| Sunday, 1st June 2025, 9:08 pm

നിലമ്പൂരില്‍ 'സ്വരാജ് വിജയിക്കട്ടെ'; പിന്തുണയുമായി അബ്ദുല്‍ നാസര്‍ മഅദനിയുടെ മകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി എം. സ്വരാജിന് പിന്തുണ അറിയിച്ച് അബ്ദുല്‍ നാസര്‍ മഅദനിയുടെ മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി. രണ്ട് വാചകങ്ങളോട് കൂടിയ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്വലാഹുദ്ദീന്‍ സ്വരാജിന് പിന്തുണ അറിയിച്ചത്.

‘സ്വരാജ് വിജയിക്കട്ടെ’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. എതിരെ നില്‍ക്കുന്നവര്‍ തോല്‍ക്കാന്‍ കാരണങ്ങള്‍ പലതാണെന്നും സ്വലാഹുദ്ദീന്‍ പറഞ്ഞു. നിലവില്‍ പോസ്റ്റിന് താഴെ നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തുന്നുണ്ട്.

വാപ്പയെ രണ്ട് തവണ പിടിച്ച് കൊടുത്ത പാര്‍ട്ടിയാണെന്നും ഇത്രയൊക്കെ ആയിട്ടും പിണറായിയെയും കൂട്ടരെയും മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ സഹതാപം മാത്രമാണെന്നും ചിലര്‍ പറയുന്നു. മഅദനിയുടെ നീതിക്ക് വേണ്ടി സി.പി.ഐ.എം എന്ത് പോരാട്ടമാണ് നടത്തിയതെന്നും തീരുമാനം വളരെ മോശമായെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.

മുമ്പ് സി.പി.ഐ.എമ്മും മഅദനിയും തമ്മിലുണ്ടായിരുന്ന രാഷ്ട്രീയബന്ധം വലിയ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. 2009ലെ പൊന്നാനി ലോക്‌സഭാ തെരഞ്ഞെടുപ്പിലായിരുന്നു എല്‍.ഡി.എഫിന് പി.ഡി.പിയുടെ പിന്തുണ ലഭിച്ചത്.

ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ഹുസൈന്‍ രണ്ടത്താണിക്ക് പി.ഡി.പി പിന്തുണ അറിയിക്കുകയും അന്നത്തെ പ്രചാരണ വേദികളില്‍ പിണറായി വിജയനൊപ്പം മഅദനി വേദികളിലെത്തുകയും ചെയ്തിരുന്നു.

അതേസമയം ജൂണ്‍ 19നാണ് നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23 ന് വോട്ടെണ്ണും. ആര്യാടന്‍ ഷൗക്കത്താണ് നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

മുന്‍ എം.എല്‍.എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ പി.വി. അന്‍വറും നിലമ്പൂരില്‍ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ശക്തമായ ത്രികോണ മത്സരത്തിലേക്ക് മാറിയിക്കുകയാണ്. ബി.ജെ.പിയ്ക്ക് വേണ്ടി മത്സരരംഗത്തുള്ളത് അഡ്വ. മോഹന്‍ ജോര്‍ജാണ്.

Content Highlight: ‘Let Swaraj win’ in Nilambur; Abdul Nazer Mahdani’s son supports

We use cookies to give you the best possible experience. Learn more