2026 ഫിഫ ലോകകപ്പിന് വേദിയാകുന്ന സ്റ്റേഡിയങ്ങളിലൊന്നാണ് കാലിഫോര്‍ണിയയിലെ ലിവൈസ് സ്‌റ്റേഡിയം. എന്നാല്‍ ലോകകപ്പിനിടയിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സ്റ്റേഡിയം കൂടിയാണ് ലിവൈസ് . ഫിഫയുടെ ബ്രാന്‍ഡിങ് നിയന്ത്രണങ്ങളെ മറികടന്നാണ് സ്റ്റേഡിയം ഏറെ ശ്രദ്ധ നേടുന്നത്.
ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സ്‌പോണ്‍സറല്ലാത്തതിനാല്‍ ഫിഫയുടെ വാണിജ്യ ചട്ടങ്ങള്‍ അനുസരിച്ച് ലെവൈസ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട എല്ലാ ബ്രാന്‍ഡിങ്ങും മറച്ചുവെക്കേണ്ട സാഹചര്യം കമ്പനി നേരിട്ടിരുന്നു.
ഔദ്യോഗിക സ്‌പോണ്‍സര്‍മാരുടെ പ്രത്യേക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ഫിഫയുടെ നയപ്രകാരം സ്റ്റേഡിയത്തിലെ സൈനേജുകള്‍ വെളുത്ത തുണികള്‍ ഉപയോഗിച്ച് മൂടാനായിരുന്നു നിര്‍ദേശം. എന്നാല്‍ സാധാരണ രീതിയിലുള്ള മറച്ചുവെക്കലിന് പകരം, ലെവൈസിന്റെ പ്രശസ്തമായ ‘ബാറ്റ്വിങ്’ ലോഗോയുടെ ആകൃതിയിലായിരുന്നു പേര് മറച്ചത്.
സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. ‘Welcoming the world to the beautiful ….stadium!’ എന്ന കുറിപ്പോടെ ലിവൈസ് ഇന്‍സ്റ്റഗ്രാമില്‍ ഒരു വീഡിയോ പങ്കുവെച്ചതും വൈറലായി. കമ്പനിയുടെ പ്രൊഫൈല്‍ ചിത്രവും ലിവൈസിന്റെ ‘ബാറ്റ്വിങ്’ ലോഗോയുടെ ചിത്രമായി മാറ്റിയിരുന്നു.
ലോകകപ്പ് വേദിയായ മേഴ്‌സിഡെസ് ബെന്‍സ് സ്റ്റേഡിയം, മെറ്റ്‌ലൈഫ് എ.ടി എന്‍ഡ് ടി സ്റ്റേഡിയവും ഫിഫയുടെ നടപടി നേരിട്ടിരുന്നു.
എന്നാല്‍ ബ്രാന്‍ഡിങ്, പരസ്യ മേഖലകളിലെ വിദഗ്ധര്‍ക്കിടയില്‍ ലിവൈസിന്റെ ഈ നീക്കം വലിയ രീതിയില്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. കമ്പനിയുടെ പേര് പ്രദര്‍ശിപ്പിക്കാതിരുന്നിട്ടും, ബ്രാന്‍ഡിന്റെ ഒരു ലോഗോ മാത്രം ഉപയോഗിച്ച് ലെവൈസിനെ പൊതുജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചതാണ് ശ്രദ്ധേയമായത്.
ലോകകപ്പ് വേദികളിലെ ബ്രാന്‍ഡിങ്, പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഫിഫ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സ്‌പോണ്‍സര്‍മാര്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ഈ നയങ്ങളുടെ പശ്ചാത്തലത്തില്‍, സ്‌പോണ്‍സറല്ലാത്ത ബ്രാന്‍ഡിങ്ങുകള്‍ മറച്ചുവെക്കണമെന്ന് ഫിഫയുടെ നിര്‍ദേശമുണ്ടായിരുന്നു.
Content Highlight: Levi’s bypasses FIFA’s branding measure In World Cup 2026