| Friday, 4th September 2026, 8:53 pm

പ്രോട്ടിയാസിന്റെ ചരിത്രം തിരുത്തി പ്രെട്ടോറിയസ്; ബ്രെവിസിന്റെ സിംഹാസനവും തെറിച്ചു!

ശ്രീരാഗ് പാറക്കല്‍

ത്രിരാഷ്ട്ര പരമ്പരയില്‍ സൗത്ത് ആഫ്രിക്കയും നമീബിയും തമ്മിലുള്ള മത്സരം നമീബിയ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ്  അടിച്ചെടുത്തത്.

പ്രോട്ടിയാസ് യുവതാരം ലുവാന്‍ ഡി പ്രെട്ടോറിയസിന്റെ വെടിക്കെട്ട് സെഞ്ച്വറിയിലാണ് പ്രോട്ടിയാസ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 53 പന്തില്‍ എട്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് താരം നേടിയത്. 190.57 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്‌വേയ്‌ക്കെതിരായ മത്സരത്തില്‍ 94 റണ്‍സിന് പുറത്തായെങ്കിലും നമീബിയക്കെതിരെ അര്‍ഹിച്ച സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് പ്രെട്ടോറിയസ്. ഇതോടെ ടി-20 കരിയറിലെ കന്നി സെഞ്ച്വറി രേഖപ്പെടുത്താനും പ്രെട്ടോറിയസിന് സാധിച്ചു. സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസിനെ മറികടന്നാണ് പ്രെട്ടോറിയസ് ഈ നേട്ടം കൈക്കലാക്കിയത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു കിടിലന്‍ റെക്കോഡാണ് പ്രെട്ടോറിയസ് തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ടി-20യില്‍ സെഞ്ച്വറി നേടുന്ന താരങ്ങള്‍

ലുവാന്‍-ഡ്രെ പ്രിറ്റോറിയസ് – 20 വയസ് – 101 (53) – നമീബിയ

ഡെവാള്‍ഡ് ബ്രെവിസ് – 22 വയസ് – 125 (56)* – ഓസ്‌ട്രേലിയ

അതേസമയം താരത്തിന് പുറമെ കോണോര്‍ എസ്റ്റര്‍ഹ്യൂസണ്‍ 40 പന്തില്‍ 88 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം നടത്തി. എട്ട് സിക്‌സും ആറ് ഫോറുമാണ് താരത്തിന്റെ പന്തില്‍ നിന്ന് പിറന്നത്. 220.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

അതേസമയം നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്.

Content Highlight: Lhuan-dre Pretorius smashed his maiden T20I century, breaking Dewald Brevis’ record

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more