വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുകയാണെങ്കിലും ഇറാനുമായുള്ള യു.എസ്-ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സഹായികളോട് യു.എസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതായി വാള്‍ സ്ട്രീറ്റ് ജേണല്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു
നിര്‍ണായകമായ ഊര്‍ജ പാതയായ ഹോര്‍മസ് കടലിടുക്ക് തുറക്കാനുള്ള ദൗത്യവുമായി മുന്നോട്ട് പോകുന്ന യു.എസ് ഇറാനുമായുള്ള യുദ്ധം മാസങ്ങളോളം നീണ്ടുനിന്നാലും പിന്മാറില്ലെന്ന നിലപാടിലായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ കടലിടുക്ക് വീണ്ടും തുറക്കാന്‍ എന്തുചെയ്യണമെന്ന് ട്രംപും സംഘവും അവലോകനം ചെയ്തുവരികയാണെന്നും ട്രംപ് കരുതിയതിലും കൂടുതല്‍ കാലം സംഘര്‍ഷം നീണ്ടുനില്‍ക്കുമെന്ന് വിലയിരുത്തപ്പെട്ടെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു.
നാല് മുതല്‍ ആറ് ആഴ്ച വരെ ഇനിയും സംഘര്‍ഷം നീണ്ടുനില്‍ക്കുമെന്നാണ് കണക്കകൂട്ടല്‍. ഇറാന്റെ നാവികസേനയെ ദുര്‍ബലപ്പെടുത്തുക, മിസൈല്‍ ശക്തി കുറയ്ക്കുക, പോരാട്ടം പതുക്കെ അവസാനിപ്പിക്കുക എന്നിവയാണ് ട്രംപിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോര്‍മുസിലൂടെ ചരക്ക് നീക്കം പഴയപടിയാക്കാന്‍ അനുവദിക്കുന്നതിനായി ഇറാനെ നയതന്ത്രത്തിലൂടെ സമ്മര്‍ദത്തിലാക്കാന്‍ യു.എസ് ശ്രമിക്കുമെന്നാണ് സൂചനകള്‍.
അമേരിക്കയുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണോ എന്നതു സംബന്ധിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കുമെന്ന് ട്രംപ് തിങ്കളാഴ്ച ന്യൂയോര്‍ക്ക് പോസ്റ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നു.
ഇറാന്റെ പഴയ നേതൃത്വം തുടച്ചുനീക്കപ്പെട്ടുവെന്നും പുതിയൊരു ഗ്രൂപ്പ് നിലവില്‍ വന്നുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ഏറെ വൈകും മുമ്പ് ഒരു കരാറില്‍ ഏര്‍പ്പെടണമെന്ന് ട്രംപ് ഇറാനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇറാനുമായി ഏപ്രില്‍ 6 നകം ഒരു കരാറിലെത്താന്‍ സാധിക്കുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നതായും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തിങ്കളാഴ്ച പറഞ്ഞു.
ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള വ്യോമാക്രമണങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതിന് ശേഷം കഴിഞ്ഞ ആഴ്ച ട്രംപ് പുതുക്കിയ സമയപരിധിയാണ് ഏപ്രില്‍ 6.
ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ യു.എസുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാനികില്ലെന്നും ലീവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം, ഇറാന്‍-യു.എസ്, ഇസ്രഈല്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നു. പിന്നാലെ ഞായറാഴ്ച തുര്‍തക്കി, സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ ഇസ്‌ലാമാബാദിലെത്തി വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
C0ntent Highlight: let Hormuz remain closed, Trump says he is ready to end attacks on Iran