| Tuesday, 27th January 2026, 11:15 am

ടേക്കിന് തൊട്ടുമുമ്പ് നമ്മളെ ചിരിപ്പിച്ച് ആക്ഷന്‍ പറയുമ്പോള്‍ നിവിന്‍ നന്നായി പെര്‍ഫോം ചെയ്യും, നമ്മള്‍ പെട്ടുപോകും: ലിജോമോള്‍

ആദര്‍ശ് എം.കെ.

അഖില്‍ സത്യന്റെ സര്‍വം മായയ്ക്ക് പിന്നാലെ നിവിന്‍ പോളി നായകനായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ബേബി ഗേള്‍. നിവിന് പുറമെ സംഗീത് പ്രതാപ്, ലിജോമോള്‍ ജോസ്, അഭിമന്യു തിലകന്‍, അസീസ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

ഇപ്പോള്‍ ബേബി ഗേള്‍ ചിത്രീകരണത്തിനിടെ നിവിന്‍ പോളിക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് ലിജോ മോള്‍. ടേക്കിന് മുമ്പ് നിവിന്‍ പോളി ഒപ്പമുള്ളവരെ ചിരിപ്പിക്കുമെന്നും എന്നാല്‍ ആക്ഷന്‍ പറഞ്ഞാല്‍ ഉടന്‍ തന്നെ കഥാപാത്രത്തിലേക്ക് പ്രവേശിക്കുമെന്നും ലിജോ മോള്‍ പറയുന്നു. ഒപ്പമുള്ള ആര്‍ട്ടിസ്റ്റുകളാണ് ഈ സമയം പെട്ടുപോവുകയെന്നും താരം പറഞ്ഞു.

ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിജോ മോള്‍.

‘എനിക്ക് പേഴ്‌സണലി നിവിനൊപ്പം വളരെ കുറച്ച് സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടേക്കിന് തൊട്ടുമുമ്പ് നമ്മള്‍ റെഡിയായി നില്‍ക്കുന്ന സമയത്ത് പുള്ളി പെട്ടന്ന് ചിരിക്കുകയും നമ്മളെക്കൊണ്ട് ചിരിപ്പിക്കുകയും ചെയ്യും. ആ സമയം നമ്മള്‍ ക്യാരക്ടറില്‍ നിന്ന് വിട്ടുപോകും, ആക്ഷന്‍ പറയുമ്പോള്‍ പുള്ളി നന്നായി പെര്‍ഫോം ചെയ്യും. ആക്ഷന്‍ പറയുന്ന മൊമെന്റില്‍ നിവിന്‍ ചേട്ടന്‍ ക്യാരക്ടറിലേക്ക് ഇന്‍ ആകും. നമ്മള്‍ ആകെ പെട്ടുപോകും,’ ലിജോ മോള്‍ പറയുന്നു.

ഇതേ കാര്യമാണ് അഭിമന്യുവും പറഞ്ഞത്.

‘ചിത്രത്തില്‍ എനിക്ക് കുറച്ച് സീരിയസ് റോളാണ്. ഞാന്‍ മസില്‍ പിടിച്ച് നില്‍ക്കുന്ന സമയത്ത് പുള്ളി എന്നെ നോക്കി ചില എക്‌സ്പ്രഷനുകളിടും. എന്റെ കയ്യീന്ന് അപ്പോഴേ പോകും. പുള്ളി സ്വിച്ചിട്ട പോലെ ക്യാരക്ടറാകും. എന്ത് കോപ്രായം കാണിച്ചാലും പുള്ളി ആക്ഷന്‍ പറഞ്ഞാല്‍ അപ്പോള്‍ ക്യാരക്ടറാകും,’ അഭിമന്യു പറയുന്നു.

ഗരുഡന് ശേഷം അരുണ്‍ വര്‍മ സംവിധാനം ചെയ്ത ഈ ചിത്രത്തിന് റിലീസിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സര്‍വ്വം മായയുടെ ഗംഭീര വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആരാധകരുടെ പ്രതീക്ഷ കാക്കാന്‍ സാധിക്കാതെ പോയി.

ബോബി സഞ്ജയുടെ തിരക്കഥയില്‍ അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിക്കുന്നത്. മാജിക് ഫ്രെയിംസിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ സിനിമകൂടിയാണ് ബേബി ഗേള്‍.

Content Highlight: Lijomol about Nivin Pauly

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more