| Monday, 14th July 2025, 12:29 pm

പഹൽഗാമിലേത് ഗുരുതര സുരക്ഷാ വീഴ്ച, പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: ലെഫ്റ്റനന്റ് ഗവർണർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം ഗുരുതര സുരക്ഷാ വീഴ്ചയായിരുന്നെന്നും അതിന്റെ സമ്പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ജമ്മു  കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സാമുദായിക ഭിന്നത സൃഷ്ടിക്കുക എന്നതായിരുന്നു പാകിസ്ഥാന്റെ ഉദ്ദേശമെന്നും സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും പഹൽഗാമിൽ സംഭവിച്ചത് നിസംശയമായും ഒരു സുരക്ഷാ വീഴ്ചയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘പഹൽഗാമിൽ സംഭവിച്ചത് വളരെ ദൗർഭാഗ്യകരമാണ്. നിരപരാധികൾ ക്രൂരമായി കൊല്ലപ്പെട്ടു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, നിസംശയയമായും അതൊരു സുരക്ഷാ വീഴ്ചയായിരുന്നു. തീവ്രവാദികൾ വിനോദസഞ്ചാരികളെ ലക്ഷ്യമിടുന്നില്ല എന്നതാണ് ഇവിടുത്തെ പൊതുവായ വിശ്വാസം. ആക്രമണം നടന്ന സ്ഥലം ഒരു തുറന്ന പുൽമേടാണ്. സുരക്ഷാ സേനയ്ക്ക് അവിടെ സന്നിഹിതരാകാൻ സൗകര്യമോ സ്ഥലമോ ഇല്ല. അത് പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണമായിരുന്നു. കേസിൽ എൻ‌.ഐ‌.എ നടത്തിയ അറസ്റ്റുകൾ പ്രാദേശിക വ്യക്തികളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ ഈ ഒരു സംഭവത്തോടെ ജമ്മു കശ്മീരിലെ സുരക്ഷാ അന്തരീക്ഷം പൂർണമായും മോശമാണെന്ന് കരുതുന്നത് തെറ്റാണ്. ആക്രമണം രാജ്യത്തിന്റെ ആത്മാവിനെ ദുർബലപ്പെടുത്തുന്നത്തിനായി മനപൂർവം നടത്തിയ ഒരു പ്രഹരമായിരുന്നു. പാകിസ്ഥാൻ ഉദ്ദേശം ഒരു വർഗീയ വിഭജനം സൃഷ്ടിക്കുകയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ താമസിക്കുന്ന ജമ്മു  കാശ്മീരിലെ ജനങ്ങൾക്കെതിരെ വിദ്വേഷം ഉയർത്തുക എന്നുമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

കശ്മീർ സമാധാനപരമായി പോകുന്നത് കാണാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്നും കശ്മീരിന്റെ സാമ്പത്തിക ക്ഷേമത്തിനെതിരെ അവർ നടത്തിയ ആക്രമണമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജമ്മു കശ്മീർ സമാധാനപരവും സമൃദ്ധവുമായിരിക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജമ്മു ആന്റ് കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥ ഇരട്ടിയായി. വിനോദസഞ്ചാരികൾ വൻതോതിൽ ഒഴുകിയെത്തുന്നുണ്ട്. കശ്മീരിന്റെ സാമ്പത്തിക ക്ഷേമത്തിനെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണമായിരുന്നു ഇത്. എന്നാൽ ആക്രമണത്തെ കശ്മീരിലെ ജനങ്ങൾ ശക്തമായി എതിർക്കുകയും അപലപിക്കുകയും ചെയ്തു. തീവ്രവാദം കശ്മീരികൾ എതിർക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനകളായിരുന്നു അവ,’ അദ്ദേഹം പറഞ്ഞു.

Content Highlight: Lieutenant Governor takes responsibility for security lapse in Pahalgam

We use cookies to give you the best possible experience. Learn more