| Thursday, 18th September 2025, 6:40 pm

പാരസൈറ്റിന് ശേഷം എല്ലാ റിവ്യൂ പേജുകളും മുഴുവന്‍ മാര്‍ക്ക് നല്‍കിയ സിനിമ, അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ തൂക്കാന്‍ വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ആരാധകരുള്ള നടനാണ് ലിയോനാര്‍ഡോ ഡി കാപ്രിയോ. സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് പലപ്പോഴായി ഡി കാപ്രിയോ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. താരം ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍. ലോകസിനിമയിലെ മികച്ച സംവിധായകരിലൊരാളായ പോള്‍ തോമസ് ആന്‍ഡേഴ്‌സനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സെപ്റ്റംബര്‍ 26ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീമിയര്‍ കഴിഞ്ഞദിവസമായിരുന്നു നടന്നത്. പ്രീമിയറിന് പിന്നാലെ ഗംഭീര റിപ്പോര്‍ട്ടുകളാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന് ലഭിക്കുന്നത്. ചിത്രം കണ്ട എല്ലാ റിവ്യൂപേജുകളും മുഴുവന്‍ മാര്‍ക്കും നല്‍കിയിരിക്കുകയാണ്. ലോകത്തിലെ ഒന്നാം നമ്പര്‍ റിവ്യൂ പേജായ റോട്ടന്‍ ടൊമാറ്റോസ് 97 ശതമാനമാണ് ചിത്രത്തിന് നല്‍കിയ റേറ്റിങ്.

2020ന് ശേഷം വളരെ കുറച്ച് ചിത്രങ്ങള്‍ക്ക് മാത്രമാണ് റോട്ടന്‍ ടൊമാറ്റോസ് 95ന് മുകളില്‍ സ്‌കോര്‍ നല്‍കിയിട്ടുള്ളൂ. മറ്റ് മുന്‍നിര റിവ്യൂ പേജുകളായ ലെറ്റര്‍ബോക്‌സ് ഡി, ഐ പേപ്പര്‍, ടെലഗ്രാഫ്, ടൈം ഔട്ട്, ഗാര്‍ഡിയന്‍, റേഡിയോ ടൈംസ്, ബി.ബി.സി തുടങ്ങിയ പേജുകള്‍ അഞ്ചില്‍ അഞ്ച് പോയിന്റും ചിത്രത്തിന് നല്‍കിയിട്ടുണ്ട്.

ഇതിന് മുമ്പ് ഇത്തരത്തില്‍ എല്ലാ പേജുകളും ഒരുപോലെ മുഴുവന്‍ സ്‌കോര്‍ നല്‍കിയ ലോക സിനിമ ദി പാരസൈറ്റായിരുന്നു. ബോംഗ് ജൂണ്‍ ഹോ സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസയും ബോക്‌സ് ഓഫീസ് വിജയവും സ്വന്തമാക്കി. ആ വര്‍ഷത്തെ ഓസ്‌കര്‍ വേദിയിലും തിളങ്ങിയത് പാരസൈറ്റായിരുന്നു. ഇതേ നേട്ടം വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറിന് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഹോളിവുഡിന് ഒരുപിടി ക്ലാസിക്കുകള്‍ സമ്മാനിച്ച പോള്‍ തോമസ് ആന്‍ഡേഴ്‌സണൊപ്പം ആദ്യമായാണ് ഡി കാപ്രിയോ കൈകോര്‍ക്കുന്നത്. അമേരിക്കയിലെ വിപ്ലവ സംഘടനയായ ഫ്രെഞ്ച് 75ന്റെ പോരാളികളായ ബോബിന്റെയും കാമുകിയായ ഡിയാന്‍ഡ്രയുടെയും കഥയാണ് ചിത്രം പറയുന്നത്. ഫ്രഞ്ച് 75ന്‍രെ മുഖ്യപോരാളിയായ ഡിയാന്‍ഡ്രയെ പൊലീസ് അറസ്റ്റ് ചെയ്യുകയും മകളുമായി ബോബ് ഒളിവില്‍ പോവുകയും ചെയ്യുന്നത് ട്രെയ്‌ലറില്‍ കാണാന്‍ സാധിക്കും.

ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമാകും വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറെന്ന് ട്രെയ്‌ലറില്‍ വ്യക്തമായിട്ടുണ്ട്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയായി ഇത് മാറുമെന്നും സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നു. വാര്‍ണര്‍ ബ്രോസാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

Content Highlight: Leonardo DiCaprio’s new movie got full score by reviewers after premier

We use cookies to give you the best possible experience. Learn more