നല്ലൊരു ത്രെഡ് കിട്ടിയിട്ടും അതിനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത ചിത്രമെന്നാണ് വലതുവശത്തെ കള്ളനെ പലരും വിശേഷിപ്പിച്ചത്. അടുത്ത കാലത്തായി ചെയ്ത സിനിമകളിലെല്ലാം വിമര്‍ശനം നേരിടേണ്ടി വന്ന ജീത്തു ജോസഫിന്റെ ഏറ്റവുമൊടുവിലത്തെ ചിത്രം തിയേറ്ററില്‍ വലിയ പരാജയമായി മാറി. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.
മനോരമ മാക്‌സില്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളുകളാണ് ലഭിക്കുന്നത്. ദൃശ്യം 3യുടെ ഹൈപ്പ് കുറക്കാന്‍ വേണ്ടി ജീത്തു മനപൂര്‍വം ഇത്തരം തട്ടിക്കൂട്ട് സിനിമകള്‍ ഒരുക്കുകയാണോ എന്നാണ് പലരും ചോദിക്കുന്നത്. തരക്കേടില്ലാത്ത ആദ്യ പകുതിയും പ്രേക്ഷകരുടെ കോമണ്‍സെന്‍സിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേതെന്നാണ് പലരുടെയും അഭിപ്രായം.
വലതുവശത്തെ കള്ളന്‍ Photo: Reddit
ജോജു അവതരിപ്പിക്കുന്ന സാമുവല്‍ എന്ന കഥാപാത്രം തനിക്ക് നിഷേധിക്കപ്പെട്ട നീതി ലഭിക്കാന്‍ വേണ്ടി ബിജു മേനോന്റെ ആന്റണി സേവ്യര്‍ എന്ന കഥാപാത്രത്തോട് നടത്തുന്ന വ്യത്യസ്തമായ പ്രതികാരമാണ് വലതുവശത്തെ കള്ളന്റെ കഥ. തന്റെ മരണത്തിന് ശേഷം ഓരോ ക്ലൂ ആന്റണിക്ക് ലഭിക്കുകയും അതിലൂടെ അയാള്‍ സത്യം മനസിലാക്കുമെന്ന ഗംഭീര പ്ലാനായിരുന്നു സാമുവലിന്റേത്.
പല ക്ലൂവും ആന്റണിക്ക് ലഭിക്കുന്നതും അത് അയാള്‍ സോള്‍വ് ചെയ്യുന്നതും സാമാന്യയുക്തിക്ക് നിരക്കാത്തതായിരുന്നു. അവസാനത്തെ ക്ലൂവിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ലെന അവതരിപ്പിച്ച കഥാപാത്രമാണ് ആന്റണിക്ക് ക്ലൂ നല്‍കുന്നത്. തന്നെത്തേടി പൊലീസ് വരുമെന്നറിയുന്ന ലെനയുടെ കഥാപാത്രം വിഷം കഴിച്ച് മരണം കാത്തിരിക്കുകയാണ്.
വലതുവശത്തെ കള്ളന്‍ Photo: Thennal Krishna/ Facebook
താന്‍ ചെയ്ത തെറ്റുകള്‍ മനസിലാക്കിയ ആന്റണി ലെനയുടെ കഥാപാത്രത്തോട് മാപ്പ് ചോദിക്കുമ്പോള്‍ ലെനയുടെ ഡയലോഗ് അക്ഷരാര്‍ത്ഥത്തില്‍ കോമഡിയായി മാറിയെന്നാണ് പോസ്റ്റില്‍ പറയുന്നത്. ‘ആന്റണി ഇതുവരെ എത്തുമെന്ന് സാമുവലിന് ഉറപ്പായിരുന്നു. ഈ നമ്പര്‍ കുറിച്ചെടുത്തോളൂ, നിങ്ങളുടെ അവസാനത്തെ ക്ലൂ ഇതാണ്’ എന്ന് പറഞ്ഞ് ഒരു നമ്പര്‍ ലെനയുടെ കഥാപാത്രം പറയുകയും തൊട്ടടുത്ത സെക്കന്‍ഡില്‍ മരിക്കുകയും ചെയ്യുകയാണ്.
മരിക്കാന്‍ കിടക്കുമ്പോഴും നമ്പര്‍ ഓര്‍ത്തെടുത്ത് പറയാന്‍ എങ്ങനെ സാധിക്കുന്നു എന്നാണ് പോസ്റ്റില്‍ ചോദിക്കുന്നത്. സീരിയസ് സീനാണെങ്കിലും അത് സെറ്റ് ചെയ്ത വിധം കണ്ടാല്‍ ചിരിവരുമെന്നും ജീത്തുവിന്റെ ഏറ്റവും മോശം ചിത്രമാണിതെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. തെന്നല്‍ കൃഷ്ണ എന്ന ഐ.ഡിയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.
വലതുവശത്തെ കള്ളന്‍ Photo: Reddit
ചിത്രത്തില്‍ ഒരൊറ്റ സീനില്‍ മാത്രം വന്നുപോയ ശാന്തി മായാദേവിയുടെ പൊലീസ് സര്‍ജന്റെ ഡയലോഗും വൈറലായി. ത്രില്ലര്‍ സിനിമകളില്‍ ഫ്രഷായിട്ടുള്ള ‘ഇത്രയും ബ്രൂട്ടലായിട്ടുള്ള കൊലപാതകം എന്റെ കരിയറില്‍ ഇതുവരെ കണ്ടിട്ടില്ല’ എന്നായിരുന്നു ഡയലോഗ്. സമീപകാലത്ത് പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന കാര്യത്തില്‍ ജീത്തു സ്ഥിരത പുലര്‍ത്തുന്നു എന്നാണ് വലതുവശത്തെ കള്ളന് പിന്നാലെ ഉയരുന്ന ട്രോളുകള്‍.
Content Highlight: Lena and Biju Menon conversation scene in Valathu Vasathe Kallan movie getting trolls
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ