| Tuesday, 14th October 2025, 7:00 am

ഫലസ്തീനെ അംഗീകരിക്കണം; ഇസ്രഈല്‍ പാര്‍ലമെന്റില്‍ ട്രംപിനെ തടഞ്ഞ് ഇടത് എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇസ്രഈല്‍ നെസറ്റില്‍ (പാര്‍ലമെന്റ്) യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തടഞ്ഞ് ഇടത് എം.പിമാര്‍. ഹദാഷ് എം.പിമാരായ ഓഫര്‍ കസിഫും അയ്മാന്‍ ഓഡെയുമാണ് ട്രംപിനെതിരെ പ്രതിഷേധിച്ചത്.

‘ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇടത് എം.പിമാര്‍ പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധിക്കുകയായിരുന്നു.

അയ്മാന്‍ ഓഡെയാണ് ട്രംപിനെതിരെ ആദ്യം പ്രതിഷേധം ഉയര്‍ത്തിയത്. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന് എഴുതിയ പ്ലക്കാര്‍ഡുമായാണ് അദ്ദേഹം പ്രതിഷേധിച്ചത്. ഇതോടെ നെസറ്റിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചിരുന്ന ട്രംപ് പ്രസംഗം നിര്‍ത്തി.

ഇതിനുപിന്നാലെ അയ്മാനെ സഭയില്‍ നിന്ന് പുറത്താക്കാന്‍ ചെയര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് സഭയ്ക്കുള്ളിലെത്തിയ സുരക്ഷാ ജീവനക്കാര്‍ അയ്മാനെ പിടിച്ചുപുറത്താക്കുന്നതിനിടെയാണ് കസിഫ് പ്രതിഷേധവുമായി എത്തിയത്. ശേഷം കസിഫിനെയും സഭയില്‍ നിന്ന് പുറത്താക്കി.

സംഭവത്തിന് പിന്നാലെ ട്രംപിനെതിരായ പ്രതിഷേധത്തില്‍ ഇടത് എം.പിമാര്‍ പ്രതികരിച്ചു.

‘വളരെ ലളിതമായ ഒരു ആവശ്യം ഉന്നയിക്കാനാണ് ശ്രമിച്ചത്. ഫലസ്തീനെ അംഗീകരിക്കുക… വളരെ ലളിതമായ ആ സത്യത്തെ അംഗീകരിക്കുക,’ അയ്മന്‍ ഓഡേ പറഞ്ഞു.

‘യഥാര്‍ത്ഥ സമാധാനമാണ് ഫലസ്തീനില്‍ ഉണ്ടാകേണ്ടത്. അധിനിവേശവും വര്‍ണവിവേചനവും അവസാനിപ്പിച്ച് ഇസ്രഈലിനൊപ്പം ഒരു ഫലസ്തീന്‍ രാഷ്ട്രവും സ്ഥാപിക്കണം,’ ഓഫര്‍ കസിഫ് വ്യക്തമാക്കി.

അതേസമയം ഗസയിലെ സമാധാന കരാറില്‍ ട്രംപും മധ്യസ്ഥ രാജ്യങ്ങളായ ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ഒപ്പുവെച്ചു. ഈജിപ്തില്‍ നടന്ന ഷാം എല്‍ ഷെയ്ക്ക് ഉച്ചകോടിയില്‍ വെച്ചാണ് കരാറില്‍ ഒപ്പുവെച്ചത്.

ഗസയില്‍ രണ്ടുവര്‍ഷമായി ഇസ്രഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാനായി അന്താരാഷ്ട്ര പിന്തുണ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എസ്-ഈജിപ്ത് പ്രസിഡന്റുമാര്‍ സംയുക്തമായി സമാധാനത്തിനുള്ള ഉച്ചകോടി സംഘടിപ്പിച്ചത്.

ജോര്‍ദാന്‍, യു.കെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍ എന്നീ അന്താരാഷ്ട്ര സംഘടനകളും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സമാധാന ഉച്ചകോടിയില്‍ നിന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിട്ടുനിന്നത് വീണ്ടും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Content Highlight: Left-wing MPs disrupt Trump in Israeli parliament

Latest Stories

We use cookies to give you the best possible experience. Learn more