| Tuesday, 10th December 2024, 3:16 pm

എല്‍.ജി.ബി.ടി.ക്യു നിലപാടും പ്രതിപക്ഷത്ത് ബി.ജെ.പി വരുമെന്ന ഭയവും; സി.പി.ഐ.എമ്മിനൊപ്പം പോവാത്തതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് കെ.എം. ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.പി.ഐ.എമ്മിന്റെ എല്‍.ജി.ബി.ടി.ക്യു വിഷയങ്ങളിലെ നിലപാടുകളോടുള്ള വിയോജിപ്പും പ്രതിപക്ഷത്ത് ബി.ജെ.പി വരുമെന്ന ഭയവും കാരണമാണ് സി.പി.ഐ.എമ്മുമായി മുസ്‌ലിം ലീഗ് സഖ്യമുണ്ടാക്കാതിരുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കെ.എം. ഷാജിയുടെ പരാമര്‍ശം.

സി.പി.ഐ.എമ്മും ലീഗും ചേര്‍ന്നാല്‍ ഭരണം കിട്ടാന്‍ വലിയ പ്രയാസമൊന്നുമുണ്ടാകില്ലെങ്കിലും ഇത് സംഭവിച്ചാല്‍ കാലക്രമേണ കേരളത്തില്‍ പ്രതിപക്ഷസ്ഥാനത്ത് ബി.ജെ.പി എത്തുമെന്നും അത് കേരളത്തിന് ഗുണപ്രദമാവില്ലെന്നും കെ.എം.ഷാജി പറയുന്നു.

‘സി.പി.ഐ.എം ഒരു കേഡര്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിയാണ്. ഒരു സിസ്റ്റത്തിലൂടെ വളരെ സ്‌ട്രോങ്ങായി മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ്. അതിന് സമാനമായ ഒരു പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. അതുകൊണ്ടുതന്നെ രണ്ട് പാര്‍ട്ടിയും ഒരുമിച്ച് നിന്നാല്‍ ഭരണം കിട്ടാന്‍ വലിയ പ്രയാസമൊന്നും ഉണ്ടാകില്ല.

അതേസമയം ഈ ഭരണം ഒന്നോ രണ്ടോ തവണ ഉണ്ടായേക്കാം. എന്നാല്‍ ആ സമയത്ത് തന്നെ ഒരു പ്രതിപക്ഷം രൂപപ്പെട്ടുവരുകയും ചെയ്യും. എന്നാല്‍ ആ പ്രതിപക്ഷം കോണ്‍ഗ്രസ് ആയിരിക്കില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്നത് പോലെ രണ്ടാം കക്ഷിയായി ബി.ജെ.പിയാവും പ്രതിപക്ഷത്ത് എത്തുന്നത്.

ഇത് കേരളത്തിന് ഗുണം ചെയ്യുന്ന ഒന്നല്ല, കേരളത്തിന്റെ പൊതു മനസ് പ്രതിപക്ഷത്തായിരിക്കും എന്നത് കൊണ്ടുതന്നെ ബി.ജെ.പിക്ക് പ്രതിപക്ഷമായി ശക്തിപ്പെടാന്‍ കഴിയും. മറ്റ് കക്ഷികളൊന്നും ഇല്ലാതെ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുന്ന നില ഉണ്ടാവുകയും ഇത് ദൂരവ്യാപകമായ അപകടകരമായ രാഷ്ട്രീയാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.

മന്ത്രിയാവാനും സ്ഥാനങ്ങള്‍ക്കും പൊളിറ്റിക്കല്‍ ഇന്‍ട്രസ്റ്റ് ഉള്ള ആളുകള്‍ക്ക് നല്ലൊരു പരിപാടിയാണിത്. അങ്ങനെ പലര്‍ക്കും ആഗ്രഹം ഉണ്ടാവാം. പക്ഷെ ഇത്തരത്തിലൊരു ആഗ്രഹത്തിന് പുറത്തല്ല ലോങ് ടേം പൊളിറ്റിക്‌സ് നിലനില്‍ക്കേണ്ടത്. ലോങ്ങ് ടേം പൊളിറ്റിക്‌സ് എന്നത് നാളെയുടെ ഭാവിയെ കുറിച്ചുള്ളതും അവര്‍ക്കൊക്കെ വേണ്ടിയുള്ളതുമാണ്, കെ.എം ഷാജി പറഞ്ഞു.

അതേസമയം സി.പി.ഐ.എമ്മിലേക്ക് പോവാതിരിക്കാനുള്ള മറ്റൊരു കാരണമായി കെ.എം.ഷാജി പറയുന്നത് സി.പി.ഐ.എം എല്‍.ജി.ബി.ടി.ക്യു വിഷയങ്ങളില്‍ കൈക്കൊള്ളുന്ന നിലപാടുകളോടുള്ള വിയോജിപ്പാണ്.

സമൂഹത്തിലെ മൗലികതയ്ക്കും സിസ്റ്റത്തിനും എതിരാണ് ക്വീര്‍ അനുകൂല നിലപാടെന്നും ഇക്കാര്യങ്ങള്‍ സ്വാഭാവികമാണെന്ന ധാരണ കുട്ടികളില്‍ ഉണ്ടാക്കുന്നതിനോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും കെ.എം. ഷാജി പറയുന്നു.

അതേസമയം സിസ്റ്റത്തെ മൂന്ന് ഭാഗങ്ങളായി കാണുന്നതില്‍ തനിക്ക് യോജിപ്പില്ലെന്നും ട്രാന്‍സ്‌ജെന്റേഴ്‌സ് ഉള്‍പ്പെടുന്ന സിസ്റ്റത്തെ രണ്ടര എന്ന് കാണുന്നതിനോട് മാത്രമേ തനിക്ക് യോജിപ്പുള്ളൂവെന്നും കെ.എം.ഷാജി പറയുന്നു.

‘രണ്ടാമത്തെ കാര്യമെന്നത് മൗലികത എന്ന നമ്മുടെ നാട്ടിലെ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലാണ്. തെറ്റ് ചെയ്യരുത്, അത് ചെയ്യരുത്, ഇക്കാര്യങ്ങള്‍ ചെയ്യരുത് എന്നൊക്കെയാണ് നമ്മുടെ മൗലികത.

ഈ മൗലികതകളാണ് ഒരു സോഷ്യല്‍ സിസ്റ്റത്തെ സജീവമാക്കുന്നത്. ആ സിസ്റ്റത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതായി മൂന്നെണ്ണമാണുള്ളത്. അതില്‍ മൂന്ന് എന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. മൂന്നില്‍ രണ്ടര മാത്രമാണ് ഉള്ളത്. കാരണം, ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ കാര്യത്തില്‍ പകുതിയുമായി മാത്രമേ ഞാന്‍ യോജിക്കുന്നുള്ളൂ മറ്റൊരു പകുതിയുമായി താന്‍ യോജിക്കുന്നില്ല,’കെ.എം. ഷാജി പറഞ്ഞു.

ട്രാന്‍സ്‌ജെന്റേഴ്‌സിന്റെ മറവില്‍ കുട്ടികളെ പീഡിപ്പിക്കുക, ഹോമോ സെക്ഷ്വാലിറ്റി, ലെസ്ബിയന്‍ എന്നീ കാര്യങ്ങളെ അംഗീകരിക്കണം എന്ന് പറയുന്ന സിസ്റ്റത്തെ എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും ഇത് ഒരാളുടെ ഇഷ്ടമല്ലേ എന്ന് ചോദിക്കുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും കെ.എം. ഷാജി പറഞ്ഞു.

‘ഒരാളെ കൊല്ലുന്നത് തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞാല്‍ അത് മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണെങ്കില്‍ രാജ്യത്തെ നിയമം അത് തടുക്കണം. ആ ഒരര്‍ത്ഥത്തില്‍ എസ്.എഫ്.ഐ പ്രോത്സാഹിപ്പിക്കുന്നത് അധാര്‍മികതയാണ്. ഇത് ഒരു സ്വാഭാവികതയായി കുട്ടികള്‍ ശീലിക്കാന്‍ പാടില്ല എന്നതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോവുന്നതിനെ തടുക്കുന്നതിലെ രണ്ടാമത്തെ കാരണമാണ്,’കെ.എം. ഷാജി പറഞ്ഞു.

Content Highlight: LGBTQ stance and fear of BJP coming in opposition; Explaining the reasons for not going with CPIM, K.M. Shaji

We use cookies to give you the best possible experience. Learn more