| Wednesday, 12th August 2026, 2:48 pm

വഴക്കിട്ട് പിരിഞ്ഞതല്ല, പരസ്പരം മനസിലാക്കി എടുത്ത തീരുമാനം; ആദ്യ വിവാഹത്തെക്കുറിച്ച് ലെന

അജ്മല്‍ കെ

സ്നേഹം എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ലെന, വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ നടിയാണ്. എന്ന് നിന്റെ മൊയ്തീൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഉസ്താദ് ഹോട്ടൽ, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2013ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലെന സ്വന്തമാക്കി. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള തന്റെ സങ്കല്പത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം.

മാര്യേജ് എന്ന് പറയുന്നത് ഒരു പാർട്ണർഷിപ്പ് ആണ്. അതിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് കുറച്ച് വ്യത്യസ്തമാണ്. എന്റെ ലിമിറ്റ്സ് മനസിലാക്കിക്കൊണ്ട് അതിനപ്പുറത്തേക്ക് എന്നെ തന്നെ പുഷ് ചെയ്യാറില്ല. ജീവിതത്തിൽ എനിക്ക് വ്യക്തതയുണ്ട്. ബുദ്ധിമുട്ടിക്കൊണ്ട് മുന്നോട്ട് പോകുന്നതിനേക്കാൾ, നമുക്ക് കിട്ടിയിരിക്കുന്ന ഈ ചെറിയ ജീവിതത്തിൽ സന്തോഷം കണ്ടെത്താനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നും നടി പറഞ്ഞു.

ലെന.Photo. Screengrab/Pink Prodcast/ Youtube.com

‘തീർച്ചയായും എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. പക്ഷേ അതിൽ എന്തൊക്കെ മാറ്റാൻ കഴിയും എന്ന് നമ്മൾ ചിന്തിക്കണം. ചിലപ്പോൾ നമ്മൾ മാറേണ്ടിവരും, ചിലപ്പോൾ മറ്റേയാൾ മാറേണ്ടിവരും. അല്ലെങ്കിൽ രണ്ടുപേരുടെയും കാഴ്ചപ്പാടുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഒരു കോമൺ സ്റ്റേജിലേക്ക് എത്തേണ്ടിവരും. അതൊക്കെ പരസ്പരം സംസാരിച്ച് പരിഹരിക്കാൻ കഴിയണം. അതിന് നല്ല കമ്മ്യൂണിക്കേഷൻ ആവശ്യമാണ്. അതിനുമപ്പുറം, ഒരാളോട് മറ്റേയാൾക്ക് യഥാർത്ഥമായ സ്നേഹവും നന്മ ആഗ്രഹിക്കുന്ന മനസും ഉണ്ടായിരിക്കണം. നമ്മൾ പങ്കാളിയുടെ ഏറ്റവും വലിയ വെൽ വിഷർ ആയിരിക്കണം. അതില്ലെങ്കിൽ ഒരു വിവാഹബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്,’ താരം പറഞ്ഞു.

ലെന.Photo. Facebook.com

തന്റെ ആദ്യ വിവാഹബന്ധം അവസാനിച്ചത് പെട്ടെന്നുണ്ടായ ഒരു പ്രശ്നം കാരണമല്ലെന്നും, വർഷങ്ങളിലൂടെ ഇരുവരും വ്യത്യസ്തമായ വഴികളിലേക്ക് മാറിയതാണെന്നും അവർ വ്യക്തമാക്കി.

‘എന്റെ ആദ്യ മാര്യേജ് അവസാനിച്ചത് ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമായിരുന്നില്ല. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ പതിയെ വ്യത്യസ്തരായി മാറുകയായിരുന്നു. രണ്ടുപേരുടെയും കാഴ്ചപ്പാടുകളും താൽപര്യങ്ങളും വ്യത്യസ്തമായതോടെ ഞങ്ങൾ പതിയെ വേർപിരിഞ്ഞു. അത് പരസ്പരം മനസിലാക്കിയെടുത്ത തീരുമാനമായിരുന്നു. വഴക്കുണ്ടായി ഒരാൾ ഇറങ്ങിപ്പോയതൊന്നുമല്ല. ഞങ്ങൾ സ്കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്,’ താരം കൂട്ടിച്ചേർത്തു.

Content Highlight:Lena opens up about her views on marriage

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more