| Friday, 28th August 2026, 7:07 pm

ഹാലണ്ട് ഒരിക്കലും ഒരു മികച്ച താരമല്ല, അവനേക്കാള്‍ മികച്ചത് ചെല്‍സിയുടെ 24കാരന്‍: ഫെര്‍ഡിനന്റ്

ആദർശ് എം.കെ.

മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിനേക്കാള്‍ മികച്ച താരം ചെല്‍സിയുടെ ബ്രസീലിയന്‍ താരം ജാവോ പെഡ്രോ ആണെന്ന് മുന്‍ ടോട്ടന്‍ഹാം സ്‌ട്രൈക്കര്‍ ലെസ് ഫെര്‍ഡിനാന്‍ഡ്.

ഹാലണ്ട് മികച്ച ഗോള്‍ വേട്ടക്കാരനാണെങ്കിലും പെഡ്രോ ഒരു ടീം മാന്‍ ആണെന്നും ടീമിനായി കൂടുതല്‍ അധ്വാനിക്കുകയും സഹതാരങ്ങളെയും പരിഗണിക്കുന്നവനാണെന്നും അദ്ദേഹം പറഞ്ഞു.

ദി ഓവര്‍ലാപ്പ് എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ഫെര്‍ഡിനാന്‍ഡ് ഈ നിരീക്ഷണം നടത്തിയത്.

തന്റെ ടീമിനായി ഒരു ഫോര്‍വേഡിനെ തെരഞ്ഞെടുക്കുകയാണെങ്കില്‍ ഹാലണ്ടിന് പകരം ചെല്‍സി താരത്തെയായിരിക്കും താന്‍ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഹാലണ്ട് മികച്ച ഒരു കളിക്കാരനാണെന്ന് നിങ്ങള്‍ പറഞ്ഞത് കൗതുകകരമാണ്. ഹാലണ്ട് ഒരു മികച്ച ഗോള്‍വേട്ടക്കാരനാണെന്ന് ഞാന്‍ കരുതുന്നു, എന്നാല്‍ അദ്ദേഹം ഒരു മികച്ച ഫുട്‌ബോള്‍ താരമാണെന്ന് ഞാന്‍ കരുതുന്നില്ല.

എര്‍ലിങ് ഹാലണ്ട് 

ഹാലണ്ടിനേക്കാള്‍ വൈവിധ്യമുള്ള കളി ശൈലിയാണ് ജാവോ പെഡ്രോയ്ക്കുള്ളത്. ഹാലണ്ട് ഗോളുകള്‍ അടിച്ചു കൂട്ടുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ്. എന്നാല്‍ മൈതാനത്തെ യഥാര്‍ത്ഥ കളിയെക്കുറിച്ചും സഹതാരങ്ങള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചുമൊക്കെ പറയുകയാണെങ്കില്‍, നിലവില്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരം പെഡ്രോയാണ്.

ജാവോ പെഡ്രോ

എന്റെ ടീമില്‍ കളിക്കാന്‍ ഒരു സെന്റര്‍ ഫോര്‍വേഡിനെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍, അത് പെഡ്രോ ആയിരിക്കും,’ ലെസ് ഫെര്‍ഡിനന്റ് പറഞ്ഞു.

മുന്‍ ചെല്‍സി പരിശീലകന്‍ ലിയാം റോസെനിയറും കഴിഞ്ഞ സീസണില്‍ പെഡ്രോയെ എര്‍ലിംഗ് ഹാലണ്ട്, കിലിയന്‍ എംബാപ്പെ തുടങ്ങിയ ലോകോത്തര താരങ്ങളുമായി താരതമ്യപ്പെടുത്തി പ്രശംസിച്ചിരുന്നു.

ബ്രസീലിയന്‍ താരം മികച്ച നിലവാരത്തിലുള്ള മുന്നേറ്റനിരക്കാരനാണെന്നും ലോകത്തിലെ ഏത് താരത്തിന് പകരമായും പെഡ്രോയെ വിട്ടുകൊടുക്കില്ലെന്നും റോസെനിയര്‍ പറഞ്ഞിരുന്നു.

ജാവോ പെഡ്രോ

ഈ സീസണ്‍ പ്രീമിയര്‍ ലീഗില്‍ ഇതിനകം ഒരു ഗോളും ഫുള്‍ഹാമിനെതിരെ 3-2ന് ജയിച്ച മത്സരത്തില്‍ ഒരു അസിസ്റ്റും പെഡ്രോ സ്വന്തമാക്കിയിട്ടുണ്ട്.

പ്രീ സീസണ്‍ മത്സരങ്ങളിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഈ സീസണിലെ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട് പെഡ്രോ സ്വന്തമാക്കുമെന്ന് പല ഫുട്‌ബോള്‍ നിരീക്ഷകരും പ്രവചിക്കുന്നുണ്ട്.

കഴിഞ്ഞ സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 23 ഗോളുകള്‍ നേടിയ പെഡ്രോയെ സ്വന്തമാക്കാന്‍ കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്‌സലോണയും ആഴ്‌സണലും ശ്രമിച്ചിരുന്നെങ്കിലും ചെല്‍സി ഓഫറുകളെല്ലാം തള്ളിക്കളയുകയും താരത്തിന്റെ കരാര്‍ 2034 വരെ നീട്ടുകയും ചെയ്യുകയായിരുന്നു.

Content Highlight: Les Ferdinent says Joao Pedro is a better footballer than Erling Haaland

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more