സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ വിജയിച്ചിരുന്നു. ഇഖ്ബാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. പ്രോട്ടിയാസ് ഉയര്‍ത്തിയ 263 റണ്‍സിന്റെ ടോട്ടല്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് പാകിസ്ഥാന്റെ വിജയം.
മത്സരത്തില്‍ പ്രോട്ടിയാസ് ഓപ്പണര്‍ ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് 60 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 57 റണ്‍സ് നേടി തന്റെ കന്നി അര്‍ധ സെഞ്ച്വറി മത്സരത്തില്‍ നിന്ന് നിന്ന് നേടിയിരുന്നു. അതോടെ 19 കാരനായ താരം ഒരു കിടിലന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനാണ് ലുവാന് സാധിച്ചത്.
ലുവാന് ഡ്രെ പ്രെട്ടോറിയസ് – 19 വയസും 222 ദിവസവും – പാകിസ്ഥാന്‍ – 2025
ജാക്വസ് കാലിസ് – 20 വയസും 93 ദിവസവും – ഇംഗ്ലണ്ട് – 1996
ക്വിന്റണ്‍ ഡി കോക്ക് – 20 വയസും 326 ദിവസവും – പാകിസ്ഥാന്‍ – 2013
ക്വിന്റണ്‍ ഡി കോക്ക് – 20 വയസും 353 ദിവസവും – ഇന്ത്യ – 2013
അതേസമയം രണ്ട് വര്‍ഷത്തിന് ശേഷം ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഡി കോക്ക് അര്‍ധ സെഞ്ച്വറിയിലൂടെയാണ് തന്റെ തിരിച്ചുവരവ് ആഘോഷമാക്കിയത്. 2023 ഏകദിന ലോകകപ്പിന് പിന്നാലെ ഡി കോക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ ഏതാനും മാസം മുമ്പ് താരം വിരമിക്കല്‍ പിന്‍വലിച്ച് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവന്നു. പാകിസ്ഥാനെതിരെ 71 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും സഹിതം 63 റണ്‍സെടുത്താണ് ഡി കോക്ക് പുറത്തായത്.
പാക് പേസര്‍ നസീം ഷായുടെ പന്തില്‍ ബൗള്‍ഡായാണ് ഡി കോക്കിന്റെ മടക്കം. 42 റണ്‍സ് നേടി ക്യാപ്റ്റന്‍ മാത്യൂ ബ്രീറ്റ്‌സ്‌കെയും തിളങ്ങി വാലറ്റത്ത് കോര്‍ബിന്‍ ബോഷ് 40 പന്തില്‍ 41 റണ്‍സുമായി നിര്‍ണായക സംഭാവനയും നല്‍കി.
പാകിസ്താനായി അബ്രാര്‍ അഹമ്മദ്, നസീം ഷാ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന് വേണ്ടി മധ്യ നിരയില്‍ മുഹമ്മദ് റിസ്വാനും (55 റണ്‍സ്), സല്‍മാന്‍ അലി ആഘയും (62 റണ്‍സ്) മികച്ച പ്രകടനം നടത്തി. ഓപ്പണര്‍ ഫഖര്‍ സമാന്‍ 45 റണ്‍സും നേടി. പ്രോട്ടിയാസിനായി ലുംഗി എന്‍ഗിഡി, ഡെവോണ്‍ ഫെരേരിയ, കോര്‍ബിന്‍ ബോഷ് എന്നി വര്‍ രണ്ട് വിക്കറ്റുകള്‍ നേടി തിളങ്ങി.
Content Highlight: Lhuan Dre Pretorius In Great Record Achievement For South Africa