഡില്‍ നമ്മളെ പരിഗണിക്കുമെന്ന് പറയുന്നത് കേട്ട് ചെറിയൊരു പ്രതീക്ഷ വന്നു. പക്ഷേ, കിട്ടാത്തതില്‍ നിരാശയില്ല. ആദ്യമേ അതിന് തയാറായിരുന്നു’ ലിജോമോള്‍ പറഞ്ഞു.
തമിഴ്‌നാട്ടിലോ കേരളത്തിലോ എവിടെ പോയാലും ആളുകള്‍ തന്നോട് സെങ്കനി എന്ന കഥാപാത്രത്തെക്കുറിച്ചും ജയ് ഭീം എന്ന സിനിമയെക്കുറിച്ചുമാണ് കൂടുതല്‍ സംസാരിക്കാറുള്ളതെന്ന് താരം പറയുന്നു. എന്നാല്‍ നാല് വര്‍ഷത്തിനിപ്പുറവും ആ സിനിമയെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നത് വല്ലാത്തൊരു ഫീലാണെന്നും ലിജോമോള്‍ പറഞ്ഞു.
Content Highlight: Lijomol Jose saying she knew that Jai Bhim won’t get any National awards