വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി ചുമതലയേറ്റു. ആഗോള കത്തോലിക്ക സഭയുടെ 267ാമത് അധ്യക്ഷനായാണ് മാര്‍പാപ്പ ചുമതലയേറ്റത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചായിരുന്നു സ്ഥാനാരോഹണം.
സഭയുടെ ആദ്യ മാര്‍പാപ്പയായ പത്രോസിന്റെ കബറിടത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാനബലിവേദിയില്‍ എത്തിയതിന് പിന്നാലെയാണ് സ്ഥാനാരോഹണച്ചടങ്ങുകള്‍ ആരംഭിച്ചത്. കര്‍ദിനാള്‍മാരുടെ അകമ്പടിയോടെ നടന്ന പ്രദക്ഷിണയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ചടങ്ങിന്റെ ഭാഗമായി മാര്‍പാപ്പ പാലിയവും മുക്കുവന്റെ മോതിരവും അണിഞ്ഞു. കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിളില്‍ നിന്നാണ് മാര്‍പാപ്പ മുക്കുവന്റെ മോതിരം സ്വീകരിച്ചത്.
തന്റെ മിടുക്ക് കൊണ്ടല്ല താന്‍ മാര്‍പാപ്പ ആയതെന്നും ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവരിലേക്ക് നല്‍കുന്നതിനാണ് നമ്മളെ വിളിക്കപ്പെട്ടിരിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. ദൈവത്തെ സ്‌നേഹിച്ച് സഹജീവികളെ മനസിലാക്കി നമുക്ക് മുന്നോട്ട് ജീവിക്കാമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തുടങ്ങിയ പ്രമുഖ ലോകനേതാക്കളെല്ലാം സ്ഥാനാരോഹണച്ചടങ്ങില്‍ സന്നിഹിതരായി.
പുതിയ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ സന്തോഷമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞിരുന്നു. ഇതിന് പുറമെ ലോകത്തെ പല ഭാഗങ്ങളിലുമുള്ള സംഘര്‍ഷങ്ങള്‍ക്കും അയവ് വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
സമാധാനത്തിന്റെ സന്ദേശം ലോകം മുഴുവന്‍ പരക്കട്ടെയെന്നും തനിക്ക് പ്രിയപ്പെട്ട ഉക്രൈനിലും ഇസ്രഈല്‍-ഗസയിലും സമാധാനം പുലരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. യുദ്ധഭൂമിയില്‍ നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീടുകളിലേക്ക് തിരിച്ച് പോവാന്‍ കഴിയട്ടെയെന്നും ബന്ദികളാക്കപ്പെട്ടവര്‍ക്ക് മോചനം ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് സമാനമായ നിലപാടാണ് അദ്ദേഹം ഇന്നും സ്വീകരിച്ചത്.
ഇന്ത്യയുമായി പലപ്പോഴും അടുത്ത ബന്ധം സൂക്ഷിച്ചിരുന്നയാളായിരുന്നു ലിയോ പതിനാലാമന്‍. മാര്‍പാപ്പയാകുന്നതിന് മുമ്പ് അദ്ദേഹം രണ്ട് തവണയായാണ് ഇന്ത്യ സന്ദര്‍ശിച്ചത്. കേരളത്തിലും അദ്ദേഹം എത്തിയിരുന്നു.
മെയ് എട്ടിനാണ് അദ്ദേഹത്തെ മാര്‍പാപ്പയായി തെരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയാണ് ലിയോ പതിനാലാമന്‍. റോബര്‍ട്ട് ഫ്രാന്‍സിസ്പ്രവോസ്റ്റ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം.
Content Highlight: Leo XIV takes over as head of the church