ന്യൂദല്‍ഹി: രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തെയും വ്യക്തിസ്വാതന്ത്ര്യ സംരക്ഷണത്തിലെ കോടതികളുടെ സമീപനത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത.
ഉമര്‍ ഖാലിദിന്റെ ദീര്‍ഘകാല തടങ്കല്‍, എല്‍ഗാര്‍ പരിഷദ് കേസ്, സോനം വാങ്ചുങിന്റെ തടങ്കല്‍ തുടങ്ങിയ കേസുകളില്‍ നിയമനടപടി തന്നെ ശിക്ഷയായി മാറിയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
‘ദ ട്രിബ്യൂണി’ല്‍ പ്രസിദ്ധീകരിച്ച ‘ദ ട്രൂ മീനിങ് ഓഫ് ഫ്രീഡം’ എന്ന ലേഖനത്തിലാണ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങള്‍.
വിദേശഭരണത്തില്‍നിന്നുള്ള മോചനം മാത്രമല്ല സ്വാതന്ത്ര്യമെന്നും ഭയമില്ലാതെ ചിന്തിക്കാനും സംസാരിക്കാനും വിയോജിപ്പ് പ്രകടിപ്പിക്കാനും ജാതി, മത വ്യത്യാസമില്ലാതെ തുല്യ പരിഗണന ലഭിക്കാനുമുള്ള അവകാശമാണ് യഥാര്‍ഥ സ്വാതന്ത്ര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴിമതി, പക്ഷപാതം, വര്‍ഗീയത, അസഹിഷ്ണുത എന്നിവയില്‍നിന്ന് രാജ്യം മുക്തമാകുമ്പോഴാണ് യഥാര്‍ഥ സ്വാതന്ത്ര്യം സാധ്യമാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ജാമ്യം നിയമവും ജയില്‍ അപവാദവുമാണ് എന്നത് രാജ്യത്തെ നിയമവ്യവസ്ഥയില്‍ അംഗീകരിക്കപ്പെട്ട തത്വമാണെങ്കിലും പ്രായോഗികമായി ‘ജയിലിലാക്കുക, ജാമ്യം നിഷേധിക്കുക’ എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ മാറുന്നത്,’ ഗുപ്ത പറഞ്ഞു.
ജയിലിലുള്ളവരില്‍ വലിയൊരു വിഭാഗവും വിചാരണ പൂര്‍ത്തിയാകാത്ത തടവുകാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുറ്റം തെളിയുന്നതുവരെ നിരപരാധിയെന്ന അടിസ്ഥാനതത്വം നിലനില്‍ക്കുമ്പോഴും ദീര്‍ഘകാലം വിചാരണത്തടവില്‍ കഴിയേണ്ടിവരുന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ പ്രധാന ഉദാഹരണമായി ഉമര്‍ ഖാലിദിന്റെ കേസ് ഗുപ്ത മുന്നോട്ടുവച്ചു. ആറ് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ വിചാരണ പോലും ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്തായി? വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം എന്തായി?’ ഗുപ്ത ലേഖനത്തില്‍ ചോദിച്ചു.
ആരോപണങ്ങള്‍ ഇത്ര ഗുരുതരമാണെങ്കില്‍ വിചാരണ ആരംഭിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ഇതേ തിടുക്കം കാണിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ഉമര്‍ ഖാലിദിനെതിരെ നടന്ന നിയമനടപടികളെക്കുറിച്ചുള്ള തുടര്‍വിധിയില്‍ സുപ്രീം കോടതി തന്നെ നേരത്തെ ഉണ്ടായ വിധിയുടെ സാധുതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.
വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ഭരണഘടനാ കോടതികള്‍ പല ഘട്ടങ്ങളിലും ആവശ്യമായ ഇടപെടല്‍ നടത്തിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Legal proceedings themselves have become the punishment; former Supreme Court judge criticizes Umar Khalid’s detention.