| Wednesday, 27th September 2023, 10:52 pm

ആര്‍ക്കാടാ ലിയോക്ക് ഹൈപ്പ് വേണ്ടത്? ഇന്നാ പിടിച്ചോ അടുത്ത സര്‍പ്രൈസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനാകുന്ന ലിയോ സിനിമയുടെ രണ്ടാം ഗാനത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 27നാണ് രണ്ടാം ഗാനം റിലീസ് ചെയ്യുക. ‘ ബാഡ് ആസ്’ എന്നാണ് ഗാനത്തിന്റെ പേര്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടി അണിയറ പ്രവര്‍ത്തകര്‍ വേണ്ടെന്ന് വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗാമിക്കുകയാണ്.

ഇപ്പോഴിതാ രണ്ടാം ഗാനം റിലീസ് ചെയ്യുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ രണ്ടാം ഗാനത്തിന്റെ ഒരു പ്രൊമോ റിലീസ് ചെയ്യാന്‍ പോകുന്നുവെന്നാണ് ലിയോയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. അനിയന്ത്രിതമായി ടിക്കറ്റുകള്‍ വിറ്റ് പോയതും സെക്യൂരിറ്റി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുമായിരുന്നു ഓഡിയോ ലോഞ്ച് വേണ്ടെന്ന് വെച്ചത്.

ഇതിന് പിന്നാലെ പുതിയ ഗാനത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്തിന് ശേഷം സിനിമ ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. സിനിമക്കായി കാര്യമായി പ്രൊമോഷനുകള്‍ നടത്തുന്നില്ല എന്ന പരാതിയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിച്ചിരുന്നു.

അതേസമയം 7 സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നര്‍ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പി.ആര്‍.ഓ : പ്രതീഷ് ശേഖര്‍.

Content Highlight: Leo movie second single badass promo releasing tonight
We use cookies to give you the best possible experience. Learn more