| Wednesday, 21st October 2026, 6:37 pm

കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ ഓസ്‌ട്രേലിയയുടെ ഇത്രയും മോശം പ്രകടനം കണ്ടിട്ടില്ല; വിമര്‍ശനവുമായി പോണ്ടിങ്

ശ്രീരാഗ് പാറക്കല്‍

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ഓസ്‌ട്രേലിയയെ വിമര്‍ശിച്ച് ഇതിഹാസതാരം റിക്കി പോണ്ടിങ്. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടയില്‍ ഓസ്‌ട്രേലിയയുടെ ഇത്രയും മോശം ബാറ്റിങ് പ്രകടനം താന്‍ ഓര്‍ക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഓപ്പണര്‍മാര്‍ ഉള്‍പ്പെടെ സീനിയര്‍ ബാറ്റര്‍മാര്‍ പോലും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുവെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടി. സൗത്ത് ആഫ്രിക്കയിലെ പിച്ചില്‍ തീരെ റണ്‍സ് നേടാന്‍ സാധിക്കാത്ത സാഹചര്യം അല്ലായിരുന്നുവെന്നും പോണ്ടിങ് എടുത്തു പറഞ്ഞു. കമന്ററി ബോക്‌സില്‍ സംസാരിക്കുകയായിരുന്നു താരം.

‘കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ ഓസ്ട്രേലിയന്‍ ടീമിന്റെ ഇത്രയും മോശം ബാറ്റിങ് പ്രകടനം ഞാന്‍ ഓര്‍ക്കുന്നില്ല. ബാറ്റ് ചെയ്യാന്‍ കഴിയാത്തത്ര ദുഷ്‌കരമായ പിച്ചായിരുന്നു ഇതെന്ന് പറയാനാവില്ല. ചില വെല്ലുവിളികള്‍ പിച്ചിലുണ്ടായിരുന്നു എന്നത് ശരിയാണ്, എന്നാല്‍ ഈ വിക്കറ്റില്‍ ധാരാളം റണ്‍സ് നേടാനുള്ള അവസരവുമുണ്ടായിരുന്നു.

നിക് മാഡിന്‍സണ്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ട്രാവിസ് ഹെഡ്ഡിന്റെ പഴയ മികവ് നഷ്ടപ്പെട്ടതുപോലെയാണ്. മാര്‍നസ് ലബുഷെയ്ന്‍ തന്റെ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്. സ്റ്റീവ് സ്മിത്തിനും പ്രായം കൂടിവരികയാണ്. മാറ്റ് റെന്‍ഷോയ്ക്ക് എല്ലാ തവണയും ടീമിനെ രക്ഷിക്കാനാവില്ല.

ഈ ബാറ്റിങ് നിരയ്ക്ക് ഒട്ടും സ്ഥിരതയോ പൂര്‍ണതയോ ഉള്ളതായി തോന്നുന്നില്ല. ഓസ്ട്രേലിയ ഇത്രയധികം മത്സരങ്ങള്‍ ജയിക്കുന്നതിന് പ്രധാന കാരണം അവരുടെ ബൗളര്‍മാരാണ്.
സത്യത്തില്‍, ടീമില്‍ പരിഗണിക്കേണ്ട മറ്റു ചില താരങ്ങളുണ്ട്. ഈ ബാറ്റിങ് നിരയുമായി ദക്ഷിണാഫ്രിക്കയില്‍ ഒരു പരമ്പര ജയിക്കാന്‍ നമുക്ക് കഴിയില്ല,’ പോണ്ടിങ് പറഞ്ഞു.

സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം സെന്റ് ജോര്‍ജ് ഓവലില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

നിലവില്‍ മത്സരത്തിലെ നാലാം ദിനത്തിലെ രണ്ടാം സെഷനില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 99 റണ്‍സിന് ഓള്‍ ഔട്ട് ആക്കിയിരിക്കുകയാണ് പ്രോട്ടിയാസ്. ഫോളോ ഓണിന് ഇറങ്ങിയ ഓസീസ് നിലവില്‍ 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സാണ് നേടിയത്.

ആദ്യ ഇന്നിങ്‌സില്‍ പ്രോട്ടിയാസിന് വേണ്ടി അഞ്ച് വിക്കറ്റുകള്‍ നേടിയ മാര്‍ക്കോ യാന്‍സനാണ് മിന്നും ബൗളിങ് പ്രകടനം നടത്തിയത്. കഗീസോ റബാദ, വിയാന്‍ മുള്‍ഡര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ അന്റിക്ക് നോര്‍ക്യ ശേഷിച്ച വിക്കറ്റും നേടി.

അതേസമയം കങ്കാരുക്കള്‍ക്ക് വേണ്ടി കുറച്ചെങ്കിലും പൊരുതിയത് സ്റ്റീവ് സ്മിത്താണ്. 88 പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പെടെ 28 റണ്‍സാണ് താരം നേടിയത്.

അതേസമയം ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു സൗത്ത് ആഫ്രിക്ക നല്‍കിയത്. ഓപ്പണര്‍ നിക് മാഡിസണെ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ പൂജ്യത്തില്‍ കുരുക്കിയ കഗീസോ റബാദയിലൂടെയാണ് പ്രോട്ടിയാസ് വിക്കറ്റ് വേട്ട ആരംഭിച്ചത്.

പിന്നീട് നാലാം ദിനത്തില്‍ 14 റണ്‍സ് നേടവെ ട്രാവിസ് ഹെഡ്ഡിനെയും രണ്ട് റണ്‍സ് നേടിയ സ്‌കോട്ട് ബോളണ്ടിനെയും മാര്‍ക്കോ യാന്‍സന്‍ പുറത്താക്കി. അന്റിക്ക് നോര്‍ക്യ 14 റണ്‍സില്‍ മാര്‍നസ് ലബുഷാനേയും പുറത്താക്കിയതോടെ ഓസീസ് സമ്മര്‍ദത്തിലായി. മാറ്റ് റെന്‍ഷോ (12), അലക്‌സ് കാരി (0) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ക്യാപ്റ്റന്‍ കമ്മിന്‍സ് ഉള്‍പ്പെടെ മറ്റാര്‍ക്കും കങ്കാരുപ്പടയ്ക്ക് വേണ്ടി വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ടെംബ ബാവുമയുടെ മിന്നും സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് ഉയര്‍ന്ന സ്‌കോറിലെത്തിയത്. 334 പന്തില്‍ നിന്ന് ഒരു സിക്സും 18 ഫോറും ഉള്‍പ്പെടെ 179 റണ്‍സാണ് താരം നേടിയത്.

Content Highlight: Legend Rickey Ponting Criticize Australian Test Cricket Team For Poor Batting Against South Africa

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more