| Friday, 27th March 2026, 4:39 pm

എന്നെ വിശ്വസിച്ച് വലിയൊരു കഥാപാത്രം നല്‍കിയല്ലോ എന്ന തോന്നല്‍ ഉണ്ടാക്കിയ സിനിമ അതാണ്: ലിയോണ ലിഷോയ്

ഐറിന്‍ മരിയ ആന്റണി

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിയോണ ലിഷോയ്. 2012ല്‍ പുറത്തിറങ്ങിയ ‘കലികാലം’ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച താരം പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെയാണ് പ്രക്ഷക ശ്രദ്ധ നേടിയത്.

പിന്നീട് ജനഗണമന, മായാനദി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ലിയോണയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം വലതുവശത്തെ കള്ളനാണ്. ഇപ്പോഴിതാ, മനോര ആഴ്ച്ചപതിപ്പുമായുള്ള അഭിമുഖത്തില്‍, ആന്‍ മരിയയ്ക്ക് ശേഷം അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട കഥാപാത്രങ്ങള്‍ ഏതൊക്കെയാണെന്ന് പറയുകയാണ് നടി.

‘എന്നെ വിശ്വസിച്ച് വലിയൊരു കഥാപാത്രം നല്‍കിയല്ലോ എന്ന തോന്നല്‍ ഉണ്ടാക്കിയ സിനിമയാണ് ‘ആന്‍മരിയ കലിപ്പിലാണ്.’ അതിനുശേഷമുള്ള എല്ലാ സിനിമകളും ഞാന്‍ വളരെ ഇഷ്ടപ്പെട്ട്, താത്പര്യത്തോടെ ചെയ്തതാണ്. ആ ഒരു വ്യത്യാസം ഒരു പക്ഷേ, എന്റെ വേഷങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടാവാം. അഭിനയം സീരിയസായി എടുത്തതോടെ ഒരു നടി എന്ന നിലയില്‍ എനിക്ക് കിട്ടിയ വേഷം മികച്ചതാക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ട്.

ഇതുവരെ അവതരിപ്പിച്ചതില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ‘മായാനദി’യിലെ സമീറയാണ്. ഇപ്പോഴും എവിടെ പോയാലും ആള്‍ക്കാര്‍ സമീറ എന്ന് വിളിക്കാറുണ്ട്. ആ ടീമും വളരെ രസമായിരുന്നു. ആ സിനിമാസൈറ്റില്‍ നിന്നാണ് എനിക്ക് ദര്‍ശനയെപ്പോലൊരു നല്ല ഫ്രണ്ടിനെ കിട്ടിയത്. അതുകൊണ്ട് ‘മായാനദി’ പല അര്‍ത്ഥത്തിലും എനിക്ക് സ്‌പെഷലാണ്,’ ലിയോണ പറയുന്നു.

ഇഷ്‌കിലെ കഥാപാത്രവും വളരെ ഇഷ്ടമാണെന്നും ലിയോണ പറയുന്നു. ‘അന്വേഷണം’ എന്ന സിനിമയില്‍ താന്‍ ഗര്‍ഭിണിയായ ഒരു പൊലീസ് ഓഫിസറുടെ വേഷം ചെയ്തിരുന്നുവെന്നും സ്‌കൂളില്‍ തന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്ന ആതിര എപ്പോഴും നീ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം അതാണെന്ന് പറയുമെന്നും ലിയോണ കൂട്ടിച്ചേര്‍ത്തു.

ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന് ശേഷം ലിയോണക്ക് ജനശ്രദ്ധ നേടി കൊടുത്ത ചിത്രം മായാനദിയാണ്. ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ച അപര്‍ണ എന്ന കഥാപാത്രത്തെ ഏറ്റെടുത്തത് പോലെ സമീറയെയും പ്രേക്ഷകര്‍ ഏറ്റെടുത്തു.

ലിയോണയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ വലതു വശത്തെ കള്ളന്‍ സംവിധാനം ചെയ്തത് ജീത്തു ജോസഫാണ്. ജോജു ജോര്‍ജ്, ബിജു മേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

Content Highlight: Leona talks about the films Ann Maria Kalipilanu and Mayanadhi

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more