വാൾട്ടർ ബെഞ്ചമിൻ പറഞ്ഞതുപോലെ ഫാസിസം ആദ്യം ചിന്തയെ കൊല്ലും. പുസ്തകങ്ങൾ കത്തിക്കുന്നത് കേവലമായ ഒരു പ്രതീകാത്മക പ്രവർത്തനമല്ല. അത് നീതിയുടെയും ശാസ്ത്രത്തിന്റെയും ജ്ഞാനത്തിന്റെയും മണ്ഡലത്തിൽ നിന്ന് ചിന്തിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ്. ജർമ്മൻ കവി ഹെയ്ൻറിച്ച് ഹെയ്നെ എഴുതിയതുപോലെ പുസ്തകങ്ങൾ കത്തിക്കുന്നിടത്ത് ഒടുവിൽ മനുഷ്യരെ തന്നെ കത്തിക്കും.
വാൾട്ടർ ബെഞ്ചമിൻ
ജർമ്മനിയിൽ നമ്മൾ അതാണ് കണ്ടത്. ഐൻസ്റ്റീനെയും മാർക്സിനെയുമെല്ലാം ജൂതരും അവരുടെ പുസ്തകങ്ങളെല്ലാം ജൂതശാസ്ത്രവും ജൂതദർശനവുമാണെന്ന് ആരോപിച്ചുകൊണ്ടാണ് നാസികൾ 1933 ൽ ഗീബൽസിന്റെ നേതൃത്വത്തിൽ ലൈബ്രറികൾക്കും പുസ്തകങ്ങൾക്കും നേരെ അക്രമങ്ങൾ അഴിച്ചുവിട്ടത്. പുസ്തകങ്ങൾ കത്തിച്ച അതേ ഇടങ്ങളിലാണ് 12 വർഷത്തിനുശേഷം ഹോളോകോസ്റ്റുകൾ ഉയർന്നത്. ദശലക്ഷക്കണക്കിന് മനുഷ്യരെ വിഷവാതകമടിച്ച് ശ്വസം മുട്ടിച്ച് കൊന്നുകൂട്ടിയത്.
നാസികൾ 1933ൽ പുസ്തങ്ങൾക്ക് തീ ഇടുന്നു
ചരിത്രത്തെയും സംസ്കാരത്തെയും അപനിർമ്മിച്ചുകൊണ്ട് ഇന്ത്യയിൽ ഹിന്ദുത്വ ഫാസിസ്റ്റുകൾ മുസ്ലീം, ദളിത് വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ സാംസ്കാരിക ദേശീയതയിലേക്ക് ഇന്ത്യയുടെ ബഹുസ്വരതയെ ബലംപ്രയോഗിപ്പിച്ച് വിലയിപ്പിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യരുടെ യുക്തിബോധത്തെയും ചിന്താശേഷിയെയും തകർക്കുകയും ചൊദ്യംചെയ്യുകയും ഒരുതരം ബൗദ്ധികവിരോധം പടർത്തുകയുമാണ് ഹിന്ദുത്വവാദികൾ ചെയ്തുകൊണ്ടിരിക്കുന്നത്.
വിജ്ഞാനവിരോധമെന്ന രാഷ്ട്രീയപദ്ധതിയാണ് ഫാസിസത്തിന്റെ കർമ്മപരിപാടിയായിരിക്കുന്നത്. അക്ഷരങ്ങളെയും അറിവിനെയും യുക്തിയെയും ശാസ്ത്രത്തെയും അക്രമിച്ചും ഇല്ലാതാക്കിക്കൊണ്ടുമാണ് ഫാസിസം ചരിത്രത്തിലെല്ലായിടത്തും ആധിപത്യമുറപ്പിച്ചിട്ടുള്ളത്.
ഈയൊരു പശ്ചാത്തലത്തിൽ വേണം ബംഗാളിൽ സുവേന്ദുഅധികാരിയുടെ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടന്നുകൊണ്ടിരിക്കുന്ന പുസ്തകശാലകൾക്കെതിരായ അക്രമങ്ങളെ കാണേണ്ടത്.
സുവേന്ദു അധികാരി
ബംഗാളിൽ നിന്ന് ഇപ്പോൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഭീകരമായ വാർത്തകളാണ്. മുസ്ലീം ചേരികൾക്കും അധിവാസമേഖലകൾക്കും നേരെ തുടർച്ചയായി ബുൾഡോസറുകൾ ഉരുണ്ടുകൊണ്ടിരിക്കുന്ന ബംഗാളിൽ പുസ്തകങ്ങളും പുസ്തകശാലകളും അഗ്നിക്കിരയാക്കപ്പെടുകയാണ്. ഏറ്റവുമൊടുവിൽ എസ്.എഫ്.ഐ കൊൽക്കത്ത യൂണിവേഴ്സിറ്റി കോളേജ് സ്ട്രീറ്റിൽ സംഘടിപ്പിച്ച പുസ്തകശാലയ്ക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ഒക്ടോബർ വിപ്ലവത്തിന്റെ വാർഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗ്രാമി ബോയ്പത്ര എന്ന പുസ്തകശാലയ്ക്കുനേരെയാണ് എ.ബി.വി.പി-ബി.ജെ.പി പ്രവർത്തകർക്കുപുറമെ പോലീസിന്റെയും ആക്രമണമുണ്ടായത്.
കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ എസ്.എഫ്.ഐ നടത്തുന്ന പുസ്തക പ്രദർശനം
ബുക്ക്സ്റ്റാളുകൾക്കുനേരെ എ.ബി.വി.പി-ബി.ജെ.പി പ്രവർത്തകർ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യൂണിവേഴ്സിറ്റി സ്ട്രീറ്റിൽ നടത്തുന്ന പുസ്തകശാലയ്ക്കുനേരെ ആക്രമണം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ലാൽബസാർ പോലീസ് സ്റ്റേഷനിൽ എസ്.എഫ്.ഐ പ്രവർത്തകർ ആവശ്യമായ സംരക്ഷണമാവശ്യപ്പെട്ട് പെറ്റീഷൻ നൽകിയത്. പോലീസിന് മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടും എ.ബി.വി.പി-ബി.ജെ.പി പ്രവർത്തകരെ തടയാനുള്ള ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്ന് മാത്രമല്ല പുസ്തകശാല തടയാനായി വൻപോലീസ് സന്നാഹത്തെയും പ്രിസൺവാനുകളെയും യൂണിവേഴ്സിറ്റി സ്ട്രീറ്റിൽ വിന്യസിക്കുകയാണ് ചെയ്തത്. എസ്.എഫ്.ഐ നേതാക്കളെ അറസ്റ്റുചെയ്യുകയും ചെയ്തു.
ദുർഗാപൂജ മഹോത്സവത്തിന്റെ ഭാഗമായി സി.പി.ഐ.എം ഉൾപ്പെടെയുള്ള വിവിധ കമ്യൂണിസ്റ്റ് പാർടികൾ കാലാകാലങ്ങളിലായി ബംഗാളിൽ നടത്തിവരുന്ന ബുക്ക്സ്റ്റാളുകൾക്കുനേരെ ഈ വർഷം ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിട്ടിരുന്നു. അക്ഷരങ്ങളെയും പുസ്തകങ്ങളെയും എന്നും ഫാസിസ്റ്റുകൾക്ക് ഭയമാണ്.
ഹിറ്റ്ലറുടെയും നാസിസത്തിന്റെയും ഇന്ത്യൻ സന്തതികൾ അറിവിനെയും പുസ്തകങ്ങളെയും ഭയപ്പെടുന്നവരാണ്. 1933 മെയ് 10-ന് രാത്രിയിൽ, ഹിറ്റ്ലർ അധികാരത്തിലേറിയതിന്റെ നൂറാം ദിവസം ബർലിൻ സർവ്വകലാശാലയ്ക്കുമുന്നിലെ ഓപേൺപ്ലാറ്റ്സിൽ ഓടിക്കൂടിയ നാൽപതിനായിരത്തോളം വരുന്ന നാസികൾ യൂണിവേഴ്സിറ്റി ലൈബ്രറിയിലെ 25,000 ലേറെ പുസ്തകങ്ങൾ കൂട്ടിയിട്ട് തീകൊടുക്കുകയായിരുന്നു.
ഈ പുസ്തകവേട്ടയെയും പ്രാകൃതമായ ജ്ഞാനവിരുദ്ധതയെയും ന്യായീകരിച്ചുകൊണ്ട് ഗീബൽസ് അന്ന് പറഞ്ഞത് ഇത് ജർമ്മൻ ആത്മാവിനെ ശുദ്ധീകരിക്കാനുള്ള മഹാദൗത്യമെന്നായിരുന്നു. ഇതേസമയത്ത് ഇതേപോലെ ജർമ്മനിയിലെ 34 ഓളം നഗരങ്ങളിൽ വിജ്ഞാനവിരോധികളായ നാസികൾ പുസ്തകങ്ങൾ കൂട്ടിയിട്ട് അഗ്നിക്കിരയാക്കുകയായിരുന്നു. മാർക്സിസ്റ്റ് പുസ്തകങ്ങൾ മാത്രമല്ല ഐൻസ്റ്റീന്റെയും ഫ്രോയ്ഡിന്റെയും കാഫ്കയുടെയും തുടങ്ങി വിശ്വപ്രസിദ്ധരായ ശാസ്ത്രജ്ഞരുടെയും സാഹിത്യകാരന്മാരുടെയും പുസ്തകങ്ങൾ കത്തിച്ചുകളഞ്ഞു.
മാർക്സിന്റെയും എംഗൽസിന്റെയും ലെനിന്റെയും റോക്സാലക്സംബർഗിന്റെയും കൃതികൾ തെരഞ്ഞുപിടിച്ച് തീയിലിട്ടു. സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും കൃതികൾ മാത്രമല്ല മാഗ്നസ് ഹിസ്ഫെൽഡിന്റെ ലൈംഗികശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് തല്ലിതകർക്കുകയും പുസ്തകങ്ങൾ കത്തിക്കുകയും ചെയ്തു.
ജർമ്മനിയിൽ നാസികളെന്ന പോലെ ഇവിടെ ആർ.എസ്.എസും ബി.ജെ.പിയും ആര്യവംശ മതാധികാരം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നവരാണ്. നീത്ഷെയുടെ ലോകം ശ്രേഷ്ഠവംശങ്ങൾക്കും ബലവാൻമാർക്കും അവകാശപ്പെട്ടതാണെന്ന അത്യന്തം അപകടകരവും ജനാധിപത്യവിരുദ്ധവുമായ പ്രത്യയശാസ്ത്രമാണ് നാസികളെപോലെ ആർ.എസ്.എസിന്റേതും. ലോകത്തെല്ലായിടത്തും മതരാഷ്ട്രവാദികൾ ആധുനികതയുടെയും ജനാധിപത്യത്തിന്റേതുമായ എല്ലാവിധ ജ്ഞാനപദ്ധതികളെയും ചരിത്രദർശനങ്ങളെയും നിരാകരിക്കുന്നവരാണ്.
മാനവികതക്കെതിരായ വംശമഹിമയുടെയും ഭൂതകാലാരാധനയുടെയും ഫാസിസ്റ്റ് രാഷ്ട്രീയത്തെയാണ് ഹിന്ദുത്വവാദികൾ നാസികളെപോലെ പിന്തുടരുന്നത്. ചരിത്രത്തിന്റെയും ഇതിഹാസങ്ങളുടെയും ദുർവ്യാഖ്യാനങ്ങളിലൂടെ ഭൂതകാലത്തിന്റെ, അവർ മഹത്തെന്ന് കരുതുന്ന വ്യവസ്ഥയെ പുനരാനയിക്കാനുള്ള മിഥ്യാപൂർണമായ ശ്രമങ്ങളാണവരുടെ രാഷ്ട്രീയം.
അതായത് താന്താങ്ങളുടെ വംശവും മതവും അവകാശപ്പെടുന്ന ഭൂതകാലത്തിന്റെ പുനഃസ്ഥാപനത്തിനുവേണ്ടിയുള്ള പുണ്യയുദ്ധങ്ങളുടെ ചോരക്കളം സൃഷ്ടിക്കാനുള്ള അപരവിദേ്വഷത്തിന്റെയും വിഭജനത്തിന്റെയും പ്രത്യയശാസ്ത്രമാണ് ഫാസിസ്റ്റുകളുടേത്. ഇന്ത്യയിൽ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ വേദസംസ്കൃതിയെയും മനുസ്മൃതിയെയും കൊണ്ടാടുന്നവരാണ് ആർ.എസ്.എസുകാർ.
ആർ.എസ്.എസ്
അവരെ സംബന്ധിച്ചിടത്തോളം അറിവും പാരമ്പര്യവുമെന്നത് ‘ഭാരത ധാർമ്മിക-സാംസ്കാരിക മൂല്യങ്ങളിൽ വേരുന്നിയ ജ്ഞാനവ്യവസ്ഥ’യെന്ന് അവർ പരിചയപ്പെടുത്തുന്നത് ശുദ്ധാശുദ്ധങ്ങളുടേതായ ധർമ്മശാസ്ത്രങ്ങളെയാണ്. അത് വർണാശ്രമ ധർമ്മങ്ങളിലധിഷ്ഠിതമായ സനാതനധർമ്മമെന്ന് ഹിന്ദുത്വവാദികൾ ഉദ്ഘോഷിക്കുന്ന മനുഷ്യത്വരഹിതമായ ജ്ഞാനവ്യവസ്ഥയാണ്.
ത്രൈവർണ്ണികർക്ക് താഴെയുള്ള എല്ലാവർക്കും അറിവും വിഭവങ്ങളും അധികാരവും നിഷേധിക്കുന്ന വർണാശ്രമ വ്യവസ്ഥയിലധിഷ്ഠിതമായ ജ്ഞാനസമ്പ്രദായങ്ങളെ വെല്ലുവിളിക്കുന്ന എല്ലാ അറിവുകളെയും പുസ്തകങ്ങളെയും അവർക്ക് ഭയമാണ്. മനുഷ്യർക്കിടയിൽ സമത്വവും സാഹോദര്യവും പുലരണമെന്ന് കൽപിക്കുന്ന ബുദ്ധൻതൊട്ടുള്ള എല്ലാ ധർമ്മസംഹിതകളും തത്വശാസ്ത്രങ്ങളും അവർക്ക് സഹിക്കാനാവുന്നതല്ല.
യുക്തിപരതയും ശാസ്ത്രബോധവും എല്ലാവരെയും ഉൾക്കൊള്ളുന്ന ആധുനികതയും പ്രതിപാദ്യമാവുന്ന എല്ലാ പുസ്തകങ്ങളെയും അവർക്ക് അംഗീകരിക്കാനാവുന്നതല്ല. അതുകൊണ്ട് ജർമ്മനിയിലെ നാസികളെപോലെ ഇന്ത്യയിലെ ഹിന്ദുത്വവാദികൾ പുസ്തകങ്ങൾക്ക് തീകൊടുത്തുകൊണ്ടിരിക്കുന്നു. ആശയങ്ങളെ ആശയംകൊണ്ട് നേരിടാനാവാത്ത എല്ലാ ഫാസിസ്റ്റുകളും ഒന്നാലോചിച്ചാൽ ഭീരുക്കൾ മാത്രമാണ്.
പ്രജ്ഞയുടെയും കരുണയുടെയും ആശയങ്ങളെ ഇല്ലാതാക്കുന്ന വൈദികബ്രാഹ്മണ്യാധികാരത്തെ ചോദ്യംചെയ്യുന്ന എല്ലാ ചിന്താസരണികളെയും അവർ ഭയപ്പെടുന്നു. സാധാരണക്കാർ വായിക്കുന്നതും അറിവ് നേടുന്നതും വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണമെന്ന് കൽപ്പിക്കുന്ന മനുസ്മൃതിയുടെ വക്താക്കൾക്ക് സഹിക്കാവുന്നതല്ലല്ലോ.
content highlight : Left wing leader K.T. Kunjikannan analyzes the Hindutva attack on a book stall organized by the SFI at College Street, Kolkata, as part of the October Revolution commemorations by drawing a parallel to the 1933 incident in which the Nazis specifically targeted and set fire to the works of Marx, Engels, Lenin, and Rosa Luxemburg