| Wednesday, 1st July 2026, 12:52 pm

34ാം വയസിൽ പൃഥ്വിയുടെയും ദുൽഖറിന്റെയും അമ്മയായി; പ്രായത്തോട് ആളുകൾക്ക് എന്തിനാണ് ഇത്ര പ്രശ്നം? : ലെന

നന്ദന. ടി

മലയാള സിനിമയിൽ രണ്ട് മൂന്നുപതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ലെന. ‘സ്പിരിറ്റ്’, ‘ട്രാഫിക്’, ‘എന്ന് നിന്റെ മൊയ്തീൻ’, ‘ആർട്ടിക്കിൾ 21’, ‘ഓളം’, ‘ആതിര’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച താരം, മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റെ സിനിമാജീവിതത്തിൽ 28 വർഷം പിന്നിടുമ്പോഴും പ്രായമാകുന്നതിനെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ലെന. ഇൻഡിവുഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

‘ഐ വാന്റ് ടു ഗ്രോ ഓൾഡ് നൈസ്ലി. എനിക്ക് മുപ്പത്തിനാലും മുപ്പത്തിയാറും വയസുള്ളപ്പോഴാണ് ‘എന്ന് നിന്റെ മൊയ്തീൻ’ സിനിമയിൽ പൃഥ്വിരാജിന്റെ അമ്മയായും പിന്നീട് ദുൽഖർ സൽമാന്റെ അമ്മയായും അഭിനയിക്കുന്നത്. ‘എന്ന് നിന്റെ മൊയ്തീനി’ലെ കഥാപാത്രം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഒരുപാട് പ്രശംസ നേടിക്കൊടുത്തതുമായ കഥാപാത്രങ്ങളിൽ ഒന്നാണ്.

ലെന(എന്ന് നിന്റെ മൊയ്‌ദീൻ).photo.Daily motion

എനിക്ക് മനസ്സിലാകാത്തത് പ്രായത്തോട് ആളുകൾക്ക് എന്തിനാണ് ഇത്ര പ്രശ്നം എന്നതാണ്. പ്രായം കൂടുംതോറും നമ്മൾ കൂടുതൽ നല്ലവരാകുകയാണ്. കൂടുതൽ അനുഭവസമ്പത്തും അറിവും നേടുകയാണ്. അതിനെ വളരെ ബഹുമാനത്തോടെ കാണണം. ‘യു നോ ബെറ്റർ, യു ആർ ബെറ്റർ’. പിന്നെ എന്തുകൊണ്ടാണ് നമ്മൾ അതിനെ ആഘോഷിക്കാത്തത്. നമ്മുടെ സംസ്കാരത്തിൽ പ്രായമായവരെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്.

ആളുകൾ നമ്മളെ പ്രായത്തിന്റെ പേരിൽ വിലയിരുത്തുന്നത്, അതിനെക്കുറിച്ച് നമുക്ക് തന്നെ അപകർഷതാബോധം ഉള്ളപ്പോഴാണ്. നമ്മുടെ മനസ്സിൽ ആ ചമ്മൽ ഉണ്ടെങ്കിൽ മാത്രമേ മറ്റുള്ളവരുടെ അഭിപ്രായം നമ്മളെ ബാധിക്കൂ. ഞാൻ ഡ്രസ് ചെയ്യുന്ന രീതി കണ്ട് ചിലപ്പോൾ ആളുകൾ ചോദിക്കും, ’45 വയസുള്ള ഒരാൾ ഇങ്ങനെയാണോ ഡ്രസ് ചെയ്യേണ്ടത് എന്ന്. ഞാൻ ഒരു ട്രഡീഷണൽ 45 വയസ്സുകാരിയെപ്പോലെ ഡ്രസ് ചെയ്യുന്ന ആളല്ല. പക്ഷേ എനിക്ക് എന്റെ വയസ് പറയാൻ യാതൊരു പ്രശ്നവുമില്ല. ശരിക്കും ഈ ‘തന്ത വൈബ്’ ആണോ എന്ന ചിന്ത നമുക്കുണ്ടാകുമ്പോഴാണ് മറ്റുള്ളവരുടെ ട്രോളുകളും നമ്മളെ ബാധിക്കുന്നത്,’ ലെന പറഞ്ഞു.

2024-ലാണ് ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരുമായി ലെന വിവാഹിതയായത്. നാല്പതുകൾക്ക് ശേഷമുള്ള താരത്തിന്റെ വിവാഹവും ഏറെ വാർത്ത ആയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അഭിമുഖത്തിൽ ലെന പങ്കുവെച്ചു.

‘ജീവിതത്തിൽ വളരെ വൈകിയാണ്, നാല്പതുകൾക്ക് ശേഷമാണ് ഞാൻ വിവാഹിതയായത്. ആ പ്രായത്തിൽ വിവാഹം കഴിക്കുമ്പോൾ ആദ്യം മുതൽ സ്ത്രീ എല്ലാം ചെയ്യണം എന്ന തരത്തിലുള്ള ശീലങ്ങളോ പ്രതീക്ഷകളോ ഉണ്ടാകില്ല. കാരണം അപ്പോഴേക്കും രണ്ടുപേരും പക്വതയുള്ള ആളുകളായിരിക്കും. രണ്ട് അഡൾട്ട്സ് ചേർന്ന് ഒരു ക്രിയേറ്റീവ് പാർട്ണർഷിപ്പ് ഉണ്ടാക്കുകയാണ്. നമ്മൾ ഒരുമിച്ച് ഒരു ജീവിതം സൃഷ്ടിക്കുകയാണ്. എന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടലുണ്ട്. അദ്ദേഹം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എന്റെ ഇൻഫ്ലുവൻസുമുണ്ട്. നമ്മൾ പരസ്പരം ഒരു സപ്പോർട്ട് സിസ്റ്റമായി മാറുകയാണ്. അങ്ങനെയായിരിക്കണം ഒരു റിലേഷൻഷിപ്പ്. ജഡ്ജ് ചെയ്യാത്ത, പരസ്പരം സപ്പോർട്ട് ചെയ്യുന്ന ഒരു ഫാമിലി സിസ്റ്റമാണ് നമുക്ക് വേണ്ടത്.

‘ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട’ എന്ന് പറയുന്നതുപോലെ, മാര്യേജും ഒരു കണ്ണാടി പോലെയായിരിക്കണം. നമ്മളോട് എല്ലാം തുറന്ന് പറയാൻ കഴിയുന്ന ഒരു ചങ്ങാതിയായിരിക്കണം ജീവിതപങ്കാളി. അങ്ങനെ ആ ബന്ധത്തെ കണ്ടാൽ ഈഗോ ഇല്ലാതെ ജീവിക്കാനും പഠിക്കും. നമ്മളെ സപ്പോർട്ട് ചെയ്യുന്ന ആൾ നമ്മുടെ ഒരു പ്രശ്നം ചൂണ്ടിക്കാണിക്കുമ്പോൾ ഉടനെ റിയാക്റ്റ് ചെയ്യാതെ, ശരിക്കും എനിക്ക് ആ പ്രശ്നമുണ്ടോ എന്ന് സ്വയം ചോദിക്കണം. ആ സാഹചര്യത്തെക്കുറിച്ചും, മുമ്പ് ആരെങ്കിലും ഇതേ കാര്യം പറഞ്ഞിട്ടുണ്ടോ എന്നും ആലോചിക്കണം. അത്തരമൊരു കോ-ക്രിയേറ്റീവ് മാര്യേജ് ഉണ്ടെങ്കിൽ അത് ലോകത്തിലെ ഏറ്റവും വലിയ സൂപ്പർപവറാണ്. അങ്ങനെയൊരു റിലേഷൻഷിപ്പ് ഞങ്ങൾക്കിടയിൽ ഉണ്ടായത് എന്റെ ഭാഗ്യവും അനുഗ്രഹവുമാണ്,’ ലെന പറഞ്ഞു.

ലെന ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണൻ.photo.India Today

Content Highlight: Lenaa opens up about  ageing and  marriage
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more