പാകിസ്ഥാന് ബൗളര്‍ ഉസ്മാന്‍ താരിഖിന്റെ വിവാദ ബൗളിങ് ആക്ഷനെക്കുറിച്ച് സംസാരിച്ച് ഇതിഹാസം ആര്‍. അശ്വിന്‍. ഐ.സി.സി ബൗളിങ് ആക്ഷന്‍ ടെസ്റ്റിങ് സെന്ററില്‍ മാത്രമേ താരിക്കിന്റെ ആക്ഷന്റെ നിയമസാധുതകള്‍ പരിശോധിക്കാന്‍ സാധിക്കൂ എന്ന് അശ്വിന്‍ പറഞ്ഞു.
മാത്രമല്ല 15 ഡിഗ്രി നിയമമനുസരിച്ച് ഒരു ബൗളര്‍ തന്റെ കൈമുട്ട് ഉയര്‍ത്തിപ്പിടിച്ച് പന്തെറിയേണ്ടതുണ്ടെന്നും എന്നാല്‍ അത് പരിശോധിക്കാന്‍ ഫീല്‍ഡ് അമ്പയറിന് സാധിക്കില്ലെന്നും അശ്വിന്‍ പറഞ്ഞു. കൂടാതെ ബൗളിങ് നിയമമനുസരിച്ചാണോ എന്ന് തിരിച്ചറിയാന്‍ മത്സര സമയത്ത് ബൗളിങ് പരിശോധനാ ഉപകരണത്തിന്റെ സഹായത്തോടെ മനസിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചോേര്‍ത്തു.
പാകിസ്ഥാന്‍ ബൗളര്‍ ഉസ്മാന്‍ താരിഖ് – Photo: Cricxtacy
‘ശരി, കഴിയുന്നത്ര വ്യക്തമാക്കാം. ഒന്നാമതായി, ഐ.സി.സി ബൗളിങ് ആക്ഷന്‍ ടെസ്റ്റിങ് സെന്ററില്‍ മാത്രമേ അദ്ദേഹത്തിന്റെ ആക്ഷന്റെ നിയമസാധുതകള്‍ പരിശോധിക്കാന്‍ കഴിയൂ.
രണ്ടാമതായി, ഒരു 15 ഡിഗ്രി നിയമം ഉണ്ട്, അതനുസരിച്ച് ഒരു ബൗളര്‍ തന്റെ കൈമുട്ട് ഉയര്‍ത്തിപ്പിടിച്ച് പന്തെറിയേണ്ട ആ 15 ഡിഗ്രി മാര്‍ക്കിനുള്ളില്‍ ഒരു ബൗളര്‍ പന്തെറിയുന്നുണ്ടോ എന്ന് ഓണ്‍ഫീല്‍ഡ് അമ്പയര്‍ വിലയിരുത്തുന്നത് അസാധ്യമാണ്. അതിനുള്ള ഏക പരിഹാരം മത്സര സമയത്ത് ബൗളിങ് പരിശോധനാ ഉപകരണം ഉണ്ടാകുക എന്നതാണ്. പ്രശ്‌നമില്ലാത്ത പരിധിയില്‍ ബൗള്‍ ചെയ്യുന്നതില്‍ ഒരാളെ കുറ്റപ്പെടുത്തുന്നത് തെറ്റാണ്.
അവസാനമായി, ആക്ഷന്‍ എടുക്കുമ്പോള്‍ ക്രീസില്‍ അല്‍പനേരം നിര്‍ത്തുന്നത് നിയമപരമാണോ അല്ലയോ എന്നതാണ്! അവിടെയാണ് അത് പൂര്‍ണമായും നിയമപരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നത്, കാരണം അതാണ് അദ്ദേഹത്തിന്റെ പതിവ് ആക്ഷന്‍,’ അശ്വിന്‍ തന്റെ എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു.
അതേസമയം 2026 ടി-20 ലോകകപ്പില്‍ യു.എസ്.എയെ തകര്‍ത്ത് പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കൊളംബോയില്‍ നടന്ന മത്സരത്തില്‍ 32 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന യു.എസ്.എയ്ക്ക് 158 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.
പാകിസ്ഥാന് വേണ്ടി ഉസ്മാന്‍ താരിഖ് മൂന്ന് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ശദാബ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമ്മദ്, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
സാഹിബ്‌സാദ ഫര്‍ഹാന്റെ കരുത്തിലാണ് പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. 41 പന്തില്‍ 73 റണ്‍സാണ് ഫര്‍ഹാന്‍ സ്വന്തമാക്കിയത്. അഞ്ച് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മാത്രമല്ല 178.04 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
Content Highlight: Legendary R speaks out about Pakistani bowler Usman Tariq’s controversial bowling action