| Friday, 1st August 2025, 1:40 pm

ഇനി ഇതിന്റെ ആവശ്യമുണ്ടോ, അവസാനിപ്പിച്ചൂടേ; മോദിക്കെതിരായ തരൂരിന്റെ 'തേള്‍' പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് നല്‍കിയ കേസില്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ തേള്‍ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് നല്‍കിയ മാനനഷ്ടക്കേസ് പരിഗണിച്ച് സുപ്രീം കോടതി

2018ലായിരുന്നു ശശി തരൂര്‍ നരേന്ദ്ര മോദിക്കെതിരെ ‘ശിവലിംഗത്തില്‍ ഇരിക്കുന്ന തേള്‍’ എന്ന പരാമര്‍ശം നടത്തിയത്.

തരൂരിനെതിരായ ക്രിമിനല്‍ മാനനഷ്ട പരാതി പിന്‍വലിച്ചുകൂടെയെന്നായിരുന്നു കേസ് പരിഗണിക്കുന്നതിനിടെ പരാതിക്കാരനോട് ജഡ്ജി ചോദിച്ചത്.

ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എന്‍.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പരാതിക്കാരന്റെ അഭിഭാഷകന്‍ കേസില്‍ വാദം കേള്‍ക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തരൂരിന്റെ അഭിഭാഷകനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

ഇതിന് പിന്നാലെയായിരുന്നു കേസില്‍ നിന്ന് പിന്മാറിക്കൂടെയെന്ന് ജസ്റ്റിസ് എം.എം സുന്ദരേഷ് ചോദിച്ചത്.

‘ നമുക്ക് ഇത് അവസാനിപ്പിക്കാം. എന്തിനാണ് നിങ്ങള്‍ ഇത്തരം കേസുകള്‍ പിടിക്കുന്നത്. ഇതെല്ലാം അവസാനിപ്പിക്കൂ. ഭരണാധികാരികളും രാഷ്ട്രീയക്കാരും ജഡ്ജിമാരും ഒരേ ഗ്രൂപ്പായി മാറുകയാണ്. അവര്‍ക്ക് മതിയായ തൊലിക്കട്ടിയുണ്ട്. വിഷമിക്കേണ്ട,’ എന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.

എന്തായാലും കേസിന്റെ തുടര്‍വാദം വേണ്ടി വരുമെന്ന് മുതിര്‍ന്ന അഭിഭാഷക പിങ്കി ആനന്ദ് പറഞ്ഞു. ഇതോടെ കേസ് മറ്റൊരു ദിവസം പരിഗണിക്കാന്‍ കോടതി മാറ്റുകയായിരുന്നു.

ഓഗസ്റ്റ് 29 ലെ ദല്‍ഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തരൂര്‍ നല്‍കിയ ഹരജിയിലെ നടപടികള്‍ കഴിഞ്ഞ സെപ്റ്റംബര്‍ 10ന് ജസ്റ്റിസുമാരായ ഹൃഷികേസ് റോയ്, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു .

എന്നാല്‍ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന അദ്ദേഹത്തിന്റെ ഹരജി അന്ന് കോടതി തള്ളിയിരുന്നു.

2012 ല്‍ ദി കാരവന്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ലെ ഒരു വാചകം തരൂര്‍ ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും, അതില്‍ നരേന്ദ്ര മോദിയെ ‘ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനോട്’ താരതമ്യം ചെയ്തത് ഒരു ആര്‍.എസ്.എസ് നേതാവ് തന്നെയാണെന്നും തരൂരിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.

2018 ല്‍ ബാംഗ്ലൂര്‍ നടന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുന്നതിനിടെ, തരൂര്‍ ഈ പ്രയോഗം ഉദ്ധരിക്കുകയായിരുന്നെന്നും കാരവനിലെ ലേഖനത്തില്‍ ഈ പരാമര്‍ശം നടത്തിയ വ്യക്തി പിന്നീട് ഒരു വാര്‍ത്താ ചാനലിലെ വീഡിയോയില്‍ അതേ പ്രസ്താവന ആവര്‍ത്തിച്ചുവെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.

2012 ല്‍ ഈ പരാമര്‍ശം അപകീര്‍ത്തികരമല്ലായിരുന്നെന്നും 2018 ല്‍ തരൂര്‍ അത് ആവര്‍ത്തിച്ചപ്പോള്‍ പെട്ടെന്ന് എങ്ങനെ അത് അപകീര്‍ത്തികരമാകുമെന്നും അഭിഭാഷകന്‍ ചോദിച്ചു.

ബി.ജെ.പി നേതാവ് രാജീവ് ബബ്ബാര്‍ സമര്‍പ്പിച്ച ക്രിമിനല്‍ മാനനഷ്ട പരാതിയില്‍ കാരവന്‍ മാസികയെയോ യഥാര്‍ത്ഥത്തില്‍ ഈ പരാമര്‍ശം നടത്തിയ വ്യക്തിയെയോ കക്ഷിയോ പ്രതിയോ ആക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ തരൂരിന്റെ പരാമര്‍ശം തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് ബബ്ബാര്‍ മാനനഷ്ടക്കേസ് പരാതിയില്‍ ആരോപിച്ചത്. തരൂരിന്റെ പ്രസ്താവന ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

‘ഞാനൊരു ശിവഭക്തനാണ്. തരൂര്‍ കോടിക്കണക്കിന് ശിവഭക്തരുടെ വികാരങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചു. ഇന്ത്യയിലും രാജ്യത്തിന് പുറത്തുമുള്ള എല്ലാ ശിവഭക്തരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതായിരുന്നു ഈ പ്രസ്താവന,’ അദ്ദേഹം പറയുന്നു.

തുടര്‍ന്ന് നടന്ന വാദത്തില്‍ വിചാരണ കോടതി തരൂരിന് ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നാലെയാണ് മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

2020ല്‍, ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്‌തെങ്കിലും അടുത്തിടെ, ഈ ഉത്തരവ് റദ്ദാക്കുകയും സെപ്റ്റംബര്‍ 10 ന് ഹാജരാകാന്‍ തരൂരിന് സമന്‍സ് അയയ്ക്കുകയുമായിരുന്നു.

ഓഗസ്റ്റ് 29 ലെ ദല്‍ഹി ഹൈക്കോടതി വിധിയില്‍ ‘ശിവലിംഗത്തിലെ തേള്‍’ എന്ന പരാമര്‍ശം നരേന്ദ്ര മോദിയെ മാത്രമല്ല, ബി.ജെ.പി, ആര്‍.എസ്.എസ് അംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ആര്‍.എസ്.എസിലെ പലര്‍ക്കും പ്രധാനമന്ത്രി മോദി സ്വീകാര്യനല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ പരാമര്‍ശമെന്നും, മോദിയെ തേളിന്റെ സ്വഭാവസവിശേഷതകളുള്ള ഒന്നിനോട് താരതമ്യം ചെയ്യുന്നതാണെന്നും ജസ്റ്റിസ് അനൂപ് കുമാര്‍ മെന്‍ഡിരട്ട നിരീക്ഷിച്ചിരുന്നു.

Content Highlight: ‘Let’s Close This, Supreme Court On BJP Leader’s Defamation Case Against Shashi Tharoor’s Remark About Modi

We use cookies to give you the best possible experience. Learn more