മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിയോണ ലിഷോയ്. നടന്‍ ലിഷോയുടെ മകള്‍ കൂടിയായ ലിയോണ കലികാലം എന്ന സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് ജനഗണമന, മായാനദി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. നാടകങ്ങളിലും സജീവമായ താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം വലതു വശത്തെ കള്ളനാണ്. ഇപ്പോഴിതാ മനോരമാ ആഴ്ച്ച പതിപ്പുമായുള്ള അഭിമുഖത്തില്‍ അച്ഛനെ കണ്ടിട്ടാവണം, ചെറുപ്പം മുതലേ നാടകം ചെയ്യണം എന്ന ആഗ്രഹം തന്റെ മനസില്‍ ഉണ്ടായിരുന്നുവെന്ന് ലിയോണ പറയുന്നു.
‘നാടകം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അതിന് പറ്റിയ അവസരം ഒത്തുവന്നത് റോഷന്‍ മാത്യുവിനെ പരിചയപ്പെട്ടതിന് ശേഷമാണ്. ഞാന്‍ അതുവരെ കണ്ടിട്ടുള്ള ആളുകളില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ട് നാടകത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊക്കെ വളരെ ആവേശത്തോടെ, ഭ്രാന്തമായിട്ടായിരുന്നു റോഷന്‍ അന്ന് സംസാരിച്ചത്. എനിക്കത് വളരെ ഇന്‍സ്പയറിങ് ആയിരുന്നു.
മായാനദിയുടെ സെറ്റില്‍ വച്ച് ദര്‍ശനയെക്കൂടി പരിചയപ്പെട്ടതോടെ, ഞാന്‍ കാത്തിരുന്നത് പോലെയുള്ള ഒരു സഹൃദ സംഘമായി. ആ സമയത്ത് ‘എ വെരി നോര്‍മല്‍ ഫാമിലി’ എന്ന ഒരു നാടകം റോഷന്‍ സംവിധാനം ചെയ്തിരുന്നു. ദര്‍ശനയും കനിയും ദിവ്യപ്രഭയുമായിരുന്നു അതില്‍ അഭിനയിച്ചിരുന്നത്. ഒരിക്കല്‍ ദിവ്യ പ്രഭയ്ക്ക് എന്തോ അസൗകര്യം വന്നപ്പോള്‍ റോഷന്‍ എന്നെ ആ വേഷം ചെയ്യാന്‍ വിളിച്ചു. 10-12 ദിവസത്തിനുള്ളില്‍ സംഭാഷണങ്ങളും അഭിനയവും പഠിച്ച് സ്റ്റേജില്‍ കയറണം,’ ലിയോണ പറയുന്നു.
തനിക്ക് വേദിയില്‍ കയറാന്‍ നല്ല പേടിയുണ്ടായിരുന്നുവെന്നും എന്നാല്‍ റോഷനും ദര്‍ശനയും പൂര്‍ണ്ണ പിന്തുണ തന്ന് കൂടെത്തന്നെ നിന്നുവെന്നും നടി പറഞ്ഞു. ആദ്യത്തെ ഷോയില്‍ സ്റ്റേജില്‍ കയറുമ്പോള്‍ ആകെ ടെന്‍ഷനായിരുന്നുവെന്നും പേടി വരുമ്പോഴെല്ലാം തന്റെ കണ്ണുകള്‍ ദര്‍ശനയെ തിരയുമായിരുന്നുവെന്നും ലിയോണ കൂട്ടിച്ചേര്‍ത്തു.
ദര്‍ശന ഏതെങ്കിലും മൂലയ്ക്ക് നിന്നിട്ട് ഒന്നുമില്ല, പേടിക്കണ്ട എന്നൊക്കെ കൈ കാണിക്കുമെന്നും നാടകത്തില്‍ കാണികളുടെ പ്രതികരണം അപ്പോള്‍ തന്നെ കിട്ടുമെന്നും നടി പറഞ്ഞു. എന്നാല്‍ പ്രേക്ഷകര്‍ അവര്‍ കയ്യടിക്കുന്നതും, ചിരിക്കുന്നതുമൊക്കെ കണ്ടപ്പോഴാണ്, റോഷനും ദര്‍ശനയും അത്രകാലം പറഞ്ഞ, നാടകത്തിനുള്ള ആ സ്‌പെഷ്യല്‍ ഫീല്‍ എന്താണെന്ന് തനിക്ക് മനസിലായതെന്നും ലിയോണ കൂട്ടിച്ചേര്‍ത്തു.
Content Highlight: Leona Lishoy talks about acting in plays, and her friendship with Darshan, Roshan Mathew