കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ച് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി. ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികളില്‍ ബാക്കി ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്‍, ഒമ്പതാം പ്രതി മനോഹരന്‍, പത്താം പ്രതി എം.വി ദിനേശന്‍, 12ാം പ്രതി ബിജുമോന്‍, 15ാം പ്രതി ഷിജിന്‍ മോഹന്‍ എന്നീ ഏഴ് പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 14 വര്‍ഷത്തിനുശേഷമാണ് കോടതിയുടെ വിധി.
കേസില്‍ 18 പേരെയാണ് വെറുതേ വിട്ടത്. സി.പി.ഐ.എം നേതാവായ പി.ജയരാജന്‍, ടി.വി.രാജേഷ്, എം.വി.ഗോവിന്ദന്റെ മകന്‍ ശ്യാംജിത് എന്നിവരടക്കമുള്ളവരാണ് കുറ്റവിമുക്തരായത്. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല എന്ന് കോടതി വ്യക്തമാക്കി.
സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന് നേരെ ആക്രമണം ഉണ്ടായതിന്റെ പ്രതികാരമായാണ് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു സി.ബി.ഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയില്‍ വച്ച് പി. ജയരാജനും ടി.വി. രാജേഷും അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.
അതേസമയം അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സര്‍ക്കാരും മുസ്‌ലീം ലീഗും അപ്പീലിന് ഒരുങ്ങിയിരിക്കുകയാണ്. ഭീഷണിപ്പെടുത്തി സാക്ഷികളെ തടഞ്ഞതിനാലാണ് ഗൂഢാലോചനയില്‍ പങ്കെടുത്ത പി.ജയരാജനും ടി.വി. രാജേഷുമടക്കമുള്ള സി.പി.ഐ.എം നേതാക്കളെ വെറുതെ വിട്ടതെന്നു പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
Content Highlight: Life imprisonment for seven accused in the Ariyil Shukoor murder case