സ്വാഭാവിക അഭിനയത്തിലൂടെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ ശ്രദ്ധേയയായ നടിയാണ് ലിജോമോൾ. ഫഹദ് ഫാസിൽ നായകനായ ‘മഹേഷിന്റെ പ്രതീകാരം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ‘സോണിയ’ എന്ന കഥാപാത്രത്തിലൂടെയായിരുന്നു ചലച്ചിത്ര ലോകത്തോട്ടുള്ള തുടക്കം. തുടർന്ന് ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ ഉൾപ്പെടെയുള്ള സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ ലിജോമോൾ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഉന്മാദ’ത്തിൽ പ്രധാന വേഷത്തിൽ ലിജോമോളും എത്തുന്നുണ്ട്. ഇപ്പോൾ, ചാക്കോച്ചനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
ലിജോമോൾ.ഉന്മാദം.Photo:Imdb
‘ഞാനൊരു ആക്ടർ ആകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ചെറുപ്പത്തിൽ ചാക്കോച്ചന്റെ സിനിമകൾ കാണുമ്പോൾ ആ കഥാപാത്രങ്ങളോടും സിനിമകളോടും വലിയ ആരാധന തോന്നിയിട്ടുണ്ട്. കാണാൻ അത്രയും സുന്ദരനായതുകൊണ്ടും, അന്നത്തെ ആ ‘ചോക്ലേറ്റ് ബോയ്’ ഇമേജ് കൊണ്ടും വളരെയധികം ഇഷ്ടമായിരുന്നു. പക്ഷേ, എന്നെങ്കിലും ചാക്കോച്ചന്റെ കൂടെ ഒരു സിനിമ ചെയ്യാൻ കഴിയുമെന്നോ, ചെയ്യണമെന്നോ ഒന്നും ഞാൻ ആഗ്രഹിച്ചിട്ടുപോലുമില്ല.
സിനിമയിൽ വന്നതിനു ശേശം മുൻനിര നടന്മാരുടെ കൂടെ അഭിനയിക്കണമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. തമിഴിൽ ‘ജയ് ഭീം’ ചെയ്യുന്ന സമയത്ത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടന്മാരിൽ ഒരാളായിരുന്നു സൂര്യ.
ലിജോമോൾ.Photo:Imdb
അങ്ങനെയുള്ള സൂര്യയുടെ കൂടെ അഭിനയിക്കാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. എനിക്ക് ലഭിക്കുന്ന സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്തു പോകണം എന്നതിനപ്പുറം വലിയ പ്രതീക്ഷകളൊന്നും എനിക്കുണ്ടായിരുന്നില്ല.
എന്നാൽ ‘ഉന്മാദം’ എന്ന സിനിമയിൽ ചാക്കോച്ചനാണ് ഒപ്പമുള്ളതെന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി. ചാക്കോച്ചന് പണ്ടത്തേതിൽ നിന്ന് വലിയ മാറ്റമൊന്നും വന്നിട്ടില്ല; കൂടുതൽ സ്റ്റൈലിഷ് ആയിട്ടേയുള്ളൂ! അദ്ദേഹത്തിന്റെ എനർജി ലെവലാണെങ്കിലും പഴയതുപോലെ തന്നെയുണ്ട്, ഇപ്പോൾ കുറച്ചുകൂടി ചാർമിംഗ് ആയിട്ടുണ്ട്.
മാത്രമല്ല, ഇപ്പോൾ അദ്ദേഹം തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും പ്രകടനങ്ങളും നമ്മളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. അത്രയും മികച്ചൊരു നടന്റെ കൂടെ അഭിനയിക്കാൻ പറ്റി എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം,’ലിജോമോൾ പറഞ്ഞു.
Content Highlight: Lijomol Jose said she never thought she would act with Kunchacko Boban