| Tuesday, 7th July 2026, 5:28 pm

ശ്വേതയ്ക്കൊപ്പമാണോ എന്ന് മമ്മൂട്ടിയും മോഹന്‍ലാലും പറയട്ടെ ; ലാലിന് അന്നത്തെ മീറ്റിങ്ങില്‍ മൈക്കെടുത്ത് പറയാമായിരുന്നല്ലോ: സീനത്ത്

ആര്യ. പി

മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും മൗനം വെടിയണമെന്ന ആവശ്യവുമായി നടി സീനത്ത്. മമ്മൂട്ടിയും മോഹന്‍ലാലും തനിക്കൊപ്പമുണ്ടെന്ന നടി ശ്വേത മേനോന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയില്‍ നടന്ന പല കാര്യങ്ങള്‍ക്കും ഉത്തരം പറയേണ്ടത് ‘അമ്മ’യുടെ പ്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാല്‍ മാത്രമാണെന്ന രീതിയിലായിരുന്നു കാര്യങ്ങളെന്നും, അങ്ങനെ സഹികെട്ടാണ് അദ്ദേഹം ആ സ്ഥാനം ഇട്ടിട്ടുപോയതെന്നും സീനത്ത് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അവര്‍ സംസാരിക്കേണ്ട സമയമാണെന്നും ഇനി അവര്‍ മുന്നോട്ട് വരിക തന്നെ വേണമെന്നും സീനത്ത് മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആവശ്യപ്പെട്ടു.

മമ്മൂട്ടിയും മോഹന്‍ലാലും തനിക്കൊപ്പമുണ്ടെന്ന് ശ്വേത മേനോന്‍ അവകാശപ്പെട്ടല്ലോ എന്ന ചോദ്യത്തിന് അത് പറയേണ്ടത് മമ്മൂട്ടിയും മോഹന്‍ലാലുമല്ലേയെന്നായിരുന്നു സീനത്തിന്റെ മറുപടി.

‘അതിന് ഉത്തരം പറയേണ്ടത് അവര്‍ രണ്ടുപേരുമാണ്. നമ്മള്‍ക്കത് വിശ്വസിക്കാതിരിക്കാനും അവിശ്വസിക്കാതിരിക്കാനും പറ്റില്ല. കാരണം അവര്‍ തമ്മിലുള്ള ബന്ധം എന്താണെന്നോ എന്തൊക്കെയാണ് സംസാരിക്കുന്നതെന്നോ പറയാന്‍ ഞാന്‍ ആളല്ല. അറിയാത്ത കാര്യം ഞാന്‍ ഇവിടെ ഇരുന്ന് പറയരുത്.

ശ്വേത മേനോന്‍ അവരോട് ചെന്ന്, ‘ലാല്‍ജീ, മമ്മൂക്കാ ഞാന്‍ ഇങ്ങനെ രാജിവെക്കുന്നില്ല, കേസ് കൊടുക്കാന്‍ തീരുമാനിച്ചു’ എന്ന് പറഞ്ഞാല്‍ അവര്‍ വേണ്ട എന്ന് പറയില്ലായിരിക്കാം. ‘ശരി, കൊടുത്തോളൂ’ എന്ന് പറഞ്ഞേക്കാം. എന്നാല്‍ ‘കൂടെ ഞങ്ങള്‍ ഉണ്ട്’ എന്ന് അവര്‍ പറഞ്ഞതായി ശ്വേത അവകാശപ്പെടുന്നുണ്ട്. അതിനുള്ള യഥാര്‍ത്ഥ മറുപടി പറയേണ്ടത് മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ്,’ സീനത്ത് പറഞ്ഞു.

അന്ന് നടന്ന മീറ്റിങ്ങില്‍ ശ്വേത തുടരട്ടെയെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ലല്ലോ എന്നും സീനത്ത് ചൂണ്ടിക്കാട്ടി.

‘അങ്ങനെ അവര്‍ കൂടെയുണ്ടായിരുന്നെങ്കില്‍ അന്ന് മീറ്റിങ്ങില്‍ മോഹന്‍ലാല്‍ മൈക്കെടുത്ത് ഒരൊറ്റ വാക്ക് പറഞ്ഞിരുന്നെങ്കില്‍ അവിടെ ആരും പിന്നെ ശബ്ദിക്കില്ലായിരുന്നു. ‘ശ്വേത തന്നെ തത്ക്കാലം നില്‍ക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ ഒരാള്‍ പോലും എതിര് നില്‍ക്കില്ലായിരുന്നു. അന്ന് മോഹന്‍ലാല്‍ അത് പറഞ്ഞിട്ടില്ലല്ലോ? അതെന്തുകൊണ്ടാണ്?’

സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വന്നപ്പോള്‍ ഒപ്പം നിന്നവരും അതില്‍ അഭിമാനിച്ചവരുമാണ് തങ്ങള്‍. എന്നാല്‍ അവര്‍ക്കത് ഭംഗിയായി കൊണ്ടുപോകാന്‍ പറ്റിയില്ല. അവര്‍ അടിച്ചുപിരിയുകയാണ് ചെയ്തത്. അത് അവരുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റ് തന്നെയാണ്,’ സീനത്ത് വ്യക്തമാക്കി.

Content Highlight: Let Mammootty and Mohanlal clarify if they are with Shwetha says Actress Zeenath

ആര്യ. പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more