| Tuesday, 17th November 2026, 3:42 pm

ഐ.പി.എല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസം; ചെന്നൈയ്ക്ക് വേണ്ടി ധോണി ഇനി പുതിയ റോളില്‍!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസം എം.എസ് ധോണി. ധോണി ഇനി ചെന്നൈയുടെ മെന്ററായി പ്രവര്‍ത്തിക്കുമെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഒപ്പമുള്ള ധോണി തന്റെ 18 വര്‍ഷം നീണ്ട ഐ.പി.എല്‍ കരിയറാണ് അവസാനിപ്പിച്ചത്. താരത്തിന്റെ വിരമിക്കല്‍ ആരാധകരെ ഏറെ നിരാശയിലാക്കുമെങ്കിലും ചെന്നൈയുടെ മെന്ററായി ധോണിയെത്തുന്നത് ആരാധകര്‍ക്ക് ആശ്വാസമാകും.

ചെന്നൈ ടീമിനൊപ്പം ധോണി

വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കിടയിലും 2026 ഐ.പി.എല്‍ സീസണില്‍ ചെന്നൈ ധോണിയെ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ കാലിനേറ്റ പരിക്ക് കാരണം 45 കാരന് സീസണ്‍ മുഴുവന്‍ നഷ്ടമായിരുന്നു. 2025ല്‍ ടീമിലുണ്ടായിട്ടും ധോണി കളത്തില്‍ സജീവമായിരുന്നില്ല. 13 ഇന്നിങ്‌സുകളില്‍ നിന്ന് 196 റണ്‍സായിരുന്നു അവസാന സീസണില്‍ ധോണി നേടിയത്. 24.5 ബാറ്റിങ് ശരാശരിയും 135.17 സ്‌ട്രൈക്ക് റേറ്റുമായികരുന്നു താരത്തിനുണ്ടായിരുന്നത്.

എം.എസ് ധോണി

ഇതുവരെയുള്ള ഐ.പി.എല്‍ കരിയറില്‍ 278 മത്സരങ്ങളില്‍ നിന്ന് 5439 റണ്‍സാണ് ധോണി നേടിയത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ചെന്നൈയെ ഉയരങ്ങളിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചു. അഞ്ച് തവണ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂള്‍ 2023ലെ അഞ്ചാം വിജയത്തിനുശേഷം ക്യാപ്റ്റന്‍ സ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് വിട്ടുകൊടുത്തു.

ശേഷം ധോണിയുടെ പിന്‍ഗാമി എന്ന നിലയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണയും ചെന്നൈ ടീമില്‍ എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ വിക്കറ്റ് കീപ്പര്‍ കം ഓപ്പണറായ സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ധോണി ഇനി ടീമിന്റെ മെന്ററായി കളത്തിലെത്തുമ്പോള്‍ ടീമിന് മറ്റൊരു അനുഭവമായിരിക്കും ഉണ്ടാകുക.ധോണിയും സഞ്ജു സാംസണും

എം.എസ്. ധോണിയെപ്പോലുള്ള ഒരു കളിക്കാരന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഉണ്ടാകൂ എന്ന് ഫ്രാഞ്ചൈസിയുടെ ഉടമ രൂപ ഗുരുനാഥ് പറഞ്ഞു.

‘എം.എസ്. ധോണിയെപ്പോലുള്ള ഒരു കളിക്കാരന്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഉണ്ടാകൂ. സി.എസ്.കെയുടെ തുടക്കം മുതല്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നതില്‍ ഞങ്ങള്‍ ഭാഗ്യവാന്മാരും അങ്ങേയറ്റം നന്ദിയുള്ളവരുമാണ്, ഈ ടീമിന്റെ എല്ലാത്തിനും അടിത്തറ പാകിയത് അദ്ദേഹമാണ്,’ ഗുരുനാഥ് പറഞ്ഞു.

Content Highlight: Legend M.S Dhoni announces retirement from the IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more