| Saturday, 27th September 2025, 6:32 pm

അനുമതിയില്ലാതെ പാട്ടുകള്‍ ഉപയോഗിച്ചു; ബിഗ് ബോസിനെതിരെ വക്കീല്‍ നോട്ടീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലായി പ്രമുഖ താരങ്ങളാണ് റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്യുന്നത്. മലയാളത്തില്‍ മോഹന്‍ലാല്‍ ആണ് ബിഗ് ബോസ് അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ് ബിഗ് ബോസ്. എന്നാല്‍ മലയാളത്തില്‍ അല്ലെന്ന് മാത്രം. ബിഗ് ബോസ് ഹിന്ദി പതിപ്പിന് വക്കീല്‍ നോട്ടീസ് കിട്ടിയിരിക്കുകയാണ്.

ഹിന്ദിയില്‍ സല്‍മാന്‍ ഖാന്‍ ആണ് ബിഗ് ബോസ് അവതരിപ്പിക്കുന്നത്. മിസ് ഡേ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, 19ാം സീസണില്‍, ബോളിവുഡിലെ രണ്ട് ഗാനങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിച്ചതിന് ഷോയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത് ഗാനങ്ങളുടെ ഉടമസ്ഥാവകാശമുള്ള ഫോണോഗ്രാഫിക്‌സ് ലിമിറ്റഡ് (പി.പി.എല്‍) എന്ന കമ്പനിയാണ്.

അഗ്നീപഥ് എന്ന ചിത്രത്തിലെ ചിക്ക്‌ലി ചമേലി എന്ന പാട്ടും ഗോരി തേരേ പ്യാര്‍ മേം എന്ന ചിത്രത്തിലെ ‘ധട് തേരീ കി’ എന്നീ പാട്ടും അനുമതിയില്ലാതെ ബിഗ് ബോസില്‍ ഉപയോഗിച്ചു എന്നാരോപിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 19ന് അയച്ച നോട്ടീസില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.

സെപ്റ്റംബര്‍ മൂന്നിന് സംപ്രേഷണം ചെയ്ത ബിഗ് ബോസ് 11ാം എപ്പിസോഡിലാണ് ഗാനങ്ങള്‍ ഉപയോഗിച്ചത്.

ഷോയുടെ നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയ്‌ക്കെതിരെയാണ് പി.പി.എല്‍ നിയമനടപടി ആരംഭിച്ചത്.

‘രണ്ട് ഗാനങ്ങളുടെയും ലൈസന്‍സ് സോണി മ്യൂസിക് എന്റര്‍ടെയ്‌മെന്റ്‌സിനാണ്. എന്നാല്‍ പകര്‍പ്പവകാശ നിയമത്തിലെ 30ാം വകുപ്പ് പ്രകാരം എന്‍ഡമോള്‍ ഷൈന്‍ ലൈസന്‍സ് വാങ്ങിയിട്ടല്ല ഗാനങ്ങള്‍ ഉപയോഗിച്ചത്. ഇത് പകര്‍പ്പവകാശ ലംഘനമാണ്’ പി.പി.എല്ലുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് എന്‍ഡമോള്‍ ഷൈനോ ബിഗ് ബോസ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം ജിയോ ഹോട്ട്സ്റ്റാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: Legal notice against Bigg Boss for using songs without permission

We use cookies to give you the best possible experience. Learn more