| Tuesday, 14th October 2025, 1:58 pm

'ദി ഈസ് ഒഫീഷ്യല്‍, ദി ഈസ് സ്‌പെഷ്യല്‍'; അടുത്തത് ബോളിവുഡില്‍, സംഗീതം എ.ആര്‍ റഹ്‌മാന്‍: സ്ഥിരീകരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സിനിമ ബോളിവുഡില്‍ ആയിരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

എന്നാലിപ്പോള്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. തന്റെ സാമൂഹിക മാധ്യമങ്ങള്‍ വഴി ലിജോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദി ഈസ് ഒഫീഷ്യല്‍ ദി ഈസ് സ്‌പെഷ്യല്‍ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.

ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ ഹന്‍സല്‍ മേഹ്ത്തയാണ് ചിത്രം നിര്‍മിക്കുന്നത്. എ.ആര്‍.റഹ്‌മാനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് എന്ന് ലിജോ സ്ഥിരീകരിച്ചു.

ചിത്രത്തില്‍ സഹാന്‍ കപൂര്‍ നായകനാകും. മെഹ്ത്തയുടെ ട്രു സ്റ്റോറി ഫിലിംസും ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ലിജോയും കരണ്‍ വ്യാസും ചേര്‍ന്നാണ് സിനിമയുടെ രചനയെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ചിത്രത്തിലെ താരങ്ങള്‍ ആരൊക്കെയാണ് എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

അലിഗഢ്, ഷാഹിദ്, സിറ്റി ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും സ്‌കാം 1992, സ്‌കാം 2003, ലൂടേരേ തുടങ്ങിയ സീരീസുകള്‍ ഒരുക്കുകയും ചെയ്ത വെറ്റെറനാണ് ഹന്‍സല്‍ മേത്ത.

‘നോ പ്ലാന്‍സ് ടു ചേഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രെസ്സ് എന്ന രീതിയില്‍ മുന്നോട്ട് പോകുന്ന സംവിധായകനാണ് ലിജോ.

മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് ലിജോയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. വന്‍ ഹൈപ്പിലെത്തിയ ചിത്രം എന്നാല്‍ ബോക്സ് ഓഫീസില്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു.

വാലിബന്റെ പരാജയം ആരാധകരെയും നിരാശരാക്കിയിരുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് അടുത്തിടെ തിയേറ്ററുകളിലെത്തിയ നിശാഞ്ചിയില്‍ വഴിപോക്കനായും ലിജോ പ്രത്യക്ഷപ്പെട്ടിരുന്നു. വഴിയരികിലെ ചായക്കടയില്‍ സാധാരണക്കാരനായി നില്‍ക്കുന്ന ലിജോയുടെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ബോളിവുഡിലെ അരങ്ങേറ്റം ഗംഭീരമാക്കുമെന്ന് തന്നെയാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

Content Highlight:  Lijo Jose Pellissery confirms Next in Bollywood, music by AR Rahman

We use cookies to give you the best possible experience. Learn more