| Friday, 28th August 2026, 12:48 pm

വലതുപക്ഷ പ്രചാരണം ആവർത്തിക്കുന്ന മുകുന്ദേട്ടൻ

കെ.ടി. കുഞ്ഞിക്കണ്ണന്‍

കഴിഞ്ഞ ജൂണിൽ തലശ്ശേരിയിൽ നടന്ന ഐ.വി ദാസിന്റെ ലോകമെന്ന സെമിനാറിൽ മുകുന്ദേട്ടൻ ബ്രസീലിയൻ ജനതക്ക് ഫുട്ബോളിനോടുള്ള പ്രണയവും മലയാളികൾക്ക് ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യവും വിശദീകരിച്ചു കൊണ്ട്, വേൾഡ്കപ്പിൽ ബ്രസീലിന്റെ പരാജയവും നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ പരാജയവും കാണികളിൽ നിന്നും ജനങ്ങളിൽ നിന്നും അകന്നുപോയതിന്റെ ഫലമായിരുന്നുവെന്ന സങ്കടവും വിമർശനവും പങ്കിട്ടിരുന്നു.

എം. മുകുന്ദൻ

സമ്പത്തിന്റെയും ആഢംബരജീവിതത്തിന്റെയും സൗഭാഗ്യങ്ങളിൽ വിരാജിക്കുന്നവരുടെ അനിവാര്യമായ ദുരന്തമെന്ന നിലയിലാണ് മുകുന്ദേട്ടൻ കളിയിലെ നെയ്മറുടെ തോൽവിയെയും തെരഞ്ഞെടുപ്പിലെ തോൽവിയെയും സംബന്ധിച്ച വിമർശനവും ഖേദവും ആ വേദിയിൽ പങ്കുവെച്ചത്.

എന്നും ഇടതുപക്ഷത്തോടൊപ്പം സഞ്ചരിച്ചിട്ടുള്ള മുകുന്ദേട്ടനെ പോലുള്ള ഒരു എഴുത്തുകാരന്റെ വിമർശനം അതിന്റെ ശരിയായ അർത്ഥത്തിൽ തന്നെ ഉൾക്കൊള്ളണമെന്നും വലതുപക്ഷത്തിന്റ കമ്യൂണിസ്റ്റ് വിരുദ്ധ പ്രൊപ്പഗണ്ടയിൽ നിന്നും വ്യത്യസ്തമാണതെന്നുമാണ് വേദിയിലുണ്ടായിരുന്ന ഞാനുൾപ്പെടെയുള്ളവർ കണ്ടത്.

മലയാളികളുട ഭാവുകത്വത്തെയും ജീവിതത്തെയും സ്വാധീനിച്ച മുകുന്ദേട്ടനെ പോലുള്ള എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും വിമർശനങ്ങളോട് തുറന്ന സമീപനം തന്നെയാണ് വേണ്ടത്.. എന്നാലിപ്പോൾ വീക്ഷണം ഓണം സപ്ലിമെന്റിൽ അദ്ദേഹം വലതുപക്ഷ മാധ്യമങ്ങളും ആർ.എസ്.എസ് കോൺഗ്രസ് നേതാക്കളും സ്ഥിരമായി ആവർത്തിച്ചു കൊണ്ടിരിക്കുന്ന യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത ആരോപണം ഏറ്റെടുത്ത് സ്വന്തം മേൽവിലാസത്തിൽ തട്ടി വിട്ടിരിക്കുകയാണ്.

സി.പി.ഐ.എം സമ്പത്ത് കൂടിയ പാർട്ടിയാണെന്നൊക്കെയുള്ള പ്രചാരണം കുറെക്കാലമായി വലതുപക്ഷം നടത്തി കൊണ്ടിരിക്കുന്നുണ്ട്. അടിസ്ഥാനമില്ലാത്ത വലതുപക്ഷത്തിന്റെ പ്രചാരണത്തിൽ അദ്ദേഹവും വീണു പോയോ ? ഖേദകരമെന്നേ പറയാനുള്ളൂ. വീക്ഷണം കോൺഗ്രസിന്റെ മുഖപത്രമാണെന്നും കോൺഗ്രസ്, ബി.ജെ.പി കഴിഞ്ഞാൽ ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ ഒഴുക്കി കൊടുക്കുന്ന പണകൊഴുപ്പിൽ പ്രവർത്തിക്കുന്ന പാർട്ടിയുമാണെന്ന കാര്യം മുകുന്ദേട്ടൻ ഓർക്കാതെ പോയോ?

കോർപ്പറേറ്റ് ഫണ്ടിംഗ് നിയമ വിധേയമാക്കാനായി ബി.ജെ.പി സർക്കാർ കൊണ്ടു വന്ന ഇലക്ട്രറൽ ബോണ്ട് നിയമത്തെ പിന്തുണച്ചവരും അതനുസരിച്ച്
കോർപ്പറേറ്റുകളിൽ നിന്നും ശതകോടികൾ പറ്റുന്നവരുമാണ് കോൺഗ്രസ് പാർട്ടിക്കാർ.

സി.പി.ഐ.എം കോർപ്പറേറ്റുകളുടെ ഇലക്ട്രറൽ ബോണ്ട് സ്വീകരിക്കാത്ത പാർട്ടിയാണ്. മറ്റ് ഇടതുപക്ഷ പാർട്ടികളും അങ്ങനെ തന്നെ. രാഷ്ട്രീയത്തിലെ അഴിമതിവൽക്കരണത്തിനെതിരായ പോരാടുന്ന പാർട്ടികളാണ് ഇടതുപാർട്ടികൾ,
ഇലക്ട്രറൽ ബോണ്ടിനെതിരെ കോടതിയിൽ പോയതും നിയമപോരാട്ടം നടത്തിയതും
സീതാറാം യെച്ചൂരിയായിരുന്നു, ഇതൊന്നും അറിയാത്ത ആളല്ലല്ലോ മുകുന്ദേട്ടൻ?

സീതാറാം യെച്ചൂരി

സി.പി.ഐ.എം പ്രവർത്തിക്കുന്നത് തിന്റെ അംഗങ്ങളിൽ നിന്നും ലഭിക്കുന്ന ലെവിയിൽ നിന്നും ജനങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന ഫണ്ടിൽ നിന്നുമുള്ള വരുമാനത്തിൽ നിന്നുമാണ്. അതെല്ലാം കൃത്യമായ ഓഡിറ്റിംഗിന് വിധേയവുമാണ്.

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

Latest Stories

We use cookies to give you the best possible experience. Learn more