അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ക്രോയേഷ്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായ ലൂക്കാ മോഡ്രിച്ച്. 41ാം വയസിലേക്ക് കടക്കുന്ന താരം ക്രോയേഷ്യയ്ക്കായി തുടര്‍ന്നും ബൂട്ടണിയുമെന്നാണ് അറിയിച്ചത്.
യുവേഫ നേഷന്‍സ് ലീഗിന്റെ വരാനിരിക്കുന്ന നിര്‍ണായക മത്സരങ്ങള്‍ക്കായി താന്‍ ലഭ്യമാണെന്ന് മോഡ്രിച്ച് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ലൂക്കാ മോഡ്രിച്ച്
പുതിയ ഹെഡ് കോച്ച് സ്‌ളാവന്‍ ബിലിചിന്റെ ശിക്ഷണത്തില്‍ ഇറങ്ങുന്ന ക്രോയേഷ്യന്‍ നിരയെ മോഡ്രിച്ച് തന്നെയാകും നയിക്കുക.
സെപ്റ്റംബര്‍ 26ന് ചെക് റിപ്പബ്ലിക്കിനെതിരെ നടക്കുന്ന എവേ മത്സരത്തോടെയാണ് ക്രോയേഷ്യയുടെ പുതിയ നേഷന്‍സ് ലീഗ് സീസണ്‍ ആരംഭിക്കുന്നത്. സ്‌പെയ്ന്‍, ഇംഗ്ലണ്ട് എന്നീ വമ്പന്മാര്‍ക്കെതിരായ മത്സരങ്ങളിലും മോഡ്രിച്ച് ടീമിന്റെ ഭാഗമാകും.
സെപ്റ്റംബര്‍ ഒമ്പതിന് 41 വയസ്സ് തികയുന്ന മോഡ്രിച്ച്, ഈ പ്രായത്തിലും ഉയര്‍ന്ന തലത്തില്‍ കളിക്കുന്ന അപൂര്‍വം താരങ്ങളില്‍ ഒരാളായി മാറും.
ക്രോയേഷ്യയ്ക്കായി ഇതുവരെ 202 സീനിയര്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള മോഡ്രിച്ച് 29 ഗോളുകളും നേടിയിട്ടുണ്ട്.
ക്ലബ്ബ് തലത്തില്‍ റയല്‍ മാഡ്രിഡിലെ ഐതിഹാസിക കരിയര്‍ അവസാനിപ്പിച്ച താരം ഇപ്പോള്‍ ഇറ്റാലിയന്‍ ഭീമന്മാരായ എ.സി മിലാനൊപ്പമാണ് പന്തുതട്ടുന്നത്. കഴിഞ്ഞ സീസണില്‍ 37 മത്സരങ്ങളില്‍ നിന്ന് 2 ഗോളുകള്‍ നേടിയ താരത്തിന്റെ കരാര്‍ 2027 ജൂണ്‍ 30 വരെ ക്ലബ് പുതുക്കി നല്‍കിയിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിരമിക്കലിലേക്ക് നീങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും, അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ വെറ്ററന്‍ പ്ലേമേക്കറുടെ ഉജ്ജ്വലമായ തിരിച്ചുവരവ് പ്രഖ്യാപനം.
Content highlight: Legendary star Luka Modrić to continue playing for Croatia.