| Tuesday, 22nd September 2026, 2:59 pm

സി.എം.ആര്‍.എല്‍-എക്സാലോജിക്: ഇ.ഡി കത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്സാലോജിക് കേസില്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തില്‍ അന്വേഷണത്തിന് ഡി.ജി.പിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ പൂര്‍ണാധികാരം ഡി.ജി.പിക്ക് ആയിരിക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

‘അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. ഏത് അന്വേഷണം വേണമെന്ന് ഡി.ജി.പിക്ക് തീരുമാനിക്കാമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ പൂര്‍ണാധികാരം ഡി.ജി.പിക്ക് ആയിരിക്കും. ഏത് ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ഡി.ജി.പിക്ക് തീരുമാനിക്കാം. ഇ.ഡി. കത്തിലെ വിവരങ്ങളാണ് അന്വേഷിക്കാന്‍ നിര്‍ദേശമുള്ളത്,’ ചെന്നിത്തല പറഞ്ഞു.

ഇ.ഡിയുടെ കത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ആ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

‘ഇ.ഡിയുടെ കത്ത് ഡി.ജി.പിക്ക് ലഭിച്ചു. ഡി.ജി.പി ആ കത്ത് ഹോം സെക്രട്ടറിക്ക് നല്‍കി. ഹോം സെക്രട്ടറി ആ കത്ത് എന്റെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര മന്ത്രിക്ക് നല്‍കുകയുണ്ടായി. ആ കത്ത് വിശദമായ നിയമോപദേശത്തിനു വേണ്ടി എ.ജിക്ക് നല്‍കുകയുണ്ടായി.

എ.ജിയുടെ നിയമോപദേശം രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ലഭിച്ചു. ആ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. അതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഡി.ജി.പിയെ ചുമതലപ്പെടുത്തികൊണ്ടുള്ള ഉത്തരവ് ഏതാനും മിനിറ്റുകള്‍ക്കകം ലഭിക്കും. അന്വേഷിച്ച അന്വേഷണം നടക്കട്ടെ എന്നാണ് തീരുമാനം,’ ചെന്നിത്തല പറഞ്ഞു.

ഇ.ഡി കത്ത് ലഭിച്ചാല്‍ കള്ളപ്പണം തടയല്‍ നിയമം (പി.എം.എല്‍.എ) പ്രകാരം സംസ്ഥാനത്തിന് നടപടിയെടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കേസുകളില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇതിനകത്ത് രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഇങ്ങനെ ഒരു പരാതി നല്‍കാനുള്ള അവകാശം ഇഡിക്കുണ്ട്. പി.എം.എല്‍.എ കേസിലെ 66 (രണ്ട്) അനുസരിച്ച് കിട്ടിയ ഇന്‍ഫര്‍മേഷന്‍ ലോ എന്‍ഫോഴ്‌സിങ് ഏജന്‍സിക്ക് കൈമാറുക എന്നുള്ളത് അവരുടെ ചുമതലയാണ്.

ആ ചുമതലയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിക്ക് കത്തുകൊടുത്തത്. വിജയമണ്ഡല്‍ കേസില്‍ സുപ്രീം കോടതിയുടെ വിധിയില്‍ ഇത് പറയുന്നുണ്ട്. 66(രണ്ട്) അനുസരിച്ച് ലോ എന്‍ഫോഴ്‌സിങ് ഏജന്‍സിക്ക് ഒരു കത്ത് നല്‍കിയാല്‍ ആ കത്ത് ഇഗ്‌നോര്‍ ചെയ്യാന്‍ കഴിയില്ല. എന്ന് വെച്ചാല്‍ ഡി.ജി.പിക്ക് കൊടുക്കുന്ന കത്ത് ഇഗ്‌നോര്‍ ചെയ്യാന്‍ പാടില്ല എന്ന് വിജയമണ്ഡല്‍ കേസിലെ വിധി പ്രത്യേകമായി സൂചിപ്പിക്കുന്നുണ്ട്. അപ്പോ അതുകൊണ്ട് ഗവണ്‍മെന്റിന് അതിനകത്ത് ആക്ട് ചെയ്യേണ്ടി വരും,’ ചെന്നിത്തല പറഞ്ഞു.

‘രണ്ടാമത്തേത് ഏറ്റവും സുപ്രധാനമായ മറ്റൊരു സുപ്രീം കോടതി വിധിയുണ്ട്. ലളിതകുമാരി കേസുമായി ബന്ധപ്പെട്ട വിധിയാണ്. അത് ആ കേസിനകത്ത് പറയുന്നു അഞ്ചു കാര്യങ്ങളില്‍ എഫ്.ഐ.ആര്‍ എടുക്കണമെങ്കില്‍ പ്രാഥമിക അന്വേഷണം ആവശ്യമാണ്. പ്രാഥമിക അന്വേഷണം നടത്തിയിട്ട് മാത്രമേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ. അഴിമതി കേസുകള്‍ ഉള്‍പ്പെടെയാണ് ഈ അഞ്ചു കാര്യങ്ങള്‍,’ ചെന്നിത്തല പറഞ്ഞു.

Content Highlight: Letter of ED to DGP on Exalogic CMRL Case- Response of Home Minister

Latest Stories

We use cookies to give you the best possible experience. Learn more